ന്യൂയോർക്ക് പിച്ചിൽ ട്വന്റി20 കളിക്കാൻ പറ്റില്ല. ബോളിംഗ് പിച്ചിനെതിരെ രാഹുൽ ദ്രാവിഡ്‌ രംഗത്ത്..

rahul dravid scaled

ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ഈ ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. ന്യൂയോർക്കിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ന്യൂയോർക്കിൽ നടന്ന കഴിഞ്ഞ മത്സരങ്ങളിലൊക്കെ തന്നെ ബോളിങ്ങിനെ പിച്ച് അനുകൂലിക്കുന്നത് കാണുകയുണ്ടായി. മാത്രമല്ല പിച്ചിൽ കൃത്യമായി ബൗൺസ് ലഭിക്കാതെ വരുകയും ബാറ്റർമാർ കുഴയുകയും ചെയ്തു.

ഇതിനെതിരെ മുൻപ് രാഹുൽ ദ്രാവിഡ് രംഗത്ത് വന്നിരുന്നു. ടൂർണ്ണമെന്റ് പുരോഗമിക്കുമ്പോൾ ഇത്തരം പിച്ചുകൾ താരങ്ങൾക്ക് അപകടമുണ്ടാക്കി മാറ്റും എന്നായിരുന്നു രാഹുൽ ദ്രാവിഡ് പറഞ്ഞത്. ഇപ്പോൾ ഇത്തരം പിച്ചുകളിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ദ്രാവിഡ്.

ന്യൂയോർക്കിൽ പുതുതായി നിർമിച്ച പിച്ച് യാതൊരു കാരണവശാലും ട്വന്റി20 ഫോർമാറ്റിന് അനുയോജ്യമായതല്ല എന്നാണ് രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെടുന്നത്. ട്വന്റി20 മത്സരങ്ങൾ കളിക്കാൻ ഇത്തരം പിച്ചുകളിൽ ബുദ്ധിമുട്ടാണ് എന്ന് ദ്രാവിഡ് തുറന്നു പറഞ്ഞിരിക്കുകയാണ്. ബോളിങ്ങിനെ തുണക്കുന്ന പിച്ചാണ് ന്യൂയോർക്കിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

അതിനാൽ തന്നെ ബാറ്റർമാർ അമ്പെ പരാജയപ്പെടുന്ന കാഴ്ചയും മത്സരങ്ങളിൽ കാണുന്നുണ്ട്. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിൽ ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ ശ്രീലങ്ക നേടിയത് കേവലം 77 റൺസ് മാത്രമായിരുന്നു. ഇത് ചെയ്സ് ചെയ്യാൻ ദക്ഷിണാഫ്രിക്കയും നന്നായി ബുദ്ധിമുട്ടി.

Read Also -  രാഹുലിനെ കളിപ്പിക്കണം, സർഫറാസിനെ ഒഴിവാക്കണം. രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെപറ്റി പാർഥിവ് പട്ടേല്‍.

ഇതിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ പിച്ചിനെ സംബന്ധിച്ചുള്ള വെല്ലുവിളികൾ തുറന്നു പറഞ്ഞിരിക്കുന്നത്. “ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ട്വന്റി20 ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾക്ക് ന്യൂയോർക്കിൽ സാധിക്കില്ല. ഞങ്ങൾ സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കേണ്ടതുണ്ട്. ഈ പിച്ചിൽ 140 എന്ന സ്കോർ ഒരു മികച്ച ടോട്ടൽ തന്നെയായിരിക്കും. എന്നിരുന്നാലും ഞങ്ങളുടെ ടീമിൽ പരിചയ സമ്പന്നർമാരായ ഒരുപാട് ബാറ്റർമാരുണ്ട്.”

”അവർക്ക് ഞങ്ങളെ മികച്ച സ്കോറിലേക്ക് എത്തിക്കാനും സാധിക്കും. ന്യൂയോർക്കിലെ പിച്ചിൽ മത്സരത്തിന്റെ തുടക്കം മുതൽ വമ്പൻ ഷോട്ടുകൾ കളിക്കാൻ സാധിക്കില്ല. അത് അനായാസം ആയിരിക്കില്ല. എന്നാൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ദ്രാവിഡ് പറഞ്ഞു.

ജൂൺ അഞ്ചിന് അയർലണ്ടിനെതിരെ നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. മത്സരത്തിൽ വിജയം നേടി പൂർണ്ണമായ ആത്മവിശ്വാസം ഇന്ത്യയ്ക്ക് സ്വന്തമാക്കേണ്ടതുണ്ട്. ജൂൺ 9ന് പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്. അയർലണ്ടിനെതിരായ മത്സരത്തിൽ വമ്പൻ വിജയം നേടിയാൽ മാത്രമേ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികവ് പുലർത്താൻ സാധിക്കൂ. അതിനാൽ ഇരു മത്സരങ്ങളിലും ശക്തമായ പ്ലെയിങ് ഇലവനെ അണിനിരത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Scroll to Top