“പാകിസ്ഥാനെതിരെ ഇന്ത്യയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ രോഹിതിന് കഴിയും “- യുവരാജ് സിംഗ്.

ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യക്കായി നായകൻ രോഹിത് ശർമ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുമെന്ന് തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. മത്സരത്തിൽ ഏറ്റവും അപകടകാരിയായ താരമായി രോഹിത് ശർമ മാറുമെന്നാണ് യുവരാജ് കരുതുന്നത്. നിലവിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ അല്ലെങ്കിലും രോഹിത് അപകടകാരിയാണ് എന്ന് യുവരാജ് പറയുന്നു. അതുകൊണ്ട് തന്നെ പാകിസ്ഥാൻ ബോളർമാർ രോഹിതിന് മുൻപിൽ അല്പം ബുദ്ധിമുട്ടും എന്നാണ് യുവരാജ് കരുതുന്നത്.

“നിലവിൽ ഏകദിന ക്രിക്കറ്റിലും നിശ്ചിത ഓവർ ഫോർമാറ്റിലും വിരാട് കോഹ്ലിയെ പോലെ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറാണ് രോഹിത് ശർമ. നിലവിൽ ബാറ്റിംഗിൽ അവൻ കുറച്ചു ബുദ്ധിമുട്ടുന്നുണ്ടെങ്കിലും റൺസ് സ്വന്തമാക്കുന്നുണ്ട്. അത് എതിർ ടീമിന് കൂടുതൽ അപകടകരമാണ്. അവൻ പൂർണ്ണമായ ഫോമിലാണെങ്കിൽ 60 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കാൻ അവന് സാധിക്കും. അതാണ് രോഹിത്തിന്റെ നിലവാരം. മികച്ച തുടക്കം മത്സരത്തിൽ ലഭിക്കുകയാണെങ്കിൽ കേവലം ബൗണ്ടറികൾ മാത്രമല്ല അതിനപ്പുറം സിക്സറുകൾ പായിക്കാൻ രോഹിത്തിന് അനായാസം കഴിയും.”- യുവരാജ് പറയുന്നു.

പേസർമാർക്കെതിരെ കൃത്യമായി രോഹിത് പുലർത്തുന്ന ആധിപത്യത്തെയും പ്രശംസിച്ചു കൊണ്ടാണ് യുവരാജ് സംസാരിച്ചത്. “ഒരു ബോളർ 145- 150 കിലോമീറ്റർ സ്പീഡിലാണ് പന്ത് എറിയുന്നതെങ്കിൽ പോലും രോഹിത്തിന് അനായാസം ഹുക്ക് ഷോട്ട് കളിക്കാൻ സാധിക്കും. അത്തരം പന്തുകളിൽ രോഹിതിന്റെ സ്ട്രൈക്ക് റേറ്റ് 120നും 140നും ഇടയിലാണ്. അവന്റേതായ ദിവസം അവന് ഒറ്റയ്ക്ക് ഇന്ത്യൻ ടീമിനെ വിജയിപ്പിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.”- യുവരാജ് കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനെതിരെ ഏകദിന ക്രിക്കറ്റിൽ വമ്പൻ റെക്കോർഡാണ് രോഹിത് ശർമയ്ക്കുള്ളത്. ഇതുവരെ 19 ഏകദിന മത്സരങ്ങളാണ് പാകിസ്ഥാനെതിരെ രോഹിത് ശർമ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 873 റൺസ് സ്വന്തമാക്കാൻ രോഹിതിന് കഴിഞ്ഞിട്ടുണ്ട്. 51.3 ശരാശരിയിലാണ് രോഹിത്തിന്റെ ഈ നേട്ടം. 2 സെഞ്ച്വറികളും 8 അർദ്ധ സെഞ്ച്വറികളുമാണ് പാകിസ്ഥാനെതിരെ രോഹിത് നേടിയിട്ടുള്ളത്. 2019 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടിയ 140 റൺസാണ് രോഹിത്തിന്റെ ഉയർന്ന സ്കോർ.

Previous articleപാകിസ്ഥാനെതിരെ ഇന്ത്യ ഇക്കാര്യം ചെയ്യണം. മുൻ ഇന്ത്യൻ താരത്തിന്റെ നിർദ്ദേശം