ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പ്രശംസകളുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് മഞ്ജരേക്കർ.
മത്സരത്തിൽ പന്ത് പുറത്തെടുത്ത വമ്പൻ ബാറ്റിംഗ് പ്രകടനത്തെ പ്രശംസിച്ചാണ് മഞ്ജരേക്കർ സംസാരിച്ചത്. മത്സരത്തിൽ 32 പന്തുകൾ നേരിട്ട പന്ത് 53 റൺസാണ് നേടിയത്. ഇന്ത്യയെ 183 എന്ന വമ്പൻ സ്കോറിലെത്തിക്കാൻ പന്തിന്റെ ഈ മികച്ച ഇന്നിങ്‌സിന് സാധിച്ചു.
ശേഷം ബംഗ്ലാദേശ് 122 റൺസിന് പുറത്താവുകയും ഇന്ത്യ 60 റൺസിന്റെ വിജയം സ്വന്തമാക്കുകയുമാണ് ഉണ്ടായത്. മത്സരത്തിൽ ക്രീസിലേത്തിയ ഉടൻതന്നെ പിച്ചിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പന്ത് കളിച്ചു എന്നാണ് മഞ്ജരേക്കർ പറയുന്നത്. ഇക്കാരണത്താൽ പന്ത് പ്രശംസകൾ അർഹിക്കുന്നു എന്നാണ് മഞ്ജരേക്കറുടെ പക്ഷം.
“പന്ത് ക്രീസിലെത്തുന്ന സമയത്ത് പിച്ച് കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. അതിനു മുൻപ് ക്രീസിലെത്തിയ സഞ്ജു സാംസൺ 6 പന്തുകളില്‍ ഒരു റൺ മാത്രം നേടി പുറത്താവുകയുണ്ടായി. എന്നാൽ പന്ത് ക്രീസിൽ എത്തിയതോടുകൂടി കാര്യങ്ങൾ മാറിമറിഞ്ഞു. തന്റെ പ്രത്യേകത പന്ത് മത്സരത്തിൽ തുറന്നു കാട്ടുകയുണ്ടായി.”
“കൃത്യമായ രീതിയിൽ വളരെ പെട്ടെന്ന് തന്നെ പിച്ചിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് പെരുമാറാനും പന്തിന് സാധിച്ചു.”- മഞ്ജരേക്കർ സ്റ്റാർ സ്പോർട്സിൽ പറയുകയുണ്ടായി. മത്സരത്തിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമാണ് പന്ത് സ്വന്തമാക്കിയത്. ബുദ്ധിമുട്ടേറിയ പിച്ച് ആയിരുന്നിട്ടും 200 സ്ട്രൈക്ക് റേറ്റിലായിരുന്നു പന്ത് ഇന്നിംഗ്സ് കെട്ടിപ്പടുത്തത്.
“വളരെ ബുദ്ധിമുട്ടേറിയ പിച്ചിൽ 200 സ്ട്രൈക്ക് റേറ്റിലാണ് പന്ത് തന്റെ റൺസ് കണ്ടെത്തിയത്. അതാണ് പന്തിന്റെ പ്രത്യേകതയും. ട്വന്റി20 ക്രിക്കറ്റിൽ അത്ര മികച്ച റെക്കോർഡുകളല്ല പന്തിനുള്ളത്. ട്വന്റി20കളിൽ 20 റൺസാണ് പന്തിന്റെ ശരാശരി. 120ഓ അതിൽ താഴെയോ സ്ട്രൈക്ക് റേറ്റ് മാത്രമാണ് പന്തിനുള്ളത്. എന്നാൽ അങ്ങനെയുള്ള പന്തിന് എന്ത് ചെയ്യാൻ സാധിക്കുമെന്ന് നമ്മൾ ഇന്ന് കണ്ടു.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു. ഇതുവരെ ഇന്ത്യക്കായി 66 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള പന്ത് 972 റൺസാണ് നേടിയിട്ടുള്ളത്. 22.43 ആണ് പന്തിന്റെ ശരാശരി.
മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറും ഈ പ്രകടനത്തിൽ പന്തിനെ പുകഴ്ത്തിയാണ് സംസാരിച്ചത്. “എല്ലാവരും അവൻ നേടിയ 4 ബൗണ്ടറികളും 4 സിക്സളുമാണ് എടുത്തുകാട്ടുന്നത്. പക്ഷേ ആദ്യ 6 പന്തുകളിൽ ഒരു റൺ മാത്രമാണ് അവന് നേടാൻ സാധിച്ചത്. ആ സമയത്ത് മൈതാനത്ത് കുറച്ചധികം സമയം കണ്ടെത്തിയതാണ് പന്തിനെ സഹായിച്ചത്. സ്പിന്നർമാർക്കെതിരെ വളരെ സൂക്ഷ്മമായാണ് പന്ത് കളിച്ചത്. സ്പിന്നിനെതിരെ വലിയ ഷോട്ടുകൾ തുടക്കത്തിൽ പന്ത് കളിച്ചിരുന്നില്ല. അവന്റെ മികച്ച ഷോട്ടുകൾ പിറന്നത് പേസർമാർക്ക് എതിരെയായിരുന്നു. അവന്റെ മനസ്സിൽ ഒരു സ്ഥിരത കൈവന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നി.”- ബംഗാർ പറഞ്ഞു.