പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ വിമർശിക്കാൻ ഡിവില്ലിയേഴ്സ് ആരാണ്!! ഗംഭീർ രംഗത്ത്.

ഹർദിക് പാണ്ഡ്യയുടെ നായകത്വ മികവിനെ ചോദ്യം ചെയ്ത എ ബി ഡിവില്ലിയേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ഗൗതം ഗംഭീർ. ഒരു ഐപിഎൽ ടീമിന്റെ നായകനായി കളിക്കാത്ത ഡിവില്ലിയേഴ്സ് ഹർദിക് പാണ്ഡ്യയെ വിമർശിക്കാൻ അർഹനല്ല എന്നാണ് ഗംഭീർ ചൂണ്ടിക്കാട്ടുന്നത്.

മുൻപ് പാണ്ടയുടെ നായകത്വ ശൈലിയെയും അതിന്റെ അർഹതയെയും ചോദ്യം ചെയ്തായിരുന്നു ഡിവില്ലിയേഴ്സ് രംഗത്തെത്തിയത്. ശേഷമാണ് ഇപ്പോൾ ഗംഭീർ വലിയ രീതിയിലുള്ള പ്രതിരോധം തീർത്തിരിക്കുന്നത്. ടീമിനുണ്ടാകുന്ന പരാജയം എല്ലായിപ്പോഴും ക്യാപ്റ്റനുമായി കൂട്ടി വായിക്കേണ്ടതില്ല എന്നാണ് ഗംഭീർ പറഞ്ഞിരിക്കുന്നത്.

ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുക എന്നത് എക്സ്പേർട്ടുകളുടെ ജോലിയാണ് എന്ന് ഗംഭീർ പറയുന്നു. “എക്സ്പേർട്ടുകൾ എന്ത് പറയുന്നു എന്നതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല. എന്തെങ്കിലുമൊക്കെ പറയുക എന്നുള്ളത് അവരുടെ ജോലിയാണ്. ഒരു ടീമിന്റെ പ്രകടനം നോക്കി ഒരാളുടെ നായകത്വം വിലയിരുത്താൻ ആർക്കും തന്നെ സാധിക്കില്ല എന്നതാണ് എന്റെ അഭിപ്രായം.”

“ഈ വർഷം മുംബൈ ഇന്ത്യൻസ് വളരെ നന്നായി പ്രകടനം കാഴ്ചവച്ചിരുന്നുവെങ്കിൽ എല്ലാവരും ഹർദിക് പാണ്ഡ്യയെ വലിയ രീതിയിൽ പ്രശംസകൾ കൊണ്ട് മൂടിയേനെ. പക്ഷേ മുംബൈ ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാത്തതിനാൽ എല്ലാവരും തന്നെ പാണ്ഡ്യയെ വിമർശിക്കുന്നു.”- ഗംഭീർ പറഞ്ഞു.

“എല്ലാ ദിവസവും, എല്ലാ മത്സരത്തിലും അവനെ ജഡ്ജ് ചെയ്യുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല. ഈ വിമർശിക്കുന്ന എക്സ്പേർട്ടുകളൊക്കെയും തങ്ങൾ ടീമിന്റെ നായകനായിരുന്നപ്പോഴുള്ള ടീമിന്റെ പ്രകടനങ്ങൾ സ്വയം എടുത്തു പരിശോധിക്കണം. ഡിവില്ലിയേഴ്‌സ് ആയാലും കെവിൻ പീറ്റേഴ്സനായാലും അതാണ് ചെയ്യേണ്ടത്.”

“ഇവരൊക്കെയും ഐപിഎല്ലിൽ നായകനായിരുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നില്ല. അവരുടെയൊക്കെയും റെക്കോർഡുകൾ എടുത്ത് പരിശോധിച്ചാൽ മറ്റേത് നായകന്മാരെക്കാളും വളരെ മോശമായിരിക്കും.”- ഗൗതം ഗംഭീർ കൂട്ടിച്ചേർക്കുന്നു.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനമാണ് ഇതുവരെ മുംബൈ ഇന്ത്യൻസ് കാഴ്ച വെച്ചിട്ടുള്ളത്. 13 മത്സരങ്ങൾ ഈ സീസണിൽ കളിച്ച മുംബൈയ്ക്ക് 4 മത്സരങ്ങളിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ സാധിച്ചത്. 9 മത്സരങ്ങളിൽ പരാജയമറിഞ്ഞ മുംബൈ ഇന്ത്യൻസിന് 8 പോയിന്റ് മാത്രമാണുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് മുംബൈ. ആദ്യം ക്വാളിഫയറിൽ നിന്ന് പുറത്തായ ടീം മുംബൈ തന്നെയായിരുന്നു. കേവലം ഒരു മത്സരം മാത്രമാണ് 2024 ഐപിഎല്ലിൽ മുംബൈയ്ക്ക് അവശേഷിക്കുന്നത്.

Previous articleസഞ്ജുവല്ല, റിഷഭ് പന്താണ് ലോകകപ്പ് ടീമിൽ കളിക്കാൻ യോഗ്യൻ. കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഗൗതം ഗംഭീർ.
Next article“ഇത്തവണ ഐപിഎൽ കിരീടം അവർ നേടും. അത്രയ്ക്ക് ശക്തരാണവർ.” ഹർഭജൻ പറയുന്നു.