ഫൈനലിൽ എത്തിയെങ്കിലും ഇന്ത്യ 100% കഴിവ് പുറത്തെടുത്തിട്ടില്ല : സുനിൽ ഗവാസ്കർ

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിലെത്താൻ സാധിച്ചെങ്കിലും ഇന്ത്യ തങ്ങളുടെ 100% കഴിവുകളും പുറത്തെടുത്തിട്ടില്ല എന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഗ്രൂപ്പ് ഘട്ടത്തിൽ 3 മത്സരങ്ങളിൽ തുടർച്ചയായ വിജയം സ്വന്തമാക്കിയ ഇന്ത്യ, സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശനം നേടിയത്.

മാർച്ച് 9ന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം നടക്കുന്നത്. എന്നിരുന്നാലും കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യയ്ക്ക് ഒരുപാട് കുറവുകൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗവാസ്കർ.

പ്രധാനമായും ഇന്ത്യയുടെ ഓപ്പണിങ് നിരയിലെ പ്രശ്നങ്ങളാണ് ഗവാസ്കർ ചൂണ്ടിക്കാട്ടിയത്. രോഹിത് ശർമയ്ക്കും ശുഭമാൻ ഗില്ലിനും ഓപ്പണിഗിൽ സ്ഥിരത കൈവരിക്കാൻ സാധിച്ചിട്ടില്ല എന്ന് ഗവാസ്കർ പറയുന്നു. മാത്രമല്ല ഇന്ത്യക്ക് ന്യൂബോളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കാതെ വരുന്നതും വലിയ ആശങ്കയാണ് എന്നും ഗവാസ്കർ പറഞ്ഞു. ആദ്യ 10 ഓവറുകളിൽ ഇന്ത്യൻ ബോളർമാർക്ക് മതിയായ രീതിയിൽ വിക്കറ്റ് സ്വന്തമാക്കാൻ സാധിക്കുന്നില്ല എന്നാണ് ഗവാസ്കർ പറഞ്ഞത്. മധ്യ ഓവറുകളിലും വേണ്ട രീതിയിൽ ഇന്ത്യയ്ക്ക് വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചിട്ടില്ല എന്നാണ് ഗവാസ്കറുടെ പക്ഷം. ഈ മേഖലകളിൽ ഇനിയും ഇന്ത്യയ്ക്ക് പുരോഗതികൾ ഉണ്ടാക്കേണ്ടതുണ്ട് എന്ന് ഗവാസ്കർ പറഞ്ഞു.

“ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ നോക്കുക. ഇന്ത്യ പ്രതീക്ഷിക്കുന്ന തരത്തിലുള്ള തുടക്കങ്ങൾ നൽകാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അത് സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. അതിനാൽ ഈ പ്രശ്നം ഇന്ത്യയെ ചെറിയ തരത്തിൽ അലട്ടുന്നുണ്ട്. മാത്രമല്ല പുതിയ ബോളിൽ വിക്കറ്റുകൾ സ്വന്തമാക്കുന്നതിലും ഇന്ത്യ കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ടു. രണ്ടോ മൂന്നോ വിക്കറ്റുകൾ ആദ്യ 10 ഓവറുകളിൽ നേടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിക്കുന്നില്ല. അതും ഒരു പ്രശ്നമാണ്. മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിലും നമ്മൾ പരാജയപ്പെടുകയുണ്ടായി. മധ്യ ഓവറുകളിൽ നമ്മുടെ ബോളർമാർ ഒരുപാട് റൺസ് വിട്ടു നൽകിയിട്ടില്ല എന്നതും ഓർക്കേണ്ടതാണ്. ഈ മേഖലകളിൽ ഒക്കെയും ഇന്ത്യ മെച്ചപ്പെടേണ്ടതുണ്ട്. അങ്ങനെയെങ്കിൽ ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സുനിശ്ചിതമാണ്.”- ഗവാസ്കർ പറഞ്ഞു.

ഫൈനൽ മത്സരത്തിൽ ഇന്ത്യ തങ്ങളുടെ ടീമിൽ മാറ്റം വരുത്തേണ്ട കാര്യമില്ല എന്നും ഗവാസ്കർ കൂട്ടിച്ചേർക്കുകയുണ്ടായി. “ഇന്ത്യ തങ്ങളുടെ ടീമിൽ 4 സ്പിന്നർമാരെ കളിപ്പിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഈ തന്ത്രത്തിൽ എന്തിനാണ് മാറ്റം വരുത്തുന്നത്. ചക്രവർത്തിയെയും കുൽദീപിനെയും ടീമിൽ ഉൾപ്പെടുത്തിയത് ഇന്ത്യക്ക് കഴിഞ്ഞ മത്സരങ്ങളിൽ ഗുണം ചെയ്തിട്ടുണ്ട്. ഒരുപാട് വിക്കറ്റ് ടേക്കിങ് ബോളുകൾ അവർ എറിഞ്ഞിട്ടുണ്ട്. മാത്രമല്ല ആവശ്യത്തിന് ഡോട്ട് ബോളുകളും അവർ എറിയാറുണ്ട്. നിരന്തരം അവർ അത് ചെയ്യുന്നുണ്ട്.”- ഗവാസ്കർ കൂട്ടിച്ചേർക്കുകയുണ്ടായി.

Previous article“ഇനിയും കളി മെച്ചപ്പെടാനുണ്ട്”. ഇന്ത്യ ഫൈനലിൽ എത്തിയിട്ടും ഗംഭീറിന് അതൃപ്തി.
Next articleഫൈനലിന് ശേഷം കോഹ്ലിയും രോഹിതും ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുമോ?