തന്റെ ഏകദിന കരിയറിലെ ആദ്യ മത്സരമാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ യുവതാരം റിയാൻ പരാഗ് കളിച്ചത്. ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ബോളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പരാഗിന് സാധിച്ചിരുന്നു. അത്യാവശ്യ ഘട്ടത്തിൽ ഇന്ത്യയുടെ രക്ഷകനായി പരാഗ് അവതരിക്കുകയും ചെയ്തു. ശേഷമാണ് ഇന്ത്യ ഏകദിന പരമ്പരയിലും പരഗിനെ മൈതാനത്തിറക്കിയത്.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 3 വിക്കറ്റുകൾ നേടി ഭേദപ്പെട്ട പ്രകടനം തന്നെയാണ് പരാഗ് കാഴ്ചവെച്ചത്. പരാഗിന് തന്റെ ഏകദിന ക്യാപ്പ് സമ്മാനിക്കുന്ന സമയത്ത് കോഹ്ലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് അദ്ദേഹം ഒരു ഭാവി മാച്ച് വിന്നറാണ് എന്ന് വിരാട് കോഹ്ലി പറയുകയുണ്ടായി. 0- 1 എന്ന നിലയിൽ ഇന്ത്യ പരമ്പരയിൽ പിന്നിൽ നിൽക്കുന്ന സമയത്ത് പരഗിന് ഇന്ത്യക്കായി കളിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമാണ് എന്നും കോഹ്ലി കൂട്ടിച്ചേർത്തു.
“റിയാൻ, ആദ്യം തന്നെ നിങ്ങളെ അഭിനന്ദിക്കാനാണ് ഞാൻ തയ്യാറാവുന്നത്. ഇന്ത്യക്കായി ഏകദിനങ്ങളിൽ നിങ്ങളുടെ ആദ്യ മത്സരമാണ്. ഇന്നത്തെ ക്രിക്കറ്റിൽ, പ്രകടനങ്ങളിൽ ഉപരിയായി കുറച്ച് ആളുകളോട് നമ്മൾ കുറച്ചു ഉത്തരവാദിത്വം പുലർത്തേണ്ടതുണ്ട്. നമ്മളെ കാണുന്നവർ നമ്മളിൽ നിന്ന് എല്ലായിപ്പോഴും എന്തെങ്കിലും സ്പെഷ്യലായി പ്രതീക്ഷിക്കുന്നു. ഞാൻ ഗൗതം ഗംഭീർ ഭായിയോടും സെലക്ടർമാരോടും രോഹിത് ശർമയോടും എല്ലാവരും തന്നെ സംസാരിച്ചു കഴിഞ്ഞു. നിങ്ങളിൽ നിന്ന് അവരെല്ലാം പ്രത്യേകതയുള്ള ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്.”- കോഹ്ലി പറഞ്ഞു.
“ഇന്ത്യയുടെ ഒരു മാച്ച് വിന്നറായി മാറാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. നിങ്ങൾ വലിയ വിശ്വാസമുള്ള താരമാണ് എന്നെനിക്കറിയാം. ഇപ്പോൾ കുറച്ചുകാലമായി നിങ്ങളെ എനിക്ക് അറിയാം. ഞങ്ങളെല്ലാവരും നിങ്ങളിൽ വിശ്വാസം അർപ്പിക്കുന്നു. ഇന്ത്യ 0-1 എന്ന നിലയിൽ പിന്നിൽ നിൽക്കുന്ന സമയം തന്നെയാണ് നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടക്കം കുറിക്കാൻ ഉത്തമം. ബാറ്റിംഗിൽ മാത്രമല്ല ബോളിങ്ങിലും ഫീൽഡിങ്ങിലും നിങ്ങൾക്ക് കൃത്യമായി ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.”- കോഹ്ലി കൂട്ടിച്ചേർത്തു.
എന്തായാലും തരക്കേടില്ലാത്ത തുടക്കം തന്നെയാണ് റിയാൻ പരഗിന് തന്റെ അന്താരാഷ്ട്ര കരിയറിൽ ലഭിച്ചിരിക്കുന്നത്. ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം പുറത്തെടുത്തായിരുന്നു പരഗ് ഇന്ത്യൻ ടീമിലേക്ക് കാലെടുത്തു വെച്ചത്. സഞ്ജു നായകനായ രാജസ്ഥാൻ ടീമിനായി മികച്ച പ്രകടനം തന്നെയാണ് കഴിഞ്ഞ സീസണുകളിൽ പരാഗ് കാഴ്ചവച്ചത്. ആദ്യ സീസണുകളിൽ പരാഗിന് വലിയ ഇന്നിംഗ്സുകൾ കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ശേഷം 2024 ഐപിഎൽ സീസണിൽ രാജസ്ഥാൻ പരാഗിനെ നാലാം നമ്പറിൽ പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്തു.