2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഫൈനലിൽ ഇടംപിടിച്ച് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ സെമിഫൈനൽ മത്സരത്തിൽ 4 വിക്കറ്റുകളുടെ വമ്പൻ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിൽ ഇടംപിടിച്ചത്. വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനവും മുഹമ്മദ് ഷാമിയുടെ ബോളിംഗ് പ്രകടനവുമാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 265 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി വിരാട് കോഹ്ലി പക്വതയാർന്ന ബാറ്റിംഗ് പ്രകടനമായിരുന്നു പുറത്തെടുത്തത്. ഈ വിജയത്തോടെ ഫൈനൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയാണ് ഇന്ത്യയുടെ ഫൈനലിലെ എതിരാളികളായി എത്തുക.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓസ്ട്രേലിയയുടെ യുവ ഓപ്പണറായ കോൺലിയെ(0) പുറത്താക്കാൻ ഷാമിയ്ക്ക് സാധിച്ചു. ശേഷം മികച്ച ഒരു കൂട്ടുകെട്ടാണ് ട്രാവിസ് ഹെഡും ക്യാപ്റ്റൻ സ്മിത്തും ഓസ്ട്രേലിയക്ക് നൽകിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. 33 പന്തുകളിൽ 39 നേടിയ ഹെഡിനെ വരുൺ ചക്രവർത്തി പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. എന്നാൽ സ്മിത്തിനൊപ്പം ലബുഷൈനും ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചു. ഇരുവരും മധ്യ ഓവറുകളിൽ ഓസ്ട്രേലിക്കായി റൺസ് കണ്ടെത്തി.
മത്സരത്തിൽ സ്മിത്ത് 96 പന്തുകൾ നേരിട്ട് 73 റൺസാണ് സ്വന്തമാക്കിയത്. ശേഷം അവസാന ഓവറുകളിൽ ഓസ്ട്രേലിയക്കായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് കീപ്പർ അലക്സ് കെയറിയാണ്. 57 പന്തുകളിൽ 61 റൺസ് നേടി ഓസ്ട്രേലിയയെ കരകയറ്റാൻ അലക്സ് കെയറിയ്ക്ക് സാധിച്ചു. എന്നിരുന്നാലും ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് കേവലം 264 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി മൂന്നും വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡയും രണ്ടും വിക്കറ്റുകൾ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഗില്ലിന്റെ(8) വിക്കറ്റ് ആണ് തുടക്കത്തിൽ നഷ്ടമായത്.
ശേഷം 28 റൺസ് നേടിയ രോഹിതും പുറത്തായതോടെ ഇന്ത്യ പതറി. പക്ഷേ ഒരുവശത്ത് എക്കാലത്തെയും ഇന്ത്യയുടെ വിശ്വസ്തനായ വിരാട് കോഹ്ലി ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ശ്രേയസ് അയ്യരെയും കൂട്ടുപിടിച്ച് കൃത്യമായ രീതിയിൽ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു. ഇരുവരും മധ്യ ഓവറുകളിൽ സിംഗിളുകൾ നേടി ഇന്ത്യയുടെ സ്കോർ ചലിപ്പിക്കുകയായിരുന്നു. അയ്യർ 62 പന്തുകളിൽ 45 റൺസ് നേടിയ ശേഷമാണ് മടങ്ങിയത്. ഇതിനുശേഷവും കോഹ്ലി ഇന്ത്യയുടെ കാവലാളായി ക്രീസിൽ ഉറക്കുകയുണ്ടായി. മത്സരത്തിൽ 98 പന്തുകളിൽ 84 റൺസ് സ്വന്തമാക്കിയ ശേഷമാണ് വിരാട് കോഹ്ലി കൂടാരം കയറിയത്. ശേഷം പാണ്ട്യയും(28) രാഹുലും(42) ചേർന്ന് മത്സരത്തിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.