ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം ദുബായിലാണ് നടക്കുന്നത്. ഇതുവരെ ഒരു മത്സരത്തിൽ പോലും പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. മാത്രമല്ല ഫൈനലിലെ എതിരാളികളായ ന്യൂസിലാൻഡിനെ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച രീതിയിൽ പരാജയപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
അതിനാൽ തന്നെ വലിയ ആത്മവിശ്വാസമാണ് ഇന്ത്യൻ ടീമിനുള്ളത്. 2013 ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം മറ്റൊരു കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നാളെ മൈതാനത്ത് ഇറങ്ങുന്നത്. ഈ സമയത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമയെ പറ്റി പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
ചാമ്പ്യൻസ് ട്രോഫി ഫൈനൽ എന്ന തങ്ങൾക്ക് മുൻപിലുള്ള വലിയ വെല്ലുവിളിയെ പറ്റി ഗംഭീർ സംസാരിക്കുകയുണ്ടായി. താൻ നിലവിൽ കണ്ടതിൽ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ എന്ന് ഗംഭീർ തുറന്ന് പറഞ്ഞു. ഒരു ക്യാപ്റ്റൻ എന്നതിലുപരി ഒരു നല്ല മനുഷ്യനായി തുടരാൻ രോഹിത് ശർമയ്ക്ക് സാധിക്കുന്നുണ്ട് എന്നാണ് ഗംഭീർ പറയുന്നത്. അതുകൊണ്ടാണ് രോഹിത്തിന് ഐപിഎല്ലിൽ അടക്കം വലിയ വിജയങ്ങൾ സ്വന്തമാക്കാൻ സാധിച്ചത് എന്നും ഗംഭീർ പറഞ്ഞു. എന്നാൽ ഐപിഎല്ലും ട്വന്റി20 ലോകകപ്പും അടക്കമുള്ള കിരീട നേട്ടങ്ങളൊക്കെയും പഴങ്കഥയാണെന്നും നിലവിൽ തങ്ങൾ ലക്ഷ്യം വയ്ക്കുന്നത് മുൻപിലുള്ള ചാമ്പ്യൻസ് ട്രോഫി എന്ന കിരീടമാണെന്നും ഗംഭീർ തുറന്നു പറയുകയുണ്ടായി.
“ഒരു മികച്ച നായകനാണ് രോഹിത് ശർമ എന്ന കാര്യം പൂർണമായും മറന്നേക്കൂ. അവനുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഒരു മികച്ച വ്യക്തിയാണ് രോഹിത് ശർമ. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങൾ ഒരു നല്ല മനുഷ്യനായി മാറിയാൽ മാത്രമേ നല്ലൊരു നേതാവായി മാറാൻ സാധിക്കുകയുള്ളൂ. രോഹിത്തിനെ സംബന്ധിച്ച് അത് കൃത്യമാണ്. അതുകൊണ്ടാണ് അവന് ഐപിഎല്ലിൽ അടക്കം വലിയ വിജയങ്ങൾ സ്വന്തമാക്കാൻ സാധിച്ചത്. മാത്രമല്ല ട്വന്റി20 ലോകകപ്പ് നേടാനും അവന് സാധിച്ചിട്ടുണ്ട്.”- ഗംഭീർ പറയുകയുണ്ടായി.
“പക്ഷേ എങ്ങനെ നോക്കിയാലും ഇതൊക്കെ ചരിത്രം മാത്രമാണ്. ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞു പോയതാണ്. ഇപ്പോൾ നമുക്ക് മുൻപിലുള്ളത് വലിയ വെല്ലുവിളിയാണ്. ഒരു ബാറ്റർ എന്ന നിലയിൽ മാത്രമല്ല, ഒരു ക്യാപ്റ്റൻ എന്ന നിലയിലും രോഹിത് ശർമയ്ക്ക് അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും എന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട്.”- ഗംഭീർ ഒരു വീഡിയോയിൽ പറയുകയുണ്ടായി. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇതുവരെ ഇന്ത്യൻ ടീമിനെ വളരെ മികച്ച രീതിയിൽ നയിക്കാൻ രോഹിതിന് സാധിച്ചിട്ടുണ്ട് ഫൈനലിലും രോഹിത് ഇത് ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.