കരുത്തരായ ഹൈദരാബാദിനെ അവരുടെ മൈതാനത്ത് വിരട്ടിയോടിച്ച ലക്നൗ സൂപ്പർ ജയന്റ്സ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. മത്സരത്തിൽ അർത്ഥസെഞ്ച്വറി നേടിയ നിക്കോളാസ് പൂരന്റെയും മിച്ചൽ മാർഷിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ലക്നൗവിന്റെ വിജയത്തിൽ നിർണായകമായത്. ബോളിങ്ങിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയ ശർദുൽ താക്കൂർ ലക്നൗവിന്റെ വജ്രായുധമായി മാറി. ടൂർണമെന്റിൽ ലക്നൗവിന്റെ ആദ്യ വിജയമാണ് മത്സരത്തിൽ പിറന്നത്.
മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ മികച്ച തുടക്കം തന്നെ ട്രാവിസ് ഹെഡ് ഹൈദരാബാദിന് നൽകി. എന്നാൽ മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ഹൈദരാബാദിന് തിരിച്ചടി ഉണ്ടാക്കി. 6 റൺസ് നേടിയ അഭിഷേക് ശർമയാണ് ആദ്യം പുറത്തായത്. ശേഷം ഇഷാൻ കിഷൻ അടുത്ത പന്തിൽ പുറത്തായതോടെ ഹൈദരാബാദിന്റെ റണ്ണൊഴുക്ക് നിയന്ത്രിക്കാൻ ലക്നൗ ടീമിന് സാധിച്ചു. എന്നിരുന്നാലും ഒരുവശത്ത് ഹെഡ് തീർത്ത വലയം മറികടക്കുന്നതിൽ ലക്നൗ പരാജയപ്പെട്ടു. 28 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 47 റൺസാണ് ഹെഡിന് നേടാൻ സാധിച്ചത്.
പിന്നീടെത്തിയ ബാറ്റർമാർക്ക് കൃത്യമായി ക്രീസിലുറച്ച് ആക്രമണം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. എന്നാൽ മധ്യനിരയിൽ ബാറ്റിംഗിനിറങ്ങിയ യുവതാരം അനികേത് വർമ വെടിക്കെട്ട് തീർക്കുകയുണ്ടായി. 13 പന്തുകളിൽ 5 സിക്സറുകളടക്കം 36 റൺസാണ് അനികേത് നേടിയത്. ഒപ്പം നായകൻ കമ്മിൻസ് 4 പന്തുകളിൽ 3 സിക്സറുക,ളടക്കം 18 റൺസ് നേടി അവസാന ഓവറിൽ ഹൈദരാബാദിന് പ്രതീക്ഷ നൽകി. എന്നിരുന്നാലും ഹൈദരാബാദിന്റെ ഇന്നിംഗ്സ് 190 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ലക്നൗവിനെ തുടക്കത്തിൽ തന്നെ മാക്രത്തിന്റെ വിക്കറ്റ് നഷ്ടമായി.
എന്നാൽ പിന്നീട് നിക്കോളാസ് പൂരനും മിച്ചൽ മാർഷും ചേർന്ന് ലക്നൗവിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 116 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഇതിൽ ഏറ്റവും വലിയ ആക്രമണം തീർത്തത് പൂരൻ തന്നെയാണ്. 18 പന്തുകളിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാൻ പൂരന് സാധിച്ചു. 26 പന്തുകളിൽ 6 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 70 റൺസാണ് പൂരൻ സ്വന്തമാക്കിയത്. മാർഷ് 31 പന്തുകളിൽ 52 റൺസ് നേടി. ഇങ്ങനെ ലക്നൗ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമായിരുന്നു ലക്നൗ സ്വന്തമാക്കിയത്.