ട്വന്റി20 ലോകകപ്പിൽ വിവാദമായി വീണ്ടും ഡെഡ്ബോള്‍ നിയമം. ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെയാണ് വീണ്ടും ഡെഡ്ബോൾ നിയമത്തിലെ പാളിച്ചകൾ ദൃശ്യമായത്. മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിങ്സിന്റെ പതിനേഴാം ഓവറിലാണ് സംഭവമുണ്ടായത്.
മഹമുദുള്ളയായിരുന്നു ക്രീസിൽ. ദക്ഷിണാഫ്രിക്കൻ പേസർ ബാർട്ട്മാൻ എറിഞ്ഞ പന്ത് മഹമുദുള്ളയുടെ പാഡിൽ തട്ടുകയും, ബോൾ ബൗണ്ടറിയിൽ എത്തുകയും ചെയ്തു. എന്നാൽ ബോൾ ബൗണ്ടറിയിൽ എത്തുന്നതിനു മുൻപ് ഇത് ഔട്ടാണ് എന്ന് ഓൺഫീൽഡ് അമ്പയർ വിധിയ്ക്കുകയും ചെയ്തു. മഹമുദുള്ള ഇതിനെതിരെ റിവ്യൂ എടുത്തിരുന്നു.
പന്ത് ഒരിക്കലും സ്റ്റമ്പിൽ കൊള്ളുന്നില്ല എന്ന് റിപ്ലകളിൽ നിന്ന് വ്യക്തമായ തേർഡ് അമ്പയർ ഇത് നോട്ടൗട്ട് വിധിച്ചു. പക്ഷേ പന്ത് ബൗണ്ടറി കടക്കുന്നതിന് മുൻപ് ഓൺഫീൽഡ് അമ്പയർ അത് ഔട്ട് വിധിച്ചിരുന്നു. അതിനാൽ തന്നെ അത് ഡെഡ്ബോളായി മാറുകയും, ബംഗ്ലാദേശിന് ബൗണ്ടറി ലഭിക്കാതെ പോവുകയും ചെയ്തു.
ശേഷം മത്സരം അവസാന ഓവറിലേക്ക് എത്തുകയും ബംഗ്ലാദേശ് മത്സരത്തിൽ 4 റൺസിന് പരാജയം നേരിടുകയും ചെയ്തു. ഇതിന് ശേഷമാണ് ഈ നിയമം വീണ്ടും ചർച്ചയായിരിക്കുന്നത്. ഒരുപക്ഷേ ഡെഡ്ബോൾ മൂലം നഷ്ടമായ ആ 4 റൺസ് ഉണ്ടായിരുന്നുവെങ്കിൽ ബംഗ്ലാദേശിന് അനായാസം മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചേനെ എന്നാണ് ആരാധകർ പറയുന്നത്.
മുൻപും ഈ ഡെഡ് ബോൾ നിയമം മൂലം പല ടീമുകൾക്കും മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇതിന്റെ അവസാനത്തെ ഇരയാണ് ബംഗ്ലാദേശ്. മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ അടക്കമുള്ളവർ ഈ നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഓൺഫീൽഡ് അമ്പയര്‍ ഔട്ട് വിധിച്ചാൽ പിന്നെ അധികമായി ഒരു റൺ പോലും സ്കോർബോർഡിൽ ചേർക്കില്ല എന്നതാണ് ഡെഡ് ബോൾ നിയമം.
തേർഡ് അമ്പയർ ഇത് നോട്ടൗട്ട് വിധിച്ചാലും ഈ നിയമപ്രകാരം റൺസ് കൊടുക്കാൻ സാധിക്കില്ല. എന്നാൽ ഇതിനെതിരെ വലിയ വിമർശനങ്ങളാണ് മുൻ താരങ്ങൾ ഇതിനോടകം തന്നെ അറിയിച്ചിരിക്കുന്നത്.
ഈ നിയമം ഒരു മുതലെടുപ്പായി മാറിയേക്കാം എന്നാണ് സുനിൽ ഗവാസ്കർ കരുതുന്നത്. എതിർ ടീമിന്റെ നിർണായകമായ റൺസ് ഇല്ലാതാക്കാൻ ബോളിംഗ് ക്യാപ്റ്റൻമാർക്ക് ഈ നിയമം മുതലാക്കാൻ സാധിക്കും എന്നാണ് ഗവാസ്കർ പറഞ്ഞുവെക്കുന്നത്.
മുൻ ഇന്ത്യൻ താരം വസീം ജാഫറും ഇതേപ്പറ്റി സംസാരിക്കുകയുണ്ടായി. ഇത്തരം നിയമങ്ങൾ യാതൊരു തരത്തിലും ക്രിക്കറ്റിന് ഗുണം ചെയ്യില്ല എന്നാണ് വസീം ജാഫർ പറയുന്നത്. എന്തായാലും ഈ നിയമത്തിൽ വലിയ മാറ്റം ആവശ്യമാണ് എന്നതിന് ഉദാഹരണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.