ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

GTaChp5acAAHikR scaled e1721991543664

ഏഷ്യാകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിതകൾ. ആവേശകരമായ മത്സരത്തിൽ 10 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 3 വിക്കറ്റുകൾ വീതം സ്വന്തമാക്കിയ രേണുക സിങും രാധാ യാദവുമാണ് ഇന്ത്യക്കായി മത്സരത്തിൽ ബോളിങ്ങിൽ തിളങ്ങിയത്.

ബാറ്റിംഗിൽ ഓപ്പണർമാരായ ഷഫാലി വർമയും സ്മൃതി മന്ദനയും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിലെ വിജയികളാണ് ഇന്ത്യയ്ക്ക് ഫൈനലിൽ എതിരാളികളായി എത്തുക. ഞായറാഴ്ചയാണ് ഏഷ്യാകപ്പ് ഫൈനൽ നടക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് രേണുക സിംഗ് നൽകിയത്. പവർപ്ലേ ഓവറുകളിൽ തന്നെ ബംഗ്ലാദേശിനെ സമ്മർദ്ദത്തിലാക്കാൻ രേണുകയ്ക്ക് സാധിച്ചു. തുടക്കത്തിൽ തന്നെ 3 വിക്കറ്റുകൾ രേണുക സ്വന്തമാക്കുകയുണ്ടായി. ഇതോടെ ബംഗ്ലാദേശ് തകർന്നു. ഒപ്പം രാധാ യാദവും മികവ് പുലർത്തിയപ്പോൾ ഇന്ത്യ മത്സരത്തിൽ പൂർണമായി ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ബംഗ്ലാദേശിനായി ക്യാപ്റ്റൻ സുൽത്താന മാത്രമാണ് ക്രീസിൽ പിടിച്ചുനിന്നത്. 51 പന്തുകൾ നേരിട്ട സുൽത്താന 32 റൺസാണ് നേടിയത്.

അവസാന ഓവറുകളിൽ ഷൊർണ അക്തർ 19 റൺസ് നേടി ബംഗ്ലാദേശിന് ആശ്വാസം നൽകി. എന്നിരുന്നാലും നിശ്ചിത 20 ഓവറുകളിൽ 80 റൺസ് മാത്രമാണ് ബംഗ്ലാദേശിന് സ്വന്തമാക്കാൻ സാധിച്ചത്. ഇന്ത്യക്കായി ബോളിങിൽ മികച്ച പ്രകടനം പുറത്തെടുത്തത് രേണുക സിംഗും രാധാ യാദവുമാണ്. രേണുക 10 റൺസ് മാത്രം വിട്ടു നൽകിയാണ് 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. രാധ 14 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. 81 റൺസ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ തങ്ങളുടേതായ ശൈലിയിൽ ആക്രമിച്ചാണ് തുടങ്ങിയത്. പവർപ്ലേ ഓവറുകളിൽ ബംഗ്ലാദേശിനെതിരെ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

ഓപ്പണർമാരായ സ്മൃതി മന്ദനയും ഷഫാലീ വർമയും കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തി ബംഗ്ലാദേശിനെ സമ്മർദ്ദത്തിലാക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ തന്നെ മത്സരം അവസാനിപ്പിക്കാനാണ് ഇരുവരും ശ്രമിച്ചത്. അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ മോശം പന്തുകളെ ബൗണ്ടറി കടത്തിയാണ് ഇരുവരും മുന്നേറിയത്. മത്സരത്തിൽ സ്മൃതി മന്ദന 39 പന്തുകളിൽ 55 റൺസാണ് നേടിയത്. ഷഫാലി വർമ 28 പന്തുകളിൽ 26 റൺസ് നേടുകയുണ്ടായി. മത്സരത്തിൽ 10 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Scroll to Top