2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയൊഫിന് മുൻപ് തന്നെ ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചിരുന്നു. പ്രധാനമായും പാകിസ്ഥാനെതിരെ നടക്കുന്ന ട്വന്റി20 പരമ്പര ലക്ഷ്യം വച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ താരങ്ങളെ നാട്ടിലേക്ക് തിരികെ വിളിച്ചത്. ശേഷം പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്താനും ഇംഗ്ലണ്ടിന് സാധിച്ചു.
ഇതിനുശേഷം പാക്കിസ്ഥാൻ ടീമിനെതിരെ വലിയ രീതിയിലുള്ള ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. പാക്കിസ്ഥാനെതിരെ കളിക്കുന്നതിലും ഭേദം ഇംഗ്ലണ്ട് താരങ്ങൾ ഐപിഎല്ലിൽ തുടരുന്നതായിരുന്നു എന്നാണ് മൈക്കിൾ വോൺ പറഞ്ഞിരിക്കുന്നത്. രണ്ടാം ട്വന്റിയിൽ പാക്കിസ്ഥാൻ മോശം പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് മൈക്കിൾ വോണിന്റെ ഈ ആരോപണം.
ഐപിഎൽ ഫ്രാഞ്ചൈസികളിൽ കളിക്കാൻ ഇംഗ്ലണ്ട് താരങ്ങളെ സമ്മതിക്കേണ്ടിയിരുന്നു എന്നാണ് വോൺ ഇപ്പോൾ പറയുന്നത്. അത് സമ്മതിക്കാതിരുന്നത് ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായ വലിയ തെറ്റാണ് എന്ന് വോൺ ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങളെ തിരികെ വിളിച്ചത് ഇംഗ്ലണ്ട് കാട്ടിയ വലിയ അബദ്ധം തന്നെയാണ്. വിൽ ജാക്സ്, ഫില്‍ സോൾട്ട്, ജോസ് ബട്ലർ എന്നിവരൊക്കെയും ഐപിഎല്ലിന്റെ പ്ലേയോഫ് മത്സരങ്ങൾ കളിക്കേണ്ടിയിരുന്നു. അങ്ങനെയെങ്കിൽ അവർക്ക് കുറച്ചുകൂടി മത്സരബുദ്ധിയും ആരാധക സമ്മർദ്ദവും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചേനെ. എന്റെ അഭിപ്രായത്തിൽ പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയെക്കാൾ ഒരുപാട് മെച്ചപ്പെട്ടതാണ് ഇന്ത്യൻ പ്രീമിയർ ലീഗ്.”- മൈക്കിൾ വോൺ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് താരങ്ങളുടെ സമ്മർദ്ദത്തെ നിയന്ത്രിക്കാൻ കാരണമാകും എന്നാണ് വോൺ കരുതുന്നത്. “അന്താരാഷ്ട്ര ക്രിക്കറ്റിന് തന്നെയാണ് പ്രാധാന്യം നൽകേണ്ടത്. എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗ് എന്താണ് സമ്മർദ്ദം എന്ന് കാണിച്ചുതരുന്ന ഒന്നാണ്. ലീഗിൽ കളിക്കുമ്പോൾ താരങ്ങൾക്ക് ആരാധകരുടെയും ഓണർമാരുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും സമ്മർദ്ദം ഉണ്ടാകും. അതവർക്ക് ഗുണകരമായി മാറും. വിൽ ജാക്സ്, ഫിൽ സോൾട്ട് എന്നീ താരങ്ങൾ ബാംഗ്ലൂരിനായും കൊൽക്കത്തക്കായും ഐപിഎല്ലിന്റെ രണ്ടാം പകുതിയിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു.”- വോൺ കൂട്ടിച്ചേർക്കുകയുണ്ടായി.
ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലെയോഫിന്റെ തൊട്ടുമുൻപായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ താരങ്ങളെ തിരികെ വിളിച്ചത്. ഇത് ഐപിഎല്ലിലെ പല ഫ്രാഞ്ചൈസികളെയും ബാധിച്ചിട്ടുണ്ട്. പ്ലേയോഫിലെത്തിയ ബാംഗ്ലൂരിന് തങ്ങളുടെ സൂപ്പർ താരമായ വിൽ ജാക്സിനെ നഷ്ടമായിരുന്നു. പകരക്കാരനായി എത്തിയ മാക്സ്വെല്ലിന് മികച്ച പ്രകടനം പുറത്തെടുക്കാനും സാധിച്ചില്ല. സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിന് ജോസ് ബട്ലറുടെ സേവനമാണ് നഷ്ടമായത്. ഇത് രണ്ടാം ക്വാളിഫയറിൽ അവരെ ബാധിക്കുകയും ചെയ്തു.