പാണ്ഡ്യയെ എന്തിനാണ് നിങ്ങൾ കൂവുന്നത്? വേറെ ഒരിടത്തും ഇത് നടക്കില്ല. പിന്തുണയുമായി അശ്വിൻ.

hardik pandya ipl 2024

മുംബൈ ഇന്ത്യൻസ് തങ്ങളുടെ നായസ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റി ഹർദിക് പാണ്ഡ്യയെ പ്രതിഷ്ഠിച്ചത് മുതൽ ഒരുപാട് പ്രശ്നങ്ങളാണ് ടീമിന് ചുറ്റും ഉണ്ടായിരിക്കുന്നത്. രോഹിതിനെ നായക സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ ഹർദിക് പാണ്ഡ്യക്കെതിരെ വലിയ രീതിയിലുള്ള ആരാധക രോക്ഷമുണ്ടായി.

മുംബൈയുടെ ആദ്യ ഐപിഎൽ മത്സരങ്ങളിൽ ഹാർദിക്കിനെതിരെ ആരാധകർ ഗ്യാലറിയിൽ കൂകിവിളിക്കുന്ന അവസ്ഥാ വിശേഷം പോലും കാണാൻ സാധിച്ചു. ഇത്തരത്തിൽ ഹർദിക് പാണ്ഡ്യയെ അപമാനിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. പാണ്ഡ്യക്ക് പൂർണമായ പിന്തുണ പ്രഖ്യാപിച്ചാണ് അശ്വിൻ രംഗത്തെത്തിയിരിക്കുന്നത്.

“ഇക്കാര്യത്തിൽ യാതൊരു തരത്തിലും ഒരു താരത്തിനോ ഫ്രാഞ്ചൈസിയോ ഒരു റോളുമില്ല. ആരാധകർക്കാണ് ഇക്കാര്യത്തിൽ പൂർണ്ണ ഉത്തരവാദിത്തം എന്ന് എനിക്ക് തോന്നുന്നു. മറ്റേതെങ്കിലും രാജ്യത്ത് ഇത്തരത്തിൽ കൂകി വിളിക്കുന്ന സംഭവങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ?”

“ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടിന്റെയും സാക് ക്രോളിയുടെയും ആരാധകർ ഇത്തരത്തിൽ തമ്മിലടിക്കുന്നത് നമുക്ക് കാണാൻ സാധിക്കുമോ? ബട്ലറിന്റെയും റൂട്ടിന്റെയും ആരാധകർ ഇങ്ങനെ അടി ഉണ്ടാക്കാറുണ്ടോ? ഇതൊക്കെയും ഭ്രാന്തമാണ്. ഒരു കാരണവശാലും ഓസ്ട്രേലിയയിൽ സ്റ്റീവ് സ്മിത്തിന്റെയും പാറ്റ് കമ്മിൻസിന്റെയും ആരാധകർ തമ്മിൽ അടി ഉണ്ടാക്കുന്നത് നമുക്ക് കാണാൻ സാധിക്കില്ല.”- അശ്വിൻ പറയുന്നു.

“ഇക്കാര്യത്തെ സംബന്ധിച്ച് ഞാൻ പലവട്ടം സംസാരിച്ചിട്ടുണ്ട്. ഇത് ക്രിക്കറ്റ് ആണ്. ഇവിടെ സിനിമയിലെ പോലെ തന്നെ മാർക്കറ്റിംഗ്, പൊസിഷനിങ് തുടങ്ങിയ കാര്യങ്ങളുണ്ട്. അതൊന്നും തന്നെ ഞാൻ നിരസിക്കുന്നില്ല. എനിക്ക് അതിനൊന്നും വിശ്വാസമില്ലെങ്കിലും അത് ചെയ്യുന്നതിൽ വലിയ തെറ്റില്ല എന്നാണ് എന്റെ കണക്ക് കൂട്ടൽ. ഒരു കാരണവശാലും ആരാധകർ ഇത്തരത്തിൽ പോരടിക്കാൻ പാടില്ല.

Read Also -  ഹർദിക്കൊക്കെ ലോകകപ്പിൽ എന്ത് കാണിക്കാനാണ്? ചോദ്യവുമായി മാത്യു ഹെയ്ഡൻ.

ഈ താരങ്ങളൊക്കെയും ദേശീയതലത്തിൽ ഏതു രാജ്യത്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന കാര്യം നമ്മൾ ഓർക്കണം. അവർ നമ്മുടെ രാജ്യത്തെ കളിക്കാർ തന്നെയാണ്. പിന്നെ ഇത്തരത്തിൽ ഒരു താരത്തെ കൂകി വിളിക്കേണ്ട ആവശ്യം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.

“ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ സൗരവ് ഗാംഗുലി സച്ചിൻ ടെണ്ടുൽക്കറുടെ കീഴിൽ കളിച്ചിട്ടുണ്ട്. സച്ചിൻ ഗാംഗുലിയുടെ കീഴിലും കളിച്ചിട്ടുണ്ട്. ഈ രണ്ടു താരങ്ങളും ദ്രാവിഡിന്റെ കീഴിൽ കളിച്ചിട്ടുള്ളവരാണ്. ഇവർ മൂന്നു പേരെയുമെടുത്താൽ അനിൽ കുംബ്ലെയുടെ കീഴിൽ ഇന്ത്യൻ ടീമിൽ കളിച്ചവരാണ്. മാത്രമല്ല ഈ 4 താരങ്ങൾ ധോണിയുടെ കീഴിലും കളിച്ചിട്ടുണ്ട്.

ധോണിയുടെ കീഴിൽ ഇവർ ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ ഇവരെല്ലാം ക്രിക്കറ്റ് ഇതിഹാസങ്ങൾ തന്നെയാണ്. ധോണി പിന്നീട് വിരാട്ടിന്റെ കീഴിലും കളിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ നമ്മൾ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.”- അശ്വിൻ പറഞ്ഞു വെക്കുന്നു.

Scroll to Top