2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായി രണ്ടാം പരാജയമാണ് ഇപ്പോൾ മുംബൈ ഏറ്റുവാങ്ങിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ് ടീമിനോട് 36 റൺസിനായിരുന്നു മുംബൈ പരാജയപ്പെട്ടത്. ബാറ്റിങ്ങിലും ബോളിങ്ങിലും വന്ന ശക്തമായ വീഴ്ചകളാണ് മത്സരത്തിൽ മുംബൈയ്ക്ക് തിരിച്ചടിയായി മാറിയത്. മുൻനിര ബാറ്റർമാരടക്കം കൃത്യമായ രീതിയിൽ മനോഭാവം വച്ചുപുലർത്താതിരുന്നത് മത്സരത്തിൽ ടീമിനെ ബാധിക്കുകയായിരുന്നു. ഇതേ സംബന്ധിച്ചാണ് മുംബൈ നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുന്നത്. മൈതാനത്ത് താരങ്ങൾ കൂടുതലായി പ്രൊഫഷണലിസം കാട്ടാൻ തയ്യാറാവണം എന്നാണ് പാണ്ഡ്യ പറയുന്നത്.
മൈതാനത്ത് ഉത്തരവാദിത്വം പുലർത്താൻ താരങ്ങൾ തയ്യാറാവണമെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു. “ഇന്നത്തെ മത്സരത്തിൽ ഫീൽഡിങ്ങിൽ താരങ്ങളുടെ പ്രകടനം വളരെ മോശമായിരുന്നു. ജോസ് ബട്ലറുടെ നിർണായകമായ ക്യാച്ച് ഞങ്ങൾ വിട്ടുകളയുകയുണ്ടായി. പല അവസരങ്ങളിലും അനാവശ്യമായി ബൗണ്ടറികൾ താരങ്ങൾ വിട്ടുനൽകുന്ന സാഹചര്യങ്ങളുണ്ടായി. ഓവർ ത്രോയിലൂടെയും ഗുജറാത്തിന് കുറച്ചധികം റൺസ് ലഭിച്ചു. ഇത്തരത്തിൽ റൺസ് വഴങ്ങിയത് ഞങ്ങൾക്ക് തിരിച്ചടിയായി മാറുകയായിരുന്നു.”- ഹർദിക് പാണ്ഡ്യ പറഞ്ഞു.
ബാറ്റിംഗിലും ബോളിങ്ങിലും തങ്ങൾ 15- 20 റൺസ് പിന്നിലായിരുന്നു എന്നാണ് പാണ്ഡ്യ വ്യക്തമാക്കിയത്. “പിഴവുകളിലൂടെ ഒരു 20- 25 റൺസെങ്കിലും കൂടുതൽ ഗുജറാത്തിന് ഞങ്ങൾ നൽകി. അത് ഒരു ട്വന്റി20 മത്സരത്തിന് ചേർന്ന രീതിയല്ല. ഗുജറാത്തിന്റെ ബാറ്റർമാർ വളരെ മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്യുകയുണ്ടായി. അവർ ഒരുപാട് റിസ്ക് എടുക്കാതെ തന്നെ റൺസ് സ്വന്തമാക്കി. ഒരുപാട് റിസ്കി ഷോട്ടുകൾ കളിക്കാതെ റൺസ് സ്വന്തമാക്കാനുള്ള അവസരവും അവർക്ക് ലഭിച്ചിരുന്നു. അതിന് ശേഷം ഞങ്ങൾ അവർക്കൊപ്പം എത്താനാണ് ശ്രമിച്ചത്. ഈ സമയത്ത് ഞങ്ങളെല്ലാവരും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.
“എന്നിരുന്നാലും ഇത് ടൂർണമെന്റിന്റെ തുടക്ക സമയമാണ്. ബാറ്റർമാർ കൂടുതലായി മത്സരത്തിലേക്ക് എത്താനുണ്ട്. ഉടൻ തന്നെ അവർ അതിലേക്ക് എത്തുമെന്നാണ് ഞാൻ കരുതുന്നത്. ഈ വിക്കറ്റിൽ ഗുജറാത്ത് എറിഞ്ഞ സ്ലോ ബോളുകളായിരുന്നു ഞങ്ങൾക്ക് ഏറ്റവും പ്രയാസമുണ്ടാക്കിയത്. ചില പന്തുകൾ വളരെയധികം ബുദ്ധിമുട്ട് ഞങ്ങൾക്ക് സൃഷ്ടിച്ചു. ചില പന്തുകൾക്ക് നല്ല ബൗൺസ് ഇവിടെ ലഭിച്ചു. ഇത് ബാറ്റർമാർക്ക് പ്രയാസമുണ്ടാക്കി. ഞാൻ എന്താണോ ബോളിംഗിൽ ചെയ്തത്, അതുതന്നെയാണ് ഗുജറാത്ത് ഞങ്ങൾക്കെതിരെയും ആവർത്തിച്ചത്.”- പാണ്ഡ്യ പറഞ്ഞുവയ്ക്കുന്നു.