2025 ചാമ്പ്യൻസ് ട്രോഫിയിൽ, രണ്ടാം മത്സരത്തിൽ ഇന്ത്യൻ ടീമിൽ അനിവാര്യമായ മാറ്റം വേണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഇന്ത്യ അധികമായി ഒരു സ്പിന്നറെ കൂടി ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ഗവാസ്കർ പറയുന്നത്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ച വരുൺ ചക്രവർത്തിയെ ഇന്ത്യ പാകിസ്ഥാനെതിരെ മൈതാനത്ത് ഇറക്കണം എന്നാണ് ഗവാസ്കറുടെ അഭിപ്രായം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷമായിരുന്നു സ്പിന്നറായ വരുൺ ചക്രവർത്തിയെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്. എന്നിരുന്നാലും ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായി കളിക്കാൻ വരുണിന് സാധിച്ചില്ല. പക്ഷേ രണ്ടാം മത്സരത്തിൽ വരുണിനെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട് എന്നാണ് ഗവാസ്കർ കരുതുന്നത്.
ബംഗ്ലാദേശിനെതിരായ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും മധ്യ ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യയുടെ സ്പിന്നർമാർക്ക് സാധിച്ചില്ല. 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് ശേഷം ഇത് ആദ്യമായി ആയിരുന്നു മധ്യ ഓവറുകളിൽ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് പോലും കണ്ടെത്താൻ സാധിക്കാതെ വന്നത്. ജഡേജയ്ക്കും കുൽദീപ് യാദവിനും മത്സരത്തിൽ വിക്കറ്റുകൾ ഒന്നുംതന്നെ നേടാൻ സാധിച്ചില്ല. അക്ഷർ പട്ടേൽ ആദ്യ പവർപ്ലെയിൽ മാത്രമായിരുന്നു വിക്കറ്റുകൾ സ്വന്തമാക്കിയത്. ഇതിന് ശേഷമാണ് ഇപ്പോൾ ഗവാസ്കർ രംഗത്തെത്തിയിരിക്കുന്നത്.
ദുബായിലെ സ്ലോ ആയ ഉപരിതലത്തിൽ ഇന്ത്യയ്ക്ക് ഒരു സ്പിന്നറെ കൂടെ ആവശ്യമാണ് എന്ന് ഗവാസ്കർ പറയുന്നു. “ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ പേസർമാർ വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ഷാമി 5 വിക്കറ്റും ഹർഷിത് റാണ 3 വിക്കറ്റുകളും മത്സരത്തി,
ൽ നേടി. പേസർമാർ വിക്കറ്റുകൾ സ്വന്തമാക്കുന്ന സമയത്ത് സ്പിന്നർമാരാണ് റൺ സ്കോറിങ് നിയന്ത്രിക്കേണ്ടത്. അതുകൊണ്ടു തന്നെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ അധിക സ്പിന്നറായി വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തണം എന്നാണ് ഞാൻ കരുതുന്നത്.”- ഗവാസ്കർ പറയുകയുണ്ടായി.
പാക്കിസ്ഥാനെതിരായ നാളെ നടക്കാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് വളരെ നിർണായകമാണ്. മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് ടൂർണമെന്റിന്റെ അടുത്ത സ്റ്റേജിലേക്ക് ചുവടുവെക്കാൻ സാധിക്കും. മറുവശത്ത് പാക്കിസ്ഥാന്റെ നില കൂടുതൽ ഗുരുതരമാണ്. ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ ദയനീയമായ പരാജയമാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പരാജയം നേരിട്ടാൽ പാകിസ്ഥാൻ സെമിഫൈനൽ കാണാതെ പുറത്താവും എന്ന കാര്യം ഏകദേശം ഉറപ്പാണ്.