രാജസ്ഥാൻ റോയൽസിന്റെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഉഗ്രൻ തുടക്കം തന്നെയായിരുന്നു ഹൈദരാബാദിന് ലഭിച്ചത്. ബാറ്റിംഗിൽ മികച്ച രീതിയിൽ മുന്നേറാൻ ഹൈദരാബാദിന് സാധിച്ചിരുന്നു. ശേഷം വമ്പൻ ക്യാപ്റ്റൻസിയിലൂടെ സഞ്ജു ഹൈദരാബാദിനെ പിടിച്ചു കെട്ടുകയാണ് ഉണ്ടായത്.
ചെപ്പോക്കിൽ കാണാൻ സാധിച്ചത് സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവ് തന്നെയായിരുന്നു. കൂറ്റൻ സ്കോറിലേക്ക് കുതിച്ച ഹൈദരാബാദിനെ തീർത്തും പൂട്ടിക്കെട്ടാൻ സഞ്ജുവിന് സാധിച്ചു. ആദ്യ 8 ഓവറുകളിൽ പൂർണ്ണമായും കളിമറന്ന റോയൽസ് പിന്നീട് മികച്ച ബോളിംഗ് പ്രകടനവുമായി തിരികെ വരുകയാണ് ഉണ്ടായത്. ഇതിൽ പ്രധാന പങ്കുവഹിച്ചത് സഞ്ജുവാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.
മുൻനിരയിലെ മൂന്നു വിക്കറ്റുകൾ നഷ്ടമായെങ്കിലും ആദ്യ 8 ഓവറുകളിൽ വമ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ ഹൈദരാബാദിന് സാധിച്ചിരുന്നു. 8 ഓവറുകളിൽ 92 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. എന്നാൽ പിന്നീട് സഞ്ജുവിന്റെ അതിവിദഗ്ധമായ നായകത്വ മികവിലൂടെ ഹൈദരാബാദിനെ രാജസ്ഥാൻ പിടിച്ചു കെട്ടുകയായിരുന്നു.
അടുത്ത 5 ഓവറുകളിൽ ബോളിംഗ് റൊട്ടേഷനുകളും ഫീൽഡ് പ്ലേസ്മെന്റ്മൊക്കെയായി സഞ്ജു തിളങ്ങുന്നതാണ് കണ്ടത്. 8 ഓവറുകളിൽ 92 റൺസ് നേടിയ ഹൈദരാബാദിന് അടുത്ത 5 ഓവറുകളിൽ നേടാൻ സാധിച്ചത് കേവലം 24 റൺസ് മാത്രമാണ്. മാത്രമല്ല നിർണായകമായ 3 വിക്കറ്റുകളും ഹൈദരാബാദിന് നഷ്ടമായി.
എട്ടാം ഓവറിൽ സ്പിന്നർ ചാഹലിനെതിരെ ഒരു വെടിക്കെട്ട് സിക്സർ പായിക്കാൻ ഹൈദരാബാദ് ബാറ്റർ ക്ലാസന് സാധിച്ചിരുന്നു. ഇതിന് ശേഷമാണ് രാജസ്ഥാൻ പിടിമുറുക്കിയത്. പിന്നീട് ഒരു വമ്പൻ ഷോട്ട് പിറന്നത് പതിമൂന്നാം ഓവറിൽ ആയിരുന്നു. അതും ഒരു സിക്സർ ആയിരുന്നു.
പക്ഷേ 8 മുതൽ 13 വരെയുള്ള ഓവറുകളിൽ രാജസ്ഥാൻ ടീമിന്റെ ശക്തമായ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്. ഇത് മത്സരത്തിൽ രാജസ്ഥാനെ വലിയ രീതിയിൽ സഹായിക്കുകയും ചെയ്തു. കേവലം 175 റൺസിന് ഹൈദരാബാദിനെ പിടിച്ചുകെട്ടിയതിൽ പ്രധാനമായത് മധ്യ ഓവറുകളിലെ ഈ മികച്ച ക്യാപ്റ്റൻസി തന്നെയാണ്.
മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് മികച്ച തുടക്കം ആയിരുന്നില്ല ലഭിച്ചത്. പതിവുപോലെ ഹൈദരാബാദ് ആക്രമിച്ചാണ് തുടങ്ങിയത്. 15 പന്തുകളിൽ 37 റൺസ് നേടിയ ത്രിപാതിയാണ് ആക്രമണത്തിന് ആദ്യം നേതൃത്വം നൽകിയത്. പിന്നീട് മധ്യ ഓവറുകളിൽ ക്ലാസനായിരുന്നു മികവ് പുലർത്തിയത്. 34 പന്തുകളിൽ 5 സിക്സറുകറുകളടക്കം 50 റൺസാണ് ക്ലാസൻ നേടിയത്. ഇതോടെയാണ് ഹൈദരാബാദ് 175 എന്ന സ്കോറില്‍ എത്തിയത് മറുവശത്ത് രാജസ്ഥാനായി ബോൾട്ടും ആവേഷ് ഖാനും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കിയിരുന്നു.