ഇത്തവണത്തെ ട്വന്റി20 ലോകകപ്പോട് കൂടി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്. അതിനാൽ തന്നെ പുതിയ കോച്ചിനായുള്ള അന്വേഷണത്തിലാണ് ഇന്ത്യ. ഇതിനായി ബിസിസിഐ വിവിധ ഭാഗങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുകയുണ്ടായി.
ഗൗതം ഗംഭീർ, സ്റ്റീഫൻ ഫ്ലമിങ്, മഹേള ജയവർഥന തുടങ്ങിയ താരങ്ങളെയാണ് പുതിയ പരിശീലകരായി എത്തിക്കാൻ ബിസിസിഐ ശ്രമിക്കുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ പരിശീലകനാകാൻ താല്പര്യമുണ്ട് എന്ന് അറിയിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ. ബിസിസിഐയിൽ നിന്ന് അങ്ങനെയൊരു ഓഫർ വരികയാണെങ്കിൽ താൻ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നാണ് സ്വാൻ പറഞ്ഞിരിക്കുന്നത്.
“ഇന്ത്യ എന്നോട് അവരുടെ പരിശീലകനാവാൻ ആവശ്യപ്പെടുകയാണെങ്കിൽ, ഞാൻ ഉറപ്പായും ആ ഓഫർ സ്വീകരിക്കും. കാരണം എനിക്ക് ഈ സ്ഥലം അത്ര ഇഷ്ടമാണ്.”- സ്വാൻ സ്പോർട്സ് തക്കിനോട് പറഞ്ഞു. മൈതാനത്ത് ഉണ്ടായിരുന്ന കാലത്ത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു സ്വാൻ.
എന്നാൽ പരിശീലക രംഗത്തേക്ക് വരുമ്പോൾ താരം അനുഭവസമ്പത്തുള്ള ആളല്ല. എന്നിരുന്നാലും ഇന്ത്യയുടെ ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിൽ ടീമിന്റെ കോച്ചിംഗ് ഗ്രൂപ്പിൽ സ്വാൻ ഉണ്ടായിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളെപ്പറ്റി ഇംഗ്ലണ്ട് ലയൻസ് ടീമിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകാനായിരുന്നു സ്വാനിനെ അന്ന് കോച്ചിംഗ് സ്റ്റാഫ് ആയി ഉൾപ്പെടുത്തിയത്.
ഇന്ത്യയുടെ പരിശീലകനാവാൻ ഒരുപാട് മുൻ താരങ്ങളെ നിർദ്ദേശിക്കുകയുണ്ടായി. ഇതിൽ പ്രധാനപ്പെട്ട ഒരു താരമായിരുന്നു ആന്റി ഫ്ലവർ. പക്ഷേ തനിക്ക് ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്താൻ താല്പര്യമില്ല എന്ന് ഫ്ലവർ മുൻപു തന്നെ അറിയിച്ചിരുന്നു. എന്നാൽ ഫ്ലവർ ഇന്ത്യയുടെ പരിശീലകനായി എത്തിയിരുന്നെങ്കിൽ അത് ഇന്ത്യയ്ക്ക് ഒരു വലിയ ഭാഗ്യമായി മാറിയേനെ എന്ന് സ്വാൻ പറയുന്നു. എന്നാൽ താൻ അന്താരാഷ്ട്ര കോച്ചിങ്ങിൽ ഇപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും, ഫ്രാഞ്ചൈസി ക്രിക്കറ്റിനോടൊപ്പം മുൻപോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നുമാണ് ഫ്ലവർ മുൻപ് പറഞ്ഞത്.
“ഞാൻ കളിക്കുന്ന സമയത്ത് ആന്റി ഫ്ലവർ ഇംഗ്ലണ്ടിന്റെ കോച്ച് ആയിരുന്നു. അദ്ദേഹം അവിശ്വസനീയമായ രീതിയിൽ ടീമിനെ പരിശീലിപ്പിക്കുകയുണ്ടായി. ഞങ്ങളെ ഒന്നാം നമ്പർ ടീമാക്കി മാറ്റിയത് അദ്ദേഹമാണ്. ഞാനിതുവരെ കളിച്ച കോച്ചുമാരുടെ ലിസ്റ്റിൽ ഒന്നാമതാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഒരുപക്ഷേ അദ്ദേഹത്തെ ഇന്ത്യയുടെ പരിശീലകനായി ലഭിച്ചാൽ, അത് ഇന്ത്യൻ ടീമിന്റെ വലിയൊരു ഭാഗ്യം തന്നെയായിരിക്കും. എന്നിരുന്നാലും ഇന്ത്യക്ക് മികച്ച ഒരു സ്ക്വാഡാണ് ഇപ്പോഴുള്ളത്. പ്രതിഭയുള്ള ഒരുപാട് താരങ്ങൾ നിലവിൽ ടീമിനൊപ്പമുണ്ട്. ആര് ടീമിന്റെ പരിശീലകനായി എത്തിയാലും അത് ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും വലിയ ജോലികളിൽ ഒന്നായിരിക്കും.”- സ്വാൻ പറയുന്നു.