“ബുമ്രയല്ല, ഞാൻ ഏറ്റവും ഭയക്കുന്നത് ആ ബോളറെയാണ്.. അവൻ ലൂസ് ബോളുകൾ എറിയില്ല “- ബാബർ ആസം പറയുന്നു..

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് പാകിസ്ഥാൻ നായകൻ ബാബർ ആസാം. വളരെ കാലത്തിന് ശേഷമാണ് പാകിസ്ഥാന് ബാബർ ആസാമിന്റെ ലെവലിലുള്ള ഒരു ബാറ്ററെ ലഭിച്ചത്. പലപ്പോഴും ആസാമിനെ വിരാട് കോഹ്ലിയെ പോലെയുള്ള താരങ്ങളുമായാണ് ആരാധകർ പോലും താരതമ്യം ചെയ്യുന്നത്.

തന്റെ കരിയർ ആരംഭിച്ച് കുറച്ച് കാലങ്ങൾക്കുള്ളിൽ തന്നെ പാക്കിസ്ഥാൻ ടീമിന്റെ മുഖമായി മാറാൻ ബാബർ ആസമിന് സാധിച്ചിരുന്നു. തങ്ങളുടെ ഹോം മൈതാനത്തും വിദേശ മൈതാനത്തും ഒരേപോലെ തകർപ്പൻ റെക്കോർഡുകൾ സ്ഥാപിക്കാൻ ആസമിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരിട്ടതിൽ ഏറ്റവും പ്രയാസമുള്ള ബോളർ ആരായിരുന്നു എന്നാണ് ആസാം വ്യക്തമാക്കിയിരിക്കുന്നത്.

മുൻ പാക് താരം റമീസ് രാജയുമായി നടത്തിയ അഭിമുഖത്തിലാണ് ബാബർ ആസം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ജസ്പ്രീത് ബൂമ്ര അടക്കമുള്ള അപകടകാരികളായ ബോളർമാർ നിലവിലുണ്ടെങ്കിലും താൻ ഏറ്റവുമധികം ഭയക്കുന്നത് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെയാണ് എന്ന് ആസാം പറയുകയുണ്ടായി.

കമ്മിൻസ് മത്സരത്തിന്റെ ഒരു ഭാഗത്തും മോശം പന്തുകൾ എറിയാറില്ല എന്നാണ് ആസാം പറയുന്നത്. നേരിടുന്ന ബാറ്റർമാരുടെ ദൗർബല്യവും കരുത്തും വ്യക്തമായി അറിയാവുന്ന ബോളറാണ് കമ്മിൻസ് എന്ന് ആസം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ കമ്മിൻസിൽ വലിയ രീതിയിലുള്ള പുരോഗതികൾ ഉണ്ടായിട്ടുണ്ട് എന്ന് ആസം ആവർത്തിക്കുകയുണ്ടായി.

“കഴിഞ്ഞ വർഷങ്ങളിൽ പാറ്റ് കമ്മിൻസിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അത് അഭിനന്ദിക്കേണ്ടത് തന്നെയാണ്. ഇപ്പോൾ അദ്ദേഹം മോശം പന്തുകൾ എറിയാറേയില്ല. എങ്ങനെ പന്തറിഞ്ഞാൽ ഒരു ബാറ്ററെ പുറത്താക്കാൻ സാധിക്കും എന്ന കാര്യത്തിൽ കമ്മിൻസിന് വ്യക്തതയുണ്ട്. നമ്മളെ കുടുക്കാൻ അദ്ദേഹത്തിന് സാധിക്കും. കഷ്ടപ്പെടുത്താനും സാധിക്കും. നമ്മുടെ സാങ്കേതികതയെയും ക്ഷമയെയും അങ്ങേയറ്റം അദ്ദേഹം പരീക്ഷിയ്ക്കും.”- കമ്മിൻസിനെ പറ്റി ആസാം പറയുകയുണ്ടായി.

നിലവിൽ 2024 ട്വന്റി20 ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിനെ നയിക്കുന്നത് ബാബർ ആസമാണ്. മുൻപ് ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ മോശം പ്രകടനം പുറത്തെടുത്തതിനെ തുടർന്ന് ബാബർ ആസമിനെ നായക സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. പിന്നീട് ഷാഹിൻ അഫ്രിദിയാണ് പാകിസ്താന്റെ ട്വന്റി20 ടീമിന്റെ നായകനായി പ്രവർത്തിച്ചത്.

പിന്നീട് ബാബർ ആസമിന് വീണ്ടും ഒരു അവസരം കൂടി നൽകാൻ പാകിസ്ഥാൻ മാനേജ്മെന്റ് തയ്യാറാവുകയായിരുന്നു. എന്നിരുന്നാലും നായകനായുള്ള ബാബർ ആസമിന്റെ രണ്ടാം വരവിൽ അത്ര മികച്ച തുടക്കമല്ല പാക്കിസ്ഥാന് ലഭിച്ചിരിക്കുന്നത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ 2 മത്സരങ്ങളിൽ പാകിസ്ഥാൻ പരാജയപ്പെടുകയുണ്ടായി. പിന്നാലെ അയർലൻഡിനോടും ആദ്യ മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു.

Previous articleടി20 ലോകകപ്പ് സന്നാഹ മത്സരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മത്സരം ജൂണ്‍ 1 ന്
Next articleഒരുപാട് നായകർ വരും പോകും, പക്ഷേ ധോണി സ്പെഷ്യലാണ്. ചെന്നൈയെ അവൻ പ്ലേയോഫിലെത്തിക്കും : കൈഫ്‌.