ബംഗ്ലാദേശിനെതിരെയും സൂപ്പര്‍ താരത്തിന് വിശ്രമം നൽകും. മാസ്റ്റർപ്ലാനുമായി ബിസിസിഐ.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം വലിയൊരു ഇടവേളയാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്. കുറച്ചു നാളുകൾക്ക് ശേഷമാണ് ഇത്രയ്ക്ക് വലിയ ഇടവേള ഇന്ത്യൻ ടീമിന് ലഭിക്കുന്നത്. ഇനി ഇന്ത്യക്ക് വരാനിരിക്കുന്നത് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അടുത്ത മാസമാണ് ടെസ്റ്റ് പരമ്പര നടക്കുന്നത്.

2 ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കാൻ ഒരുങ്ങുന്നത്. ഈ പരമ്പരയിലൂടെ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്ര ടീമിലേക്ക് തിരികെ എത്തും എന്നായിരുന്നു മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിനുള്ള സാധ്യതകൾ കുറവാണ് എന്നാണ് ഇപ്പോൾ സൂചന.

എക്സ്പ്രസ് സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം ബുമ്രയ്ക്ക് ഇന്ത്യ കൂടുതൽ സമയം ഇടവേള അനുവദിക്കാൻ സാധ്യതകളുണ്ട്. അങ്ങനെയെങ്കിൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ആയിരിക്കും ബൂമ്ര ടീമിലേക്ക് തിരികെ എത്തുക. വലിയ മത്സരങ്ങളിൽ ബുമ്രയെ അണിനിരത്തുന്നതിന്റെ ഭാഗമായാണ് ബിസിസിഐ ഇത്തരത്തിൽ താരത്തിന് വിശ്രമം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസങ്ങളിൽ ഇന്ത്യയ്ക്ക് പ്രധാനമായുള്ളത് ടെസ്റ്റ് പരമ്പരകൾ മാത്രമാണ്. ന്യൂസിലാൻഡിനെതിരായ പരമ്പരയും ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് മത്സരങ്ങളും ചാമ്പ്യൻസ് ട്രോഫിയും ഒക്കെയുമാണ് ഇന്ത്യയ്ക്ക് അടുത്തതായി വരുന്ന പ്രധാന ഉദ്യമങ്ങൾ.

നിലവിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ടേബിളിൽ ഒന്നാം സ്ഥാനത്തു തന്നെയാണ് നിൽക്കുന്നത്. അതിനാൽ കിവികൾക്കെതിരായ മത്സരവും ഓസ്ട്രേലിയക്കെതിരായ മത്സരവുമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള ഏറ്റവും പ്രധാനപ്പെട്ട പോരാട്ടങ്ങൾ. ഈ മത്സരങ്ങളിൽ തങ്ങളുടെ ഏറ്റവും മികച്ച ബോളർമാരെ അണിനിരത്തുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. അതേസമയം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അത്ര വലിയ വെല്ലുവിളി ഉയർത്തുന്നില്ല. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് തന്നെയാണ് ഇന്ത്യ ഏറ്റവും പ്രാധാന്യം നൽകുന്നത്. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഓസ്ട്രേലിയയിൽ ഇന്ത്യ കളിക്കുന്നത്.

ഈ മത്സരങ്ങളിൽ ഒക്കെയും ബൂമ്രയെ കളിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ബൂമ്രയെ ഒഴിവാക്കാൻ ഇന്ത്യ തയ്യാറാകുന്നത്. മറ്റു താരങ്ങളെ സംബന്ധിച്ച് വളരെ നിർണായകമാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും. പരമ്പരയ്ക്ക് മുൻപായി ഇന്ത്യയുടെ ആഭ്യന്തര ലീഗായ ദുലീപ് ട്രോഫിയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങളൊക്കെയും. രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ തുടങ്ങിയവർ ദുലീപ് ട്രോഫിയിൽ പങ്കെടുക്കും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ.

Previous articleഅവനാണ് ഇന്ത്യൻ ടീമിലെ ബുദ്ധിമാനായ കുറുക്കൻ. മുൻ ഇന്ത്യൻ കോച്ച് പറയുന്നു.
Next article“ഫിറ്റ്‌നസിൽ കോഹ്ലി പുലിയാണ്. 5 വർഷം കൂടിയെങ്കിലും ഇന്ത്യയ്ക്കായി കളിക്കും”. ഹർഭജൻ സിംഗിന്റെ പ്രവചനം.