ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ മാർച്ച് 9ന് ദുബായിലാണ് നടക്കുന്നത്. ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും സംബന്ധിച്ച് വളരെ നിർണായകമായ മത്സരമാണ് ദുബായിൽ നടക്കുന്നത്. മത്സരത്തിൽ വിജയം നേടിയാൽ ഇരു താരങ്ങളും ഏകദിന ഫോർമാറ്റിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന രീതിയിലുള്ള ചോദ്യങ്ങൾ ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ഇതിനുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇത്തരമൊരു തീരുമാനം ഇരു താരങ്ങൾക്കും കൈക്കൊള്ളാൻ വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണ് ചോപ്ര പറയുന്നത്.
“ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം വിരമിക്കണമോ എന്ന തീരുമാനം അവരാണ് എടുക്കേണ്ടത്. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ അത് അത്ര അനായാസമായ തീരുമാനം ആയിരിക്കില്ല. കാരണം 2025ൽ ബാറ്റിംഗിൽ വളരെ മികച്ച പ്രകടനങ്ങളാണ് വിരാട് കോഹ്ലി കാഴ്ച വച്ചിരിക്കുന്നത്. രോഹിത് ശർമയും ശരാശരിക്ക് മുകളിലുള്ള പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നിരുന്നാലും രോഹിത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് ഞാൻ ഒരിക്കലും പറയില്ല. എന്നാൽ ഫൈനൽ മത്സരത്തിൽ ഒരു സെഞ്ച്വറി സ്വന്തമാക്കി രോഹിത്തിന് മികവ് തെളിയിക്കാവുന്നതാണ്.”- ചോപ്ര പറയുന്നു.
“ഈ താരങ്ങൾ രണ്ടുപേരും വിരമിക്കുമോ എന്ന ചോദ്യം ഉയർന്നിരുന്നു. അന്ന് ഞാൻ പറഞ്ഞ മറുപടി എനിക്കറിയില്ല എന്നാണ്. കാരണം ട്വന്റി20 ലോകകപ്പിന് ശേഷം ആ ഫോർമാറ്റിൽ നിന്ന് വിരമിക്കാനുള്ള ഇരു താരങ്ങളുടെയും തീരുമാനം കൂടുതൽ യുക്തിപരമായിരുന്നു. അത്തരമൊരു തീരുമാനം ഉണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ അത് വലിയൊരു ഞെട്ടൽ ഉണ്ടാക്കിയില്ല. പക്ഷേ ഇപ്പോൾ ഏകദിന ക്രിക്കറ്റിൽ നിന്ന് അവർ വിരമിക്കുകയാണെങ്കിൽ അത് വലിയ ബുദ്ധിമുട്ടിലേക്ക് നയിക്കും. കാരണം പിന്നീട് അവർക്ക് മുൻപിലുള്ളത് ടെസ്റ്റ് ക്രിക്കറ്റ് മാത്രമാണ്. ഇത്തരമൊരു തീരുമാനം അവർ എടുക്കുമോ എന്ന് കണ്ടറിയണം.”- ചോപ്ര കുട്ടിചേർത്തു.
“ഇനി ഏകദിന ലോകകപ്പ് നടക്കുന്നത് 2 വർഷങ്ങൾക്ക് ശേഷമാണ്. അതൊരു ദീർഘകാലം തന്നെയാണ്. ട്വന്റി20 ഫോർമാറ്റ് കളിക്കാത്ത സാഹചര്യത്തിൽ ആ രണ്ടു വർഷങ്ങൾ ഇരു താരങ്ങളെ സംബന്ധിച്ചും വളരെ വിലപ്പെട്ടതാണ്. എന്നിരുന്നാലും വരാനിരിക്കുന്ന 12 മാസങ്ങളിൽ ഇന്ത്യ ഒരുപാട് ഏകദിന മത്സരങ്ങൾ കളിക്കുന്നുണ്ട് എന്നത് ഓർക്കണം. അതുകൊണ്ടു തന്നെ അവർക്ക് മത്സരങ്ങളിലേക്കിറങ്ങി അടുത്ത ലോകകപ്പിനായി തയ്യാറെടുക്കാൻ സാധിക്കും.”- ചോപ്ര പറഞ്ഞുവെക്കുന്നു.