അമേരിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി മുഹമ്മദ് സിറാജ്. മത്സരത്തിൽ അമേരിക്കയുടെ അപകടകാരിയായ ബാറ്റർ നിതീഷ് കുമാറിനെ പുറത്താക്കാനാണ് സിറാജ് ഈ തകർപ്പൻ ക്യാച്ച് സ്വന്തമാക്കിയത്.
മത്സരത്തിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒന്നായിരുന്നു നിതീഷ് കുമാറിന്റെ വിക്കറ്റ്. ഇന്ത്യൻ ബോളർമാർക്കെതിരെ നിതീഷ് കുമാർ തെല്ലും ഭയമില്ലാതെ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഈ സമയത്താണ് ഒരു അത്യുഗ്രൻ ക്യാച്ചിലൂടെ സിറാജ് അത്ഭുതം കാട്ടിയത്.
മത്സരത്തിൽ അമേരിക്കയുടെ ഇന്നിങ്സിലെ പതിനഞ്ചാം ഓവറിലെ നാലാം പന്തിനാണ് ഈ സൂപ്പർ ക്യാച്ച് പിറന്നത്. അർഷദീപ് എറിഞ്ഞ ഷോർട്ട് ബോളിൽ ഒരു പുൾ ഷോട്ടിന് ശ്രമിക്കുകയായിരുന്നു നിതീഷ് കുമാർ. നിതീഷിന്റെ ബാറ്റിന്റെ മധ്യഭാഗത്തുതന്നെ ബോൾ കൊള്ളുകയും ഒരുപാട് ഉയരത്തിലേക്ക് ചലിക്കുകയും ചെയ്തു.
ഈ സമയത്ത് ഡീപ്പ് സ്ക്വയറിൽ ബൗണ്ടറിക്ക് ഇഞ്ചുകൾ മാത്രം മുൻപിലായി നിൽക്കുകയായിരുന്നു സിറാജ്. പന്ത് തന്റെ അടുത്തേക്കാണ് വരുന്നത് എന്ന് കൃത്യമായി മനസ്സിലാക്കിയ സിറാജ് 2 സ്റ്റെപ്പ് പിന്നിലേക്ക് മാറി ഒരു ഡൈവിലൂടെ ക്യാച്ച് സ്വന്തമാക്കുകയാണ് ഉണ്ടായത്. താൻ താഴെ വീണ സമയത്തും പന്ത് തന്റെ കയ്യിലുണ്ട് എന്ന് സിറാജ് ഉറപ്പു വരുത്തിയിരുന്നു.
ഇതോടെ അപകടകാരിയായ നിതീഷ് കുമാർ കൂടാരം കയറി. മത്സരത്തിൽ 23 പന്തുകൾ നേരിട്ട് നിതീഷ് 27 റൺസാണ് നേടിയത്. 2 ബൗണ്ടറികളും ഒരു സിക്സറും നിതീഷിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. അമേരിക്കക്കായി മികച്ച ഒരു പ്രകടനമാണ് നിതീഷ് ദുർഘടമായ പിച്ചിൽ കാഴ്ചവച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് അർഷദീപ് സിംഗ് നൽകിയത്. ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റുകൾ സ്വന്തമാക്കി അർഷദീപ് മികവ് പുലർത്തി. എന്നാൽ പിന്നീട് അമേരിക്ക അതിസൂക്ഷ്മമായാണ് മുൻപോട്ട് പോയത്.
അമേരിക്കയ്ക്കായി ഓപ്പണർ സ്റ്റീവൻ ടൈലർ 30 പന്തുകളിൽ 24 റൺസ് നേടുകയുണ്ടായി. പിന്നീടാണ് മധ്യനിരയിൽ നിതീഷ് കുമാർ വെടിക്കെട്ട് തീർത്തത്. ഇതോടെ അമേരിക്ക മത്സരത്തിൽ ശക്തമായ ഒരു നിലയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ന്യൂയോർക്ക് പിച്ചിൽ 100ന് മുകളിൽ ഒരു സ്കോർ മറികടക്കുക എന്നത് വളരെ കഠിനമായിരുന്നു.
എന്നാൽ ഇന്ത്യയുടെ മുൻപിൽ വളരെ തന്ത്രപരമായി കളിച്ച് മികച്ച ഒരു സ്കോറാണ് അമേരിക്ക കെട്ടിപ്പടുത്തിരിക്കുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് സൂപ്പർ 8 ഉറപ്പിക്കാൻ സാധിക്കും.