2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തങ്ങളുടെ നാലാം പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് മുൻപിൽ കീഴടങ്ങിയ രാജസ്ഥാൻ ബോളർമാരെയാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ 9 വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാന് ഏറ്റുവാങ്ങേണ്ടി വന്നത്. ബാംഗ്ലൂരിനായി മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് ഫിൽ സോൾട്ടും വിരാട് കോഹ്ലിയുമായിരുന്നു. ബോളിങ്ങിൽ ബാംഗ്ലൂരിനായി എല്ലാവരും മികച്ച പ്രകടനം മൈതാനത്ത് കാഴ്ചവച്ചു.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസനെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ ബാംഗ്ലൂരിന് സാധിച്ചു. 15 റൺസ് മാത്രമാണ് സഞ്ജു മത്സരത്തിൽ നേടിയത്. പക്ഷേ രാജസ്ഥാന്റെ മറ്റൊരു ഓപ്പണായ ജയസ്വാൾ ടീമിനായി പൊരുതി. ആദ്യ ബോൾ മുതൽ കൃത്യമായി ആക്രമണം അഴിച്ചുവിട്ട് റൺസ് സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു.
47 പന്തുകളിൽ 10 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 75 റൺസാണ് ജയസ്വാൾ സ്വന്തമാക്കിയത്. എന്നാൽ അവസാന ഓവറുകളിൽ വേണ്ട രീതിയിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ രാജസ്ഥാന്റെ താരങ്ങൾക്ക് സാധിച്ചില്ല. ഇത് ടീമിനെ ബാധിക്കുകയായിരുന്നു.
നിശ്ചിത 20 ഓവറുകളിൽ കേവലം 173 റൺസ് മാത്രമായിരുന്നു രാജസ്ഥാന് നേടാൻ സാധിച്ചത്. ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ആദ്യ ബോൾ മുതൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഫിൽ സോൾട്ടാണ് പവർപ്ലേ ഓവറുകളിൽ തന്നെ ബാംഗ്ലൂർ ടീമിനെ മുൻപിലെത്തിച്ചത്. കൃത്യമായ സമയങ്ങളിൽ ബൗണ്ടറികൾ കണ്ടെത്തി ബാംഗ്ലൂരിന്റെ സ്കോറിംഗ് റേറ്റ് ഉയർത്താൻ താരത്തിന് സാധിച്ചു. ഒരുവശത്ത് വിരാട് കോഹ്ലി രണ്ടാം ഫീഡിൽ കളിക്കുകയാണ് ചെയ്തത്. 33 പന്തുകളിൽ 5 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 65 റൺസ് സ്വന്തമാക്കിയ ശേഷമാണ് സോൾട്ട് കൂടാരം കയറിയത്.
ഇതിന് ശേഷം വിരാട് കോഹ്ലി ക്രീസിലുറച്ച് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കോഹ്ലി 45 പന്തുകളിൽ 62 റൺസ് നേടി. 4 ബൗണ്ടറികളും 2 സിക്സറുകളുമാണ് താരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ഈ സീസണിലെ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതുവരെ 6 മത്സരങ്ങൾ ഈ സീസണിൽ കളിച്ച ബാംഗ്ലൂർ 2 മത്സരങ്ങളിൽ മാത്രമാണ് പരാജയം നേരിട്ടത്. എന്തായാലും മികച്ച തുടക്കം തന്നെയാണ് ഈ സീസണിൽ ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്.