ബുമ്രയുടെ അഭാവം ബംഗ്ലാദേശ് ടീം മുതലെടുക്കണം. ഇന്ത്യയെ തോൽപ്പിക്കാൻ വഴി നിർദ്ദേശിച്ച് മുൻ താരം.

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത് ബംഗ്ലാദേശിനെതിരെയാണ്. മത്സരത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്രയുടെ അഭാവം ബംഗ്ലാദേശ് ടീമിന് മുൻതൂക്കം നൽകുമെന്നാണ് ഇപ്പോൾ മുൻ ബംഗ്ലാദേശ് ഓപ്പണറായ ഇമ്രുൾ കയസ് പറഞ്ഞിരിക്കുന്നത്.

ബുമ്രയുടെ അഭാവം തന്റെ രാജ്യത്തിന് കൂടുതൽ മുൻതൂക്കം നൽകുമെന്നും ഇന്ത്യൻ ബോളിംഗ് യൂണിറ്റിനെ സംബന്ധിച്ച് ഇതൊരു വലിയ വെല്ലുവിളിയാകുമെന്നും കയസ് പറയുകയുണ്ടായി. നിലവിൽ ബംഗ്ലാദേശിനെതിരെ ഏകദിനങ്ങളിൽ പൂർണമായ ആധിപത്യം സ്ഥാപിച്ചിട്ടുള്ള ടീമുകളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ ഇത്തവണ ബംഗ്ലാദേശ് തിരിച്ചടിക്കും എന്നാണ് കയസ് വിശ്വസിക്കുന്നത്.

“ഇന്ത്യ ഒരു ശക്തമായ ടീമാണ് എന്ന കാര്യത്തിൽ സംശയമില്ല. മികച്ച ബോളിംഗ് അറ്റാക്കും മികച്ച ബാറ്റിംഗ് ലൈനപ്പുമാണ് ഇന്ത്യയുടെ ഈ ടൂർണമെന്റിലെയും ശക്തി. പക്ഷേ അവരുടെ വജ്രായുധമായ ജസ്പ്രീറ്റ് ബൂമ്ര സ്ക്വാഡിൽ ഇല്ല. കഴിഞ്ഞ 2 വർഷം ഇന്ത്യൻ ക്രിക്കറ്റിനായി തനിക്ക് സാധിക്കുന്നതൊക്കെയും വളരെ മികച്ച രീതിയിൽ ചെയ്ത താരമാണ് ബൂമ്ര. അതുകൊണ്ടുതന്നെ ബുമ്രയുടെ അഭാവം ഇന്ത്യയെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബാധിക്കും. അത് മുതലാക്കാൻ ബംഗ്ലാദേശിന് വലിയ സാധ്യതയാണ് നിലവിലുള്ളത്.”- കയസ് പറഞ്ഞു.

ബുമ്രയുടെ അഭാവത്തിൽ ഇന്ത്യയുടെ പേസ് നിരയ്ക്ക് നേതൃത്വം നൽകുന്നത് മുഹമ്മദ് ഷാമിയാണ്. ഒപ്പം ഹർഷിത് റാണയും അർഷദീപ് സിംഗും ഇന്ത്യൻ പേസ് നിരയിൽ അണിനിരക്കുന്നുണ്ട്. “മുഹമ്മദ് ഷാമിയെ ടീമിൽ ഉൾപ്പെടുത്തിയത് വലിയൊരു മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരുപക്ഷേ ഫിറ്റ്നസിന്റെ കാര്യത്തിൽ ചില പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഷാമി കടന്നുപോകുന്നത്. എന്നാൽ അവന് ടൂർണമെന്റിൽ തന്റെ താളം കണ്ടെത്താൻ സാധിച്ചാൽ ബംഗ്ലാദേശിന് അവൻ വലിയ ഭീഷണി സൃഷ്ടിക്കും.”- കയസ് കൂട്ടിച്ചേർത്തു.

അതേസമയം ബംഗ്ലാദേശ് ടീം, ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന്റെ അഭാവത്തിലാണ് മൈതാനത്ത് ഇറങ്ങുന്നത്. “ബംഗ്ലാദേശ് എന്തായാലും ഷാക്കിബിന്റെ അഭാവം നന്നായി അറിയും. കാരണം അവൻ ഒരു മികച്ച താരമായിരുന്നു. എല്ലാ മത്സരങ്ങളിലും കൃത്യമായി ഇമ്പാക്ട് ഉണ്ടാക്കാൻ അവന് സാധിക്കുമായിരുന്നു. നിലവിൽ ബംഗ്ലാദേശ് കുറച്ച്  പ്രതിസന്ധിയിലാണ് ഷാക്കിബ് ഇല്ലാത്തതിനാൽ തന്നെ ബംഗ്ലാദേശ് അധികമായി ഒരു സ്പിന്നറെ ടീമിൽ ഉൾപ്പെടുത്തണം. അതൊരു വലിയ പ്രശ്നമാണ്. ലിറ്റൻ ദാസിന്റെ ഫോമിനെ സംബന്ധിച്ചും പ്രതിസന്ധികൾ നിൽക്കുന്നു.”- കയസ് പറഞ്ഞു വയ്ക്കുന്നു.

Previous article“ബുമ്ര ഇല്ലെങ്കിലും ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടും”- മുൻ ഓസ്ട്രേലിയൻ നായകൻ പറയുന്നു..