2024 ട്വന്റി20 ലോകകപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന പോരാട്ടം. ജൂൺ 9ന് ന്യൂയോർക്കിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ 60 റൺസിന്റെ വിജയം നേടിയതോടെ ഇന്ത്യ കൂടുതൽ കരുത്തർ ആയിട്ടുണ്ട്.
എന്നാൽ ഈ വിജയതുടക്കം ഇന്ത്യയ്ക്ക് ഇത്തവണ മുതലാക്കാൻ സാധിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് മുൻപ് വലിയൊരു ആശങ്ക പങ്കുവച്ചിരിക്കുകയാണ് മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ്. ന്യൂയോർക്കിലെ പിച്ചിനെ സംബന്ധിച്ച് തന്റെ ആശങ്കയാണ് ദ്രാവിഡ് തുറന്നു പറഞ്ഞിരിക്കുന്നത്.
മണലിന്റെ അംശം അധികമായുള്ള പിച്ചാണ് ന്യൂയോർക്കിലെത് എന്ന് ദ്രാവിഡ് പറയുന്നു. “ന്യൂയോർക്കിലുള്ള പിച്ച് അത്ര കഠിനമല്ല. അതുകൊണ്ടു തന്നെ പന്തിന്റെ ചലനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളിൽ താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത വളരെയേറെയാണ്. വലിയ മത്സരങ്ങളെ അത് ബാധിക്കാനും സാധ്യതയുണ്ട്. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയുടെ ബോളർമാരും ബാറ്റർമാരും പിച്ചിനെ പറ്റി നന്നായി മനസ്സിലാക്കി തന്നെയാണ് കളിച്ചത്.”- ദ്രാവിഡ് പറഞ്ഞു. ഇതേസമയം പാക്കിസ്ഥാനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ദ്രാവിഡ്.
ഇത്തവണയും കരുത്തുറ്റ ബോളിങ് നിരയുമായാണ് പാകിസ്ഥാൻ ലോകകപ്പിലേക്ക് എത്തിയിരിക്കുന്നത്. ബാബർ ആസമാണ് പാക് നിരയുടെ നായകൻ. ഷാഹിൻ അഫ്രീദി, മുഹമ്മദ് അമീർ, നസീം ഷാ, ഹാരിസ് റോഫ് എന്നീ കരുത്തുറ്റ ബൗളർമാരൊക്കെയും ഇത്തവണയും പാക്കിസ്ഥാൻ ടീമിൽ അണിനിരക്കുന്നുണ്ട്. ബാറ്റിംഗിൽ ബാബർ ആസാം, ഇഫ്തിക്കാർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ എന്നിവരാണ് പ്രധാന പോരാളികൾ. ശതാബ് ഖാൻ, ഇമാദ് വസീം എന്നിവരാണ് പാകിസ്താന്റെ ഇത്തവണത്തെ ഓൾറൗണ്ടർമാർ.
ഇതിൽ ഇന്ത്യയെ ഏറ്റവും ഭീഷണിപ്പെടുത്തിയിട്ടുള്ളത് ഷാഹിൻ അഫ്രീദി തന്നെയാണ്. അതിനാൽ ഈ ടൂർണമെന്റിൽ അഫ്രീദിയ്ക്കെതിരെ വളരെ കരുതലോടെ കളിക്കാനാവും ഇന്ത്യൻ ബാറ്റർമാർ ശ്രമിക്കുക.
ഒപ്പം മുഹമ്മദ് അമീർ പാകിസ്ഥാൻ ടീമിലേക്ക് തിരികെയെത്തിയതും ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ ബാറ്റർമാരെ ഒക്കെയും വിറപ്പിച്ച പേസറാണ് അമീർ. എന്നിരുന്നാലും 2022 ലോകകപ്പിൽ പാകിസ്ഥാൻ ബോളർമാർക്കെതിരെ മികച്ച പോരാട്ടം നയിക്കാൻ കോഹ്ലി അടക്കമുള്ള താരങ്ങൾക്ക് സാധിച്ചിരുന്നു. ഇത്തവണ വിൻഡീസിലെയും അമേരിക്കയിലെയും സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഭീഷണികൾ മറികടക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യൻ നിര.