നെറ്റ്സിൽ മണിക്കൂറുകളോളം ബോൾ ചെയ്ത് ഹർദിക്, ബാറ്റിങ് പരിശീലനവുമായി സിറാജും അർഷദീപും..

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പരിശീലനങ്ങൾ ആരംഭിച്ചു. വ്യാഴാഴ്ച ന്യൂയോർക്കിലാണ് ഇന്ത്യയുടെ ആദ്യ പരിശീലന സെക്ഷൻ നടന്നത്. ജൂൺ ഒന്നിന് ബംഗ്ലാദേശിനെ ഇന്നലെ നടക്കുന്ന പരിശീലന മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യ തയ്യാറെടുപ്പുകൾ ആരംഭിച്ചത്.

പുതുതായി നിർമ്മിച്ച നാസോ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയ്ക്കായി പരിശീലന പിച്ചുകൾ ഉണ്ടാക്കിയിരുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ ട്രെയിനിങ്ങിൽ ഏർപ്പെട്ടത്. വിരാട് കോഹ്ലി അടക്കമുള്ള ചില താരങ്ങൾ മാത്രമാണ് പരിശീലന സെക്ഷനിൽ നിന്ന് മാറി നിന്നത്. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് വിരാട് കോഹ്ലി ന്യൂയോർക്കിലെത്താൻ താമസിച്ചത്. എന്നിരുന്നാലും മെയ് 31ന് കോഹ്ലി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വ്യാഴാഴ്ച ഇന്ത്യ നടത്തിയ പരിശീലന സെഷനിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ തന്നെയായിരുന്നു. പരിശീലന വിഭാഗത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായ രീതിയിൽ ഹർദിക് പങ്കെടുക്കുകയുണ്ടായി. ഈയാഴ്ചയുടെ തുടക്കത്തിലാണ് ഹർദിക് ഇന്ത്യൻ ടീമിനൊപ്പം ന്യൂയോർക്കിൽ ഒത്തുചേർന്നത്. വ്യാഴാഴ്ച ഏകദേശം ഒരു മണിക്കൂറോളം നെറ്റ്സിൽ ബോൾ ചെയ്യാൻ ഹർദിക് തയ്യാറായി. തന്റെ ബോളിങ് കഴിവുകളും ഫിറ്റ്നസും പൂർണമായി തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഹർദിക് ഇത്രയധികം ബോൾ ചെയ്തത്. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി ഇത്തരത്തിൽ തുടർച്ചയായി പന്തറിയാൻ ഹർദിക്കിന് സാധിച്ചിരുന്നില്ല.

ഇതിന് ശേഷം കുറച്ചധികം സമയം ബാറ്റിങ്ങിലും പരിശീലനത്തിൽ ഏർപ്പെടാനും ഹർദിക്കിന് സാധിച്ചു. പരിശീലന സെഷന്റെ അവസാന സമയങ്ങളിലായിരുന്നു ഹർദിക് ബാറ്റിംഗിൽ ശ്രദ്ധ ചെലുത്തിയത്. ഇന്ത്യയുടെ ബാറ്റിംഗ് കോച്ചായ വിക്രം റാത്തോറുമായി ഹർദിക് സംസാരിക്കുന്നതും പരിശീലന സെഷനിടെ കാണാൻ സാധിച്ചു.

ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മോശം പ്രകടനമായിരുന്നു ഹർദിക് കാഴ്ചവെച്ചത്. 14 മത്സരങ്ങളിൽ നിന്ന് കേവലം 216 റൺസ് മാത്രമാണ് ഹർദിക് സ്വന്തമാക്കിയത്. 11 വിക്കറ്റുകൾ തന്റെ പേരിൽ ചേർക്കാൻ ഹർദിക്കിന് സാധിച്ചിരുന്നു. ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കായി ഒരു നിർണായക റോൾ കളിക്കാൻ ഹർദിക്കിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിശീലനായി ആദ്യം എത്തിയത് രോഹിത് ശർമയും സൂര്യയും ആയിരുന്നു. ഇരുവരും തങ്ങളുടെ ബാറ്റിംഗിൽ പൂർണ്ണമായി ശ്രദ്ധ ചെലുത്തുകയുണ്ടായി. ബൂമ്ര, കുൽദീപ് യാദവ്, ഹർദിക് എന്നിവരാണ് ഈ ബാറ്റർമാർക്ക് എതിരെ ആദ്യ സമയങ്ങളിൽ പന്തറിഞ്ഞത്. എന്നാൽ അർഷദീപ് സിംഗും മുഹമ്മദ് സിറാജും നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തിയത് പലരെയും ഞെട്ടിക്കുകയുണ്ടായി. തങ്ങളുടെ ബോളിംഗ് പരിശീലനത്തിന് മുൻപാണ് ഇവരും ബാറ്റിങ്ങിനായി ഇറങ്ങിയത്.

വാലറ്റ ബാറ്റർമാരിൽ നിന്ന് ഇന്ത്യ കൂടുതൽ മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നതിന് സൂചന കൂടിയാണ് ഈ തയ്യാറെടുപ്പ് നൽകുന്നത്. ഇവർക്കൊപ്പം രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവരും ബാറ്റിങ്ങിലും ബോളിങ്ങിലും പരിശീലനം നടത്തുകയുണ്ടായി.

Previous article“സൂപ്പർതാരങ്ങൾ ഉള്ളതുകൊണ്ട് മാത്രം ലോകകപ്പ് ജയിക്കാൻ സാധിക്കില്ല”- ദ്രാവിഡിന് ബ്രയാൻ ലാറയുടെ ഉപദേശം.
Next articleഈ ലോകകപ്പിൽ ഇന്ത്യ- ഓസീസ് ഫൈനൽ ഉണ്ടാവും. ഇന്ത്യ കണക്ക് തീർക്കും. ശ്രീശാന്തിന്റെ പ്രവചനം.