ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ 2024 ഐപിഎൽ സീസണിലെ നായകനായി യുവതാരം ഋതുരാജ് ഗെയ്ക്വാഡിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വളരെക്കാലമായി മഹേന്ദ്ര സിംഗ് ധോണി കാത്തുസൂക്ഷിച്ചിരുന്ന ചെന്നൈയുടെ നായക പദവി ഇപ്പോൾ യുവതാരത്തിന് കൈമാറിയിരിക്കുകയാണ്.
ഇതോടുകൂടി വലിയ രീതിയിലുള്ള പ്രശംസകളാണ് ഋതുരാജിനെ തേടിയെത്തുന്നത്. ഋതുരാജിന്റെ ക്രിക്കറ്റ് ജീവിതത്തിലെ തന്നെ വളരെ വലിയൊരു വഴിത്തിരിവാണ് ചെന്നൈയുടെ നായക പദവി എന്ന് എക്സ്പേർട്ടുകൾ അടക്കം വിലയിരുത്തുകയുണ്ടായി. എന്നാൽ ഇതിന് മുൻപു തന്നെ തന്നെ നായകനാക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണി സൂചന നൽകിയതായി ഋതുരാജ് പറയുന്നു.
ഇത്തരത്തിൽ നായകസ്ഥാനം ഋതുരാജിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും, വലിയ ഒരു അത്ഭുതമായി കാണരുത് എന്നുമാണ് ധോണി താരത്തോട് പറഞ്ഞത്. മാത്രമല്ല പരിശീലന മത്സരങ്ങളിൽ മുന്നിൽ നിർത്തി ധോണി തന്ത്രങ്ങൾ മെനഞ്ഞിരുന്നു എന്നും ഋതു പറയുന്നു.
“ഇപ്പോൾ ഞാൻ യാതൊരു മാറ്റത്തിനും തയ്യാറാവുന്നില്ല. അതിനെപ്പറ്റി ചിന്തിക്കുന്നുമില്ല. കഴിഞ്ഞവർഷം തന്നെ മഹി ഭായി ഒരു സമയത്ത് എന്റെ കയ്യിൽ നായക സ്ഥാനം നൽകുമെന്ന സൂചന നൽകിയിരുന്നു. ‘നീ തയ്യാറായിരുന്നോളൂ. ഇത് ഒരിക്കലും ഒരു അത്ഭുതമായി കാണരുത്’ എന്നാണ് അദ്ദേഹം അന്ന് എനിക്ക് നൽകിയ സൂചന. അതുകൊണ്ടു തന്നെ പല സമയത്തും ഞങ്ങൾ ക്യാമ്പിലെത്തുന്ന സമയത്ത് അദ്ദേഹം പരിശീലന മത്സരങ്ങളിൽ എന്നെ കൂടുതൽ സജ്ജനക്കാൻ ശ്രമിച്ചിരുന്നു.”- ഋതുരാജ് പറയുന്നു.
മുൻപ് സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ ധോണി തന്റെ പുതിയ റോളിനെ പറ്റി സൂചന നൽകിയിരുന്നു. ഇതേപ്പറ്റിയും ഋതുരാജ് സംസാരിച്ചു. “മഹി ഭായി തന്റെ സോഷ്യൽ മീഡിയയിൽ പുതിയ റോളിനെ പറ്റി പോസ്റ്റിട്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ആ സമയത്ത് എല്ലാവരും എന്റെ നേരെ വരികയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. നീയാണോ ചെന്നൈയുടെ അടുത്ത നായകൻ എന്നാണ് എല്ലാവരും ചോദിച്ചത്. ഒരുപക്ഷേ അങ്ങനെ ആവാം, ആവാതിരിക്കാം എന്നാണ് ഞാൻ അന്ന് നൽകിയ ഉത്തരം.”- ഋതുരാജ് കൂട്ടിച്ചേർക്കുന്നു.
“അന്ന് മുതൽ എന്റെ മനസ്സിൽ നായക സ്ഥാനം ലഭിക്കുന്നതിനെപ്പറ്റി ഉണ്ടായിരുന്നു. പക്ഷേ ഒരു ആഴ്ചയ്ക്ക് ശേഷം അദ്ദേഹം എന്റെ അടുത്ത് വരികയും ഞങ്ങൾ ഇക്കാര്യം തീരുമാനിച്ചു എന്ന് ബോധിപ്പിക്കുകയും ചെയ്തു.”
“എന്തായാലും ഇപ്പോൾ കാര്യങ്ങൾ എന്റെ അടുത്ത് എത്തിയിരിക്കുകയാണ്. ഇനി അത് എങ്ങനെ മുൻപോട്ടു കൊണ്ടുപോകാം എന്നാണ് ഞാൻ ശ്രമിക്കുന്നത്.”- ഋതുരാജ് പറഞ്ഞു വയ്ക്കുന്നു. എന്തായാലും അനുഭവ സമ്പത്തുള്ള ഒരുപാട് താരങ്ങളുടെ ഒരു കൂട്ടായ്മ തന്നെയാണ് ഇത്തവണത്തെ ചെന്നൈ സൂപ്പർ കിംഗ്സ് ടീം.