ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ പൂർണമായും എറിഞ്ഞിടാൻ ഹൈദരാബാദിന് സാധിച്ചു. വമ്പൻ ബാറ്റിംഗ് നിര ഉണ്ടായിട്ടും ചെന്നൈക്ക് മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 165 റൺസ് മാത്രം നേടാനേ സാധിച്ചുള്ളൂ.
24 പന്തുകളിൽ 45 നേടിയ ശിവം ദുബെ ആയിരുന്നു ചെന്നൈയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിനായി തുടക്കത്തിൽ തന്നെ യുവതാരം അഭിഷേക് ശർമ വെടിക്കെട്ട് തീർക്കുകയായിരുന്നു. 12 പന്തുകളിൽ 37 റൺസാണ് അഭിഷേക് നേടിയത്. ശേഷം മാക്രവും(50) അർത്ഥസെഞ്ചറി സ്വന്തമാക്കിയതോടെ ഹൈദരാബാദ് അനായാസം വിജയത്തിലെത്തി. മത്സരത്തിലെ പരാജയത്തെ പറ്റി ചെന്നൈ നായകൻ ഋതുരാജ് സംസാരിക്കുകയുണ്ടായി.
ഹൈദരാബാദിന്റെ അവിശ്വസനീയ ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ തങ്ങൾക്ക് പരാജയം സമ്മാനിച്ചത് എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് ഋതുരാജ്. “സത്യസന്ധമായി പറഞ്ഞാൽ ഇതൊരു വളരെ സ്ലോ ആയ പിച്ചായിരുന്നു. അവർ ഞങ്ങളുടെ ഇന്നിങ്സിന്റെ അവസാന ഭാഗങ്ങളിൽ വളരെ നന്നായി തന്നെ പന്തറിഞ്ഞു. മത്സരത്തിൽ പൂർണമായി അവർ നിയന്ത്രണം ഉണ്ടാക്കുകയും ചെയ്തു. ഞങ്ങൾക്ക് അവസരം മുതലാക്കാനുള്ള സമയം അവർ തന്നില്ല. മത്സരത്തിന്റെ തുടക്ക സമയത്ത് ഞങ്ങൾ നന്നായി ബാറ്റ് ചെയ്തു എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ പിന്നീട് അവർ തിരികെയെത്തി മികവ് പുലർത്തുകയാണ് ചെയ്തത്.”- ഋതുരാജ് പറഞ്ഞു.
“ഇതൊരു കറുത്ത മണ്ണുള്ള പിച്ചാണ്. അതുകൊണ്ടു തന്നെ പന്ത് കൂടുതൽ സ്ലോ ആകുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു. പക്ഷേ ഞങ്ങൾ വിചാരിച്ചതിലും സ്ലോ ആയാണ് കാര്യങ്ങൾ നടന്നത്. മാത്രമല്ല ബൗണ്ടറിയുടെ ദൂരം അവർ നന്നായി തന്നെ ഉപയോഗിച്ചു. പവർപ്ലേ ഓവറുകളിൽ ഞങ്ങളുടെ ബോളർമാർ കുറച്ചധികം റൺസ് വഴങ്ങുകയുണ്ടായി. ഒരു ക്യാച്ച് ഞങ്ങൾ നഷ്ടപ്പെടുത്തി. മാത്രമല്ല അധിക റൺസ് വിട്ടുനൽകി. എന്നിരുന്നാലും ഇങ്ങനെ ഒരു മത്സരം 19ആം ഓവർ വരെ എത്തിക്കാൻ സാധിച്ചത് വലിയ കാര്യമായി തന്നെയാണ് ഞാൻ കാണുന്നത്.”- ഋതുരാജ് കൂട്ടിച്ചേർത്തു.
“മത്സരത്തിൽ 170- 175 റൺസോളം സ്വന്തമാക്കാൻ സാധിച്ചിരുന്നെങ്കിൽ അത് വളരെ നല്ലൊരു സ്കോറായി തന്നെ ഞാൻ ചിന്തിച്ചേനെ. പക്ഷേ മത്സരത്തിന്റെ അവസാന സമയങ്ങളിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആ സമയത്ത് പോലും മോയിൻ അലിക്ക് സ്പിൻ ലഭിച്ചിരുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. 15 16 ഓവറുകളിൽ മൊയിൻ സ്പിൻ കണ്ടെത്തി. അതുകൊണ്ടുതന്നെ മത്സരത്തിനിടെ പിച്ചിൽ വലിയ മാറ്റം വന്നതായി ഞാൻ കരുതുന്നില്ല.”- ഋതുരാജ് പറഞ്ഞു വയ്ക്കുന്നു.