2024 ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യയുടെ ടീം സെലക്ഷൻ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഉടൻ തന്നെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കും എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിന്റെ വിക്കറ്റ് കീപ്പർ ആരാവും എന്ന സംശയം നിലനിൽക്കുകയാണ്.
സ്ക്വാഡിൽ റിഷഭ് പന്ത് ഉറപ്പായും ഉണ്ടാവും എന്നാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. പന്തിനൊപ്പം സഞ്ജു സാംസനും ഇന്ത്യയുടെ സ്ക്വാഡിൽ എത്തണം എന്ന അഭിപ്രായമാണ് സൗരവ് ഗാംഗുലി പങ്കുവെച്ചിരിക്കുന്നത്. രണ്ടു വിക്കറ്റ് കീപ്പർമാരും ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് ഗാംഗുലി പറയുന്നത്.
വലിയൊരു അപകടത്തിന് ശേഷം ഒരു വമ്പൻ തിരിച്ചുവരമായിരുന്നു പന്ത് ഈ ഐപിഎല്ലിലൂടെ നടത്തിയത്. പന്തിന്റെ ഈ തിരിച്ചുവരവ് എടുത്തുകാട്ടിയാണ് സൗരവ് ഗാംഗുലി സംസാരിച്ചത്. തനിക്ക് സഞ്ജുവിനെയും പന്തിനെയും ഒരുപോലെ ഇഷ്ടമാണ് എന്ന് ഗാംഗുലി പറയുന്നു. എന്നിരുന്നാലും ട്വന്റി20 ലോകകപ്പിലേക്ക് പന്ത് ആദ്യം തന്നെ എത്തുമെന്നാണ് ഗാംഗുലി കരുതുന്നത്. പന്തിനൊപ്പം സഞ്ജു സാംസനും എത്തിയാൽ തനിക്ക് കൂടുതൽ സന്തോഷമാകുമെന്നും ഗാംഗുലി പറയുകയുണ്ടായി. സഞ്ജു ഇത്തവണ വളരെ മികച്ച രീതിയിലാണ് രാജസ്ഥാൻ ടീമിനെ നയിച്ചത് എന്ന് ഗാംഗുലി എടുത്തുപറഞ്ഞു.
“ഞാൻ സഞ്ജു സാംസനെ ഇഷ്ടപ്പെടുന്നു. പന്തിനെയും എനിക്ക് ഇഷ്ടമാണ്. പന്ത് നേരിട്ട് ട്വന്റി20 ലോകകപ്പിലേക്ക് എത്തുമെന്നാണ് ഞാൻ കരുതുന്നത്. സഞ്ജുവും ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിച്ചേക്കും. സഞ്ജു ലോകകപ്പ് ടീമിൽ ഇടംപിടിക്കരുത് എന്ന് എനിക്ക് ഒരിക്കലും പറയാൻ സാധിക്കില്ല.”
“കാരണം ആരെക്കാളും മികച്ച ബാറ്റർ തന്നെയാണ് സഞ്ജു സാംസൺ. നന്നായി ബാറ്റ് ചെയ്യാനും രാജസ്ഥാൻ റോയൽസിനെ അതിവിദഗ്ധമായി നയിക്കാനും സഞ്ജു സാംസന് ഇതിനോടകം സാധിച്ചിട്ടുണ്ട്. സെലക്ടർമാർക്ക് ആവശ്യമെങ്കിൽ രണ്ടു താരങ്ങളെയും ഉൾപ്പെടുത്തുക. എന്തായാലും പന്ത് സ്ക്വാഡിൽ ഉണ്ടാവണം.”- ഗാംഗുലി പറഞ്ഞു.
ഇതുവരെ ഈ ഐപിഎല്ലിൽ വമ്പൻ പ്രകടനങ്ങൾ മാത്രമാണ് പന്ത് കാഴ്ച വെച്ചിട്ടുള്ളത്. നിലവിൽ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് പന്ത് നിലനിൽക്കുന്നു. 9 മത്സരങ്ങളിൽ നിന്ന് ഡൽഹിക്കായി 342 റൺസ് ഇതിനോടകം പന്ത് നേടി കഴിഞ്ഞു. ഗുജറാത്തിനെതിരായ ഡൽഹിയുടെ മത്സരത്തിൽ 43 പന്തുകളിൽ 88 റൺസ് ആയിരുന്നു പന്തിന്റെ സമ്പാദ്യം. മറുവശത്ത് 8 മത്സരങ്ങളിൽ നിന്നും 314 റൺസാണ് സഞ്ജു സാംസൺ നേടിയിട്ടുള്ളത്. 150 നു മുകളിൽ സ്ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ട്.