നിരാശപ്പെടുത്തി സഞ്ജു.. 11 പന്തിൽ 13 റൺസ് നേടി ക്ലീൻ ബൗൾഡായി മടക്കം

കൊൽക്കത്തക്കെതിരായ ഐപിഎൽ മത്സരത്തിൽ നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 11 പന്തുകൾ നേരിട്ട സഞ്ജു സാംസണ് 13 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 2 ബൗണ്ടറികൾ മാത്രമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്.

വൈഭവ് അറോറയുടെ പന്തിലാണ് സഞ്ജു സാംസൺ ബൗൾഡായി പുറത്തായത്. ഒരു മികച്ച ഷോട്ട് കളിക്കാനായി ക്രീസിന് പുറത്തേക്കിറങ്ങിയതായിരുന്നു സഞ്ജു സാംസൺ. എന്നാൽ ഇത് നേരത്തെ കണ്ട അറോറ തന്റെ ലെങ്തിൽ മാറ്റം ഉണ്ടാക്കുകയും സഞ്ജുവിനെ പുറത്താക്കുകയുമാണ് ചെയ്തത്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിന്റെ മോശം പ്രകടനമാണ് രണ്ടാം മത്സരത്തിൽ കണ്ടത്.

മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ബൗണ്ടറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ആദ്യ ഓവറിലെ അവസാന പന്തിലാണ് സഞ്ജു ഒരു തകർപ്പൻ ബൗണ്ടറി കണ്ടെത്തിയത്. ശേഷം നാലാം ഓവറിലെ ആദ്യ പന്തിലും സഞ്ജു ബൗണ്ടറി നേടിയിരുന്നു. പക്ഷേ പിന്നീട് ഇത് ആവർത്തിക്കാൻ സഞ്ജുവിന് സാധിച്ചില്ല. രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സഞ്ജുവിന്റെ വിക്കറ്റ് നൽകിയത്.

വൈഭവ് അറോറ എറിഞ്ഞ നാലാം ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു പുറത്തായത്. 132 കിലോമീറ്റർ സ്പീഡിൽ വന്ന പന്തിൽ സഞ്ജു പുറത്തേക്കിറങ്ങി ഷോട്ട് ഉതിർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കൃത്യമായ യോർക്കറിലൂടെ സഞ്ജുവിനെ ലെഗ് സ്റ്റമ്പ്‌ പിഴുതെറിയാൻ അറോറയ്ക്ക് സാധിച്ചു. ഇതോടെ രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് എല്ലാവർക്കും പ്രതീക്ഷ നൽകാൻ സജുവിന് സാധിച്ചിരുന്നു. പക്ഷേ ഈ ഐപിഎല്ലിലും അസ്ഥിരതയോടെയാണ് സഞ്ജു കളിക്കുന്നത് എന്ന് വ്യക്തമാക്കി തന്ന ഇന്നിങ്സാണ് മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ ഒരു പ്രധാന മാറ്റത്തോടെയാണ് രാജസ്ഥാൻ ഇറങ്ങിയിരിക്കുന്നത്. ശ്രീലങ്കയുടെ പ്രധാന സ്പിന്നർമാരിൽ ഒരാളായ ഹസരംഗ രാജസ്ഥാൻ ടീമിൽ കളിക്കുന്നുണ്ട്. അതേസമയം കൊൽക്കത്തയെ സംബന്ധിച്ച് സുനിൽ നരെയൻ മത്സരത്തിൽ നിന്ന് മാറിനിൽക്കുന്നതാണ് പ്രധാനപ്പെട്ട വാർത്ത. 2021ന് ശേഷം ഇത് ആദ്യമായാണ് സുനിൽ നരേയ്ൻ ഒരു ഐപിഎൽ മത്സരത്തിൽ നിന്ന് മാറി നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അടക്കം കൊൽക്കത്തക്കായ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് സുനിൽ നരെയ്ൻ.

Previous article“എന്റെ സെഞ്ച്വറി നോക്കണ്ട, നീ അടിച്ചു തകർത്തോളൂ”, അവസാന ഓവറിന് മുമ്പ് ശ്രേയസ് ശശാങ്കിനോട് പറഞ്ഞത്..
Next articleകൊൽക്കത്തയോടും തോറ്റ് രാജസ്ഥാൻ. 8 വിക്കറ്റിന്റെ പരാജയം. പിഴച്ചത് ലേലത്തിലോ?