പാകിസ്ഥാന്റെ മുൻ നായകൻ ബാബർ ആസമിന് പകരക്കാരനായി ടീമിലേക്കെത്തിയ, അരങ്ങേറ്റ താരം കമ്രാൻ ഗുലാമിന് ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ച്വറി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അവിചാരിതമായ ഒരു പരാജയമായിരുന്നു പാക്കിസ്ഥാന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാൻ രണ്ടാം മത്സരത്തിന് മുന്നോടിയായി ബാബർ ആസമിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.
ഇതിനെതിരെ വലിയ വിമർശനങ്ങളും വന്നിരുന്നു. ആസമിന് പകരക്കാരനായാണ് 29കാരനായ കമ്രാൻ ഗുലാമിനെ പാക്കിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ഗുലാം സെഞ്ച്വറി നേടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
മത്സരത്തിൽ പാക്കിസ്ഥാൻ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ആയിരുന്നു ഗുലാം ക്രീസിലെത്തിയത്. മുൾട്ടാനിൽ നടന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 19 റൺസ് സ്വന്തമാക്കുന്നതിനിടെ പാകിസ്താന്റെ 2 വിക്കറ്റുകൾ നഷ്ടമായിരുന്നു. ഈ സമയത്ത് ക്രീസിലെത്തിയ ഗുലാം അങ്ങേയറ്റം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു. മത്സരത്തിൽ 224 പന്തുകളിൽ 118 റൺസാണ് ഗുലാം നേടിയത്. 11 ബൗണ്ടറികളും ഒരു സിക്സറും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. സ്പിന്നർ ഷോയിബ് ബഷീറിന്റെ പന്തിൽ ബോൾഡായി ഗുലാം മടങ്ങുകയായിരുന്നു.
ഇതിനിടെ, പാക്കിസ്ഥാൻ ടീമിനായി അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടുന്ന 13ആമത്തെ താരമായി ഗുലം മാറുകയും ചെയ്തു. ബാബർ ആസമിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയെത്തിയ വലിയ വിമർശനങ്ങൾക്ക് ഒരു ആശ്വാസമാണ് ഗുലാമിന്റെ ഈ സെഞ്ച്വറി നൽകുന്നത്. മത്സരത്തിന്റെ ആദ്യ ദിവസത്തിൽ പാക്കിസ്ഥാനെ തരക്കേടില്ലാത്ത ഒരു സ്കോറിൽ എത്തിക്കാൻ ഗുലാമിന്റെ സെഞ്ച്വറിയ്ക്ക് സാധിച്ചിട്ടുണ്ട്. ഗുലാമിനോടൊപ്പം ഓപ്പണർ സയിം അയൂബും പാക്കിസ്ഥാനായി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. അയൂബ് 77 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടിയത്.
ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തതോടെ ആദ്യ ദിവസം 5 വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് സ്വന്തമാക്കാൻ പാക്കിസ്ഥാന് സാധിച്ചിട്ടുണ്ട്. നിലവിൽ മധ്യനിര ബാറ്ററായ മുഹമ്മദ് റിസ്വാനും സൽമാൻ ആഗയുമാണ് പാക്കിസ്ഥാനായി ക്രീസിലുള്ളത്. രണ്ടാം ദിവസവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ പാക്കിസ്ഥാന് മത്സരത്തിൽ മേൽക്കോയ്മ നേടിയെടുക്കാൻ സാധിക്കൂ. ആദ്യ മത്സരത്തിലേതുപോലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ട് തങ്ങളുടെ ബാസ്ബോൾ ശൈലി തന്നെ തുടരാനാണ് സാധ്യത.