2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റ്കൊണ്ടും ബോൾകൊണ്ടും വളരെ മോശം പ്രകടനമാണ് ഇതുവരെ ഹർദിക് പാണ്ഡ്യ കാഴ്ച വെച്ചിട്ടുള്ളത്. എന്നിരുന്നാലും വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഉപനായകനായി പാണ്ഡ്യയെ തിരഞ്ഞെടുക്കുകയുണ്ടായി.
ജൂൺ 5ന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. അതിനായുള്ള 15 അംഗ സ്ക്വാഡിന്റെ ഉപനായകനാണ് ഹർദിക് പാണ്ഡ്യ. എന്നാൽ ഹർദിക് പാണ്ഡ്യയെ ഇന്ത്യ ഉപനായകനായി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ.
ഇന്ത്യയുടെ സ്‌ക്വാഡ് സെലക്ഷനിൽ വലിയ രീതിയിലുള്ള വ്യക്തത കുറവ് നിലനിൽക്കുന്നുണ്ട് എന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്. “സെലക്ഷൻ പ്രക്രിയ എന്ന് പറഞ്ഞാൽ അത് ഒരുപാട് കൃത്യമായ പ്ലാനിങ് ആവശ്യമുള്ള ഒന്നാണ്. എന്നിരുന്നാലും ഇന്ത്യൻ സ്ക്വാഡിന്റെ സെലക്ഷനിലെ വ്യക്തത സംബന്ധിച്ച് വലിയ രീതിയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു. റിങ്കുവിനെ പോലെയുള്ള മികച്ച ബാറ്റർമാരെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം പരിശോധിക്കേണ്ടതാണ്. മുൻപ് ഇന്ത്യയുടെ ലോകകപ്പിലെ പ്രധാന താരമായി മാറാൻ സാധ്യതയുള്ള കളിക്കാരൻ ആയിരുന്നു റിങ്കു.”- ഇർഫാൻ പറയുന്നു.
“കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ തന്ത്രങ്ങളിൽ വലിയ രീതിയിലുള്ള മാറ്റം വന്നിട്ടുണ്ട്. സീനിയർ താരങ്ങളെ മാറ്റിനിർത്താനാണ് അന്ന് ഇന്ത്യ തീരുമാനിച്ചത്. ശേഷം അവരുടെ അനുഭവ സമ്പത്തിന്റെ ബലത്തിൽ അവരെ ടീമിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്ലാനിങ്ങിൽ വ്യക്തത വരുത്തേണ്ടതുണ്ട്. മുൻപ് ഹർദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ നായകൻ.”
“എന്നാൽ ഇപ്പോൾ രോഹിത് ശർമ ഇന്ത്യയുടെ ട്വന്റി20യിലെ നായകനായി മുൻപിലേക്ക് വന്നിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിന് ശേഷം വേറൊരു തന്ത്രമായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്. പാണ്ഡ്യ, സൂര്യകുമാർ യാദവ് തുടങ്ങി താരങ്ങളെ ടീമിലേക്ക് ഉൾപ്പെടുത്താനായിരുന്നു അന്ന് ഇന്ത്യ ശ്രമിച്ചത്.”- പത്താൻ കൂട്ടിച്ചേർക്കുന്നു.
“ഹർദിക് പാണ്ഡ്യയെയാണ് ഇത്തവണത്തെ ടീമിന്റെ ഉപനായകനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. അതിന് പിന്നിലുള്ള കാരണം എനിക്ക് മനസ്സിലാവും. നായകത്വത്തിൽ ഒരു തുടർച്ച ഉണ്ടാവുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള തീരുമാനം ഇന്ത്യ കൈകൊണ്ടത്. എന്നിരുന്നാലും ബുമ്രയെ പോലെ ഒരു മികച്ച താരത്തെ നായകനായി നിശ്ചയിച്ചാലും അത് ഒരു മോശം തീരുമാനമാവില്ലായിരുന്നു.”- പത്താൻ പറഞ്ഞു വയ്ക്കുന്നു.
ഇത്തവണത്തെ ഐപിഎല്ലിൽ ഇതുവരെ 10 മത്സരങ്ങളിൽ നിന്ന് 19 റൺസ് മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാൻ സാധിച്ചത്. 6 വിക്കറ്റുകളും തന്റെ പേരിൽ ചേർക്കാൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞു.