പാക്കിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു അവിശ്വസനീയ വിജയം സ്വന്തമാക്കി ന്യൂസിലാൻഡ് ടീം. ആദ്യ രണ്ടു മത്സരങ്ങളിലും വിജയം കണ്ട ന്യൂസിലാൻഡ്, മൂന്നാം മത്സരത്തിൽ ഫിൻ അലന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിലാണ് പാക്കിസ്ഥാനെ പഞ്ഞിക്കിട്ടത്. മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി ആയിരുന്നു അലൻ സ്വന്തമാക്കിയത്.
പാക്കിസ്ഥാന്റെ എല്ലാ ബോളർമാരെയും ആക്രമിച്ച അലൻ മത്സരത്തിൽ 62 പന്തുകളിൽ 137 റൺസാണ് നേടിയത്. ഈ ഇന്നിംഗ്സിനിടെ ഒരുപാട് റെക്കോർഡുകൾ തകർത്തെറിയാനും അലന് സാധിച്ചു. മത്സരത്തിൽ കേവലം 5 ബൗണ്ടറികൾ മാത്രമായിരുന്നു അലൻ സ്വന്തമാക്കിയത്. എന്നാൽ 16 സിക്സറുകൾ പാക്കിസ്ഥാൻ താരങ്ങളുടെ തലയ്ക്കു മുകളിലൂടെ പറത്താനും അലന് സാധിച്ചു.
മത്സരത്തിൽ അലന്റെ ബാറ്റിന്റെ ചൂട് യഥാർത്ഥത്തിൽ അറിഞ്ഞത് പാക്കിസ്ഥാൻ സീമർ ഹാരിസ് റോഫ് ആയിരുന്നു. അലനെതിരെ 14 പന്തുകൾ മാത്രമാണ് ഹാരിസ് റോഫ് എറിഞ്ഞത്. ഈ പന്തുകളിൽ 47 റൺസ് സ്വന്തമാക്കാൻ അലന് സാധിച്ചു. 2 ബൗണ്ടറി കളും 6 സിക്സറുകളുമാണ് ഹാരിസ് റോഫിനെതിരെ അലൻ നേടിയത്.
4 ഓവറുകളിൽ ഹാരിസ് റോഫ് വിട്ടുനൽകിയത് 60 റൺസായിരുന്നു. രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയെങ്കിലും റോഫ് ഇത്രയും റൺസ് വിട്ടു നൽകിയത് പാക്കിസ്ഥാന് വലിയ തിരിച്ചടി നൽകി. ഇത് പാകിസ്ഥാന്റെ പരാജയത്തിനും വലിയ കാരണമാവുകയായിരുന്നു.
മത്സരത്തിൽ 16 സിക്സറുകൾ നേടിയതോടെ ഒരു വലിയ റെക്കോർഡും അലൻ സ്വന്തമാക്കി. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം എന്ന റെക്കോർഡിൽ അഫ്ഗാനിസ്ഥാൻ ഓപ്പണർ ഹസ്രത്തുള്ള സസായ്ക്കൊപ്പം എത്താൻ അലന് സാധിച്ചിട്ടുണ്ട്.
അയർലൻഡിനെതിരെ ഡെറാഡൂണിൽ 4 വർഷങ്ങൾക്കു മുൻപായിരുന്നു സസായി ഒരു ഇന്നിംഗ്സിൽ 16 സിക്സറുകൾ നേടിയത്. മാത്രമല്ല ഒരു ന്യൂസിലാൻഡ് ബാറ്ററുടെ ട്വന്റി20 ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും അലൻ പേരിൽ ചേർക്കുകയുണ്ടായി. മുൻപ് ബ്രണ്ടൻ മക്കല്ലത്തിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.
മത്സരത്തിൽ അലന്റെ വെടിക്കെട്ടോടുകൂടി നിശ്ചിത 20 ഓവറുകളിൽ 224 റൺസാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. അലന് പുറമേ വിക്കറ്റ് കീപ്പർ സീഫർട്ട് 23 പന്തുകളിൽ 37 റൺസുമായി തിളങ്ങി. മറുപടി ബാറ്റിംഗിൽ കേവലം 179 റൺസിന് പാക്കിസ്ഥാൻ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.
പാകിസ്ഥാനായി 37 പന്തുകളിൽ 58 റൺസ് നേടിയ ബാബർ ആസമാണ് മികച്ചു നിന്നത്. മറ്റു ബാറ്റർമാറും റൺസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇത്ര വലിയ വിജയ ലക്ഷ്യത്തിന് മുൻപിൽ അടിയറവ് പറയുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര 3-0ന് സ്വന്തമാക്കാനും കിവികൾക്ക് സാധിച്ചിട്ടുണ്ട്.