ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 86 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ പരമ്പര നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് യുവതാരങ്ങളായ നിതീഷ് റെഡിയും റിങ്കു സിങ്ങുമാണ്.
ഇരുവരും മത്സരത്തിൽ തകർപ്പൻ അർദ്ധ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. ബോളിങ്ങിൽ ഇന്ത്യക്കായി ക്രീസിലെത്തിയ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ വിജയത്തോടെ വമ്പൻ പരമ്പര നേട്ടമാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചത്. സഞ്ജു സാംസൺ ആക്രമിച്ചു തുടങ്ങിയയെങ്കിലും 10 റൺസ് നേടി പവർപ്ലെയിൽ തന്നെ പുറത്തായി. ശേഷം അഭിഷേക് ശർമയും(15) നായകൻ സൂര്യകുമാർ യാദവും(8) മടങ്ങിയതോടെ ഇന്ത്യ തകരുകയായിരുന്നു.
പക്ഷേ ഇവിടെ നിന്ന് ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി യുവതാരം നിതീഷ് റെഡിയും റിങ്കൂ സിങ്ങും ചേർന്ന് കെട്ടിപ്പടുത്തത്. നാലാം വിക്കറ്റിൽ ബംഗ്ലാദേശ് നിരയെ അടിച്ചൊതുക്കാൻ ഇരുവർക്കും സാധിച്ചു. പതിയെ കൂട്ടുകെട്ട് ആരംഭിച്ച ഇരുവരും പിന്നീട് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
നാലാം വിക്കറ്റിൽ ഇന്ത്യക്കായി 108 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. നിതീഷ് റെഡി 34 പന്തുകളിൽ 4 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 74 റൺസാണ് നേടിയത്. റിങ്കൂ സിംഗ് 29 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സളുമടക്കം 53 റൺസ് നേടി.
ഒപ്പം അവസാന ഓവറുകളിൽ 19 പന്തുകളിൽ 32 റൺസ് നേടിയ ഹർദിക് പാണ്ട്യയും, 6 പന്തുകളിൽ 15 റൺസ് നേടിയ റിയാൻ പരാഗും വെടിക്കെട്ട് തീർത്തതോടെ ഇന്ത്യ ശക്തമായ ഒരു സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 221 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് ആക്രമണത്തോടെയാണ് ആരംഭിച്ചത്.
എന്നാൽ ഇന്ത്യൻ ബോളർമാർക്ക് മുൻപിൽ പിടിച്ചുനിന്ന് വലിയ ഇന്നിംഗ്സുകൾ കെട്ടിപ്പൊക്കുന്നതിൽ ബംഗ്ലാദേശിന്റെ മുൻനിര പരാജയപ്പെട്ടു. കൃത്യമായ സമയങ്ങളിൽ ഇന്ത്യയുടെ സ്പിന്നർമാരും വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ബംഗ്ലാദേശ് തകർന്നുവീണു. മത്സരത്തിന്റെ പകുതിയോടടുത്തപ്പോൾ തന്നെ ബംഗ്ലാദേശ് അടിയറവ് പറയുകയായിരുന്നു.
പിന്നീട് മധ്യനിരയിൽ മഹമുദുള്ള(41) മാത്രമാണ് ബംഗ്ലാദേശിനായി തരക്കേടില്ലാത്ത രീതിയിൽ പൊരുതിയത്. മത്സരത്തിന്റെ അവസാന സമയം വരെ ക്രീസിലുറയ്ക്കാൻ മഹമുദുള്ളയ്ക്ക് സാധിച്ചു. എന്നാൽ ബംഗ്ലാദേശിനെ വിജയത്തിന്റെ അടുത്തെത്തിക്കുന്നതിൽ മഹമുദുള്ള പരാജയപ്പെട്ടു. മത്സരത്തിൽ 86 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.