ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ പരാജയം ഏറ്റുവാങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്. ഒരുപക്ഷേ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന സീസണായി മാറാൻ എല്ലാ സാധ്യതയും ഈ സീസണിനുണ്ട്. എന്നിരുന്നാലും നിരാശാജനകമായ പരാജയമായിരുന്നു ചെന്നൈയ്ക്ക് മത്സരത്തിൽ നേരിടേണ്ടിവന്നത്.
മത്സര ശേഷം മഹേന്ദ്രസിംഗ് ധോണി ബാംഗ്ലൂർ താരങ്ങൾക്ക് ഹസ്തദാനം നൽകാനും തയ്യാറായില്ല എന്നതും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയിട്ടുണ്ട്. മത്സരത്തിൽ വിജയം സ്വന്തമാക്കിയതിന് ശേഷം കോഹ്ലി അടക്കമുള്ള ബാംഗ്ലൂർ ടീം അംഗങ്ങൾ വലിയ രീതിയിലുള്ള ആഘോഷം മൈതാനത്ത് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ചെന്നൈ താരങ്ങൾ ബാംഗ്ലൂർ താരങ്ങൾക്ക് ഹസ്‌തദാനം നൽകാൻ തയ്യാറായി വരിവരിയായി നിന്നത്.
ഈ സമയത്ത് ബാംഗ്ലൂരിന്റെ താരങ്ങൾ വലിയ രീതിയിലുള്ള ആഘോഷങ്ങളിൽ ഏർപ്പെട്ടു. കുറച്ചധികം സമയം മഹേന്ദ്രസിംഗ് ധോണി അടക്കമുള്ള താരങ്ങൾ മൈതാനത്തിന്റെ ഒരുവശത്ത് ഹസ്തദാനം നൽകാനായി കാത്തിരുന്നു. പക്ഷേ ബാംഗ്ലൂർ താരങ്ങൾ ഇതിന് തയ്യാറാവാതിരുന്ന സാഹചര്യത്തിൽ മഹേന്ദ്രസിംഗ് ധോണി നടന്നകലുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയിരിക്കുന്നത്.
ഇത്തരത്തിലല്ല ധോണിയെ പോലെ ഒരു ഇതിഹാസ താരത്തിനോട് ബാംഗ്ലൂർ താരങ്ങൾ പെരുമാറേണ്ടത് എന്ന് ഇതിനോടകം തന്നെ പല മുൻ താരങ്ങളും രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ മറ്റു ശാരീരിക പ്രശ്നങ്ങൾ മൂലമാണ് മഹേന്ദ്ര സിംഗ് ധോണി ഹസ്തദാനം നൽകാതെ മൈതാനം വിട്ടത് എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ബാംഗ്ലൂരിന്റെ ഈ പെരുമാറ്റത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. മത്സരത്തിന് ശേഷം ഉടൻ തന്നെ മഹേന്ദ്ര സിംഗ് ധോണിക്ക് ബാംഗ്ലൂർ താരങ്ങൾ ഹസ്തദാനം നൽകാതിരുന്നത് വലിയ തെറ്റാണ് എന്ന് വോൺ പറയുകയുണ്ടായി.
“ഒരുപക്ഷേ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന മത്സരമാണ് നടന്നതെങ്കിലോ. ബാംഗ്ലൂർ താരങ്ങൾ ചെയ്തത് ഒട്ടും തന്നെ ശരിയായില്ല. അവർ കൃത്യമായി സാഹചര്യം മനസ്സിലാക്കി പെരുമാറേണ്ടിയിരുന്നു. ഇത്തരം കാര്യങ്ങൾക്ക് ശേഷം തങ്ങളുടെ ആഘോഷത്തിലേക്ക് പോകുന്നതായിരുന്നു കുറച്ചുകൂടി നല്ലത്. ഇത്ര വലിയ സന്തോഷം നടക്കുമ്പോഴും ‘നമ്മുടെ ഇതിഹാസ താരത്തിന്റെ കരിയർ അവസാനിക്കുകയാണ്, അദ്ദേഹത്തിന്റെ അടുത്തുചെന്ന് ഹസ്ദാനം നൽകാം’ എന്നൊരു കാര്യം ബാംഗ്ലൂർ താരങ്ങൾ ഓർക്കണമായിരുന്നു.”- മൈക്കിൾ വോൺ പറഞ്ഞു.
“നിങ്ങൾക്ക് അദ്ദേഹത്തിന് ഒരു ഹസ്തദാനം നൽകാം. അതിനുശേഷം നിങ്ങളുടെ ആഘോഷവും മറ്റും തുടർന്നോളൂ. ഒരുപക്ഷേ അടുത്ത ദിവസം ഒരു ബാംഗ്ലൂർ താരം എഴുന്നേൽക്കുമ്പോൾ മഹേന്ദ്രസിംഗ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു എന്ന വാർത്തയാണ് കേൾക്കുന്നതെങ്കിലോ. കൃത്യമായി തന്നെ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഹസ്തദാനം നൽകാനുള്ള മര്യാദ ബാംഗ്ലൂർ താരങ്ങൾ കാട്ടേണ്ടിയിരുന്നു.”- മൈക്കിൾ വോൺ കൂട്ടിച്ചേർക്കുകയുണ്ടായി. എന്നാൽ ഈ സംഭവത്തെപറ്റി മഹേന്ദ്ര സിംഗ് ധോണിയോ ബാംഗ്ലൂർ ടീം അംഗങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.