പാകിസ്ഥാനും ഇംഗ്ലണ്ടുമില്ല, ലോകകപ്പ് കിരീടമുയർത്താൻ സാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുത്ത് ജയ് ഷാ.

2024 ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയ്ക്ക് അടുത്തതായി വരാനിരിക്കുന്നത് 2024 ട്വന്റി 20 ലോകകപ്പാണ്. ഐപിഎല്ലിന് ശേഷം അമേരിക്കയിലേക്ക് തിരിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ജൂൺ 1 മുതൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് 2024 ട്വന്റി20 ലോകകപ്പ് നടക്കുന്നത്.

ലോകകപ്പിൽ ഗ്രൂപ്പ് എയിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ത്യയുടെ ക്യാമ്പയിൻ ജൂൺ അഞ്ചിന് അയർലൻഡിനെതിരെ ആരംഭിക്കും. ന്യൂയോർക്കിലാണ് ആദ്യ മത്സരം നടക്കുക. ശേഷം ജൂൺ 9ന് ബദ്ധവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ നേരിടും. പിന്നീട് യുഎസ്എ, കാനഡ എന്നീ ടീമുകളാണ് ഇന്ത്യയ്ക്ക് എതിരാളികളായി വരുന്നത്.

2024 ട്വന്റി20 ലോകകപ്പിന് മുൻപ് വലിയൊരു പ്രവചനം നടത്തിയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ രംഗത്ത് എത്തിയിരിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പ് നേടാൻ സാധ്യതയുള്ള നാല് ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ജയ് ഷാ ഇപ്പോൾ. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്ന് ഇന്ത്യയാണ് എന്ന് ഷാ പറയുന്നു. ഒപ്പം കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം ചൂടിയ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന വെസ്റ്റിൻഡീസ് എന്നീ ടീമുകളാണ് ഇത്തവണ ലോകകപ്പിലെ ശക്തർ എന്നും ജയ് ഷാ പറഞ്ഞു.

“ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്. പിന്നെ ആതിഥേരായ വെസ്റ്റിൻഡീസും. കാരണം ഇവരൊക്കെയാണ് ട്വന്റി20കളിൽ നിലവിൽ ഏറ്റവും മികച്ച ടീമുകൾ.”- ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഷാ പറയുകയുണ്ടായി. എന്നിരുന്നാലും കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുത്ത പാക്കിസ്ഥാനെയും ഇംഗ്ലണ്ടിനെയും ജയ് ഷാ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

2022ൽ ഓസ്ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനും ഇംഗ്ലണ്ടും ആയിരുന്നു ഫൈനലിൽ പരസ്പരം ഏറ്റുമുട്ടിയത്. എന്നാൽ ഈ ലോകകപ്പിൽ ഈ ടീമുകൾക്ക് മികവ് പുലർത്താൻ സാധിക്കില്ല എന്നാണ് ജയ് ഷാ കരുതുന്നത്.

2024 ട്വന്റി20 ലോകകപ്പിൽ പാകിസ്താന്റെ ആദ്യ മത്സരം ജൂൺ 6നാണ് നടക്കുന്നത്. ശേഷം ഇന്ത്യക്കെതിരായ മത്സരം പാക്കിസ്ഥാൻ കളിക്കും. മറുവശത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സ്കോട്ട്‌ലൻഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം നടക്കുന്നത്.

Previous articleഒരുപാട് നായകർ വരും പോകും, പക്ഷേ ധോണി സ്പെഷ്യലാണ്. ചെന്നൈയെ അവൻ പ്ലേയോഫിലെത്തിക്കും : കൈഫ്‌.
Next article“ലോകകപ്പിൽ അവന്റെ ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയാവും”- രാജസ്ഥാൻ താരത്തെപറ്റി ഇർഫാൻ പത്താൻ..