ലക്നൗ സൂപ്പർ താരം ഡിഗ്വേഷ് സിംഗിനെതിരെ തുടർച്ചയായ രണ്ടാം മത്സരത്തിലും ശക്തമായ ശിക്ഷ നൽകി ബിസിസിഐ. മത്സരത്തിൽ ഐപിഎൽ നിയമം ലംഘിക്കുന്ന തരത്തിൽ ആഘോഷ പ്രകടനങ്ങൾ നടത്തിയതിനാണ് ബിസിസിഐ ശിക്ഷ നൽകിയത്. മത്സരത്തിലെ ഫീസിന്റെ 50% ആണ് ഡിഗ്വേഷ് പിഴയായി അടക്കേണ്ടത്.
മുംബൈയ്ക്കെതിരായ മത്സരത്തിൽ ലക്നൗ 12 റൺസിന്റെ വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിനിടെ ഡിഗ്വേഷ് നടത്തിയ ആഘോഷം വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഈ ലെഗ് സ്പിന്നർ ഇത്തരത്തിൽ മോശം ആഘോഷ രീതിയുടെ പേരിൽ പിഴ ഏറ്റുവാങ്ങുന്നത്.
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും ഡിഗ്വേഷ് ഇത്തരത്തിൽ നോട്ടുബുക്ക് സെലിബ്രേഷൻ നടത്തുകയുണ്ടായി. പഞ്ചാബിന്റെ ഓപ്പണർ പ്രിയാൻഷ് ആര്യ പുറത്തായ സമയത്തായിരുന്നു ഡിഗ്വേഷിന്റെ വളരെ മോശമായ നോട്ടുബുക്ക് സെലിബ്രേഷൻ. ബാറ്ററെ പ്രകോപിപ്പിക്കുന്ന രീതിയിൽ ബാറ്ററുടെ അടുത്ത് ചെന്നാണ് താരം ഇത്തരത്തിൽ ആഘോഷം നടത്തിയത്. ഇതിന്റെ പേരിൽ മാച്ച് ഫീസിന്റെ 25% താരത്തിന് പിഴയായി അടയ്ക്കേണ്ടി വന്നു. ശേഷമാണ് ഇപ്പോൾ മുംബൈ ബാറ്റർ നമൻ ദീറിനെ പുറത്താക്കി കഴിഞ്ഞ് വീണ്ടും ഈ ആഘോഷ രീതി ഡിഗ്വേഷ് ആവർത്തിച്ചത്.
“ആർട്ടിക്കിൾ 2.5ന്റെ കീഴിൽ വരുന്ന രണ്ടാം ലെവൽ അച്ചടക്ക ലംഘനമാണ് താരം മത്സരത്തിൽ നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തിന് 2 ഡിമെറിറ്റ് പോയിന്റുകളാണ് ഇത്തവണ നൽകുന്നത്. പഞ്ചാബിനെതിരായ മത്സരത്തിൽ ഒരു ഡീമെറിറ്റ് പോയിന്റ് താരത്തിന് നൽകിയിരുന്നു. ഇത്തരത്തിലുള്ള അവസരങ്ങളിൽ മാച്ച് റഫറിയുടെ അവസാനഘട്ട തീരുമാനങ്ങൾ കൂടി പരിശോധിച്ചതിന് ശേഷമാണ് പിഴ നൽകാൻ നിശ്ചയിക്കുന്നത്.”- ഐപിഎൽ കമ്മിറ്റി അറിയിച്ചു.
ഐപിഎൽ നിയമപ്രകാരം ഒരുതരത്തിലും ഒരു താരം മറ്റൊരു താരത്തെ ഭാഷ കൊണ്ടോ അംഗവിക്ഷേപങ്ങൾ കൊണ്ടോ പ്രകോപിപ്പിക്കാൻ പാടില്ല. അത്തരത്തിൽ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നപക്ഷം വലിയ പിഴ തന്നെ നൽകേണ്ടിവരും. എന്നിരുന്നാലും താരങ്ങൾ ആഘോഷിക്കുന്നതിൽ തെറ്റില്ല. അതിന്റേതായ മാന്യത മൈതാനത്ത് പുലർത്തേണ്ടതുണ്ട്. എന്നാൽ ഇതൊന്നും തന്നെ 2 മത്സരങ്ങളിലും മൈതാനത്ത് പുലർത്താൻ ഡിഗ്വേഷിന് സാധിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് ഇപ്പോൾ വലിയ തുക പിഴയായി നൽകേണ്ടി വന്നത്. ലക്നൗ സൂപ്പർ ജയന്റസിന്റെ നായകൻ പന്തിനും ഇത്തവണ പിഴ നിശ്ചയിച്ചിട്ടുണ്ട്. മത്സരത്തിൽ സ്ലോ ഓവർ റൈറ്റ് പുലർത്തിയതിന്റെ പേരിലാണ് താരത്തിന് പിഴ ചുമത്തിരിക്കുന്നത്.