നാണക്കേടിന്റെ “ഡക്ക്” റെക്കോർഡ് ഇനി സഞ്ജുവിന് സ്വന്തം. ഒരു വർഷം ഏറ്റവുമധികം ഡക്കുകൾ.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. രണ്ടാം ട്വന്റി20 മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായ സഞ്ജു, മൂന്നാം മത്സരത്തിൽ തിരിച്ചുവരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മൂന്നാം മത്സരത്തിൽ കേവലം 4 പന്തുകൾ നേരിട്ട സഞ്ജു സാംസൺ പൂജ്യനായി മടങ്ങുന്നതാണ് കണ്ടത്. ഇതോടെ സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനത്തെ സംബന്ധിച്ച് പോലും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. മാത്രമല്ല മത്സരത്തിൽ പൂജ്യനായി മടങ്ങിയതോടെ വളരെ മോശമായ ഒരു റെക്കോർഡും തന്റെ പേരിൽ ചേർക്കാൻ സഞ്ജു സാംസണ് സാധിച്ചു.

ഒരു കലണ്ടർ വർഷം ഏറ്റവുമധികം തവണ പൂജ്യനായി മടങ്ങുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡിൽ ഒന്നാം സ്ഥാനത്ത് എത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. 2024ൽ ഇത് മൂന്നാം തവണയാണ് സഞ്ജു സാംസൺ പൂജ്യനായി മടങ്ങുന്നത്. മുൻപ് ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും സഞ്ജു പൂജ്യനായി മടങ്ങിയിരുന്നു. ഇതുവരെ ഈ വർഷം 5 ഇന്നിംഗ്സുകൾ ഇന്ത്യക്കായി കളിച്ച സഞ്ജു സാംസൺ 3 മത്സരങ്ങളിലും പൂജ്യനായി മടങ്ങുകയാണ് ഉണ്ടായത്. ഇതോടെയാണ് ഇത്തരമൊരു മോശം റെക്കോർഡ് സഞ്ജുവിന്റെ പേരിൽ എത്തിയത്. ഒരു കലണ്ടർ വർഷം 3 തവണ പൂജ്യനായി മടങ്ങുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു സാംസൺ.

വിരാട് കോഹ്ലി, യൂസഫ് പത്താൻ, രോഹിത് ശർമ എന്നിവരാണ് ഈ ലിസ്റ്റിൽ സഞ്ജുവിന് ഒപ്പം ഇടം പിടിച്ചിരിക്കുന്നത്. 2009ൽ ആയിരുന്നു യൂസഫ് പത്താൻ ഒരു കലണ്ടർ വർഷം 3 തവണ പൂജ്യനായി മടങ്ങിയത്. ശേഷം 2018ലും 2022ലും രോഹിത് ശർമ 3 തവണ ഡക്കായി പുറത്തായി. 2024 ലാണ് വിരാട് കോഹ്ലി 3 ഇന്നിംഗ്സുകളിൽ പൂജ്യനായി മടങ്ങിയത്. ഇതിന് ശേഷമാണ് സഞ്ജു സാംസൺ ഇപ്പോൾ ഈ റെക്കോർഡിനൊപ്പം എത്തിയിരിക്കുന്നത്. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വളരെ നാണക്കേട് ഉണ്ടാക്കുന്ന റെക്കോർഡ് തന്നെയാണിത്.

ശ്രീലങ്കയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിൽ വളരെ ആവേശകരമായ വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ എല്ലാ തരത്തിലും പരാജയം മുന്നിൽകണ്ട ഇന്ത്യ ശക്തമായ രീതിയിൽ തിരിച്ചുവരവ് നടത്തുകയായിരുന്നു. സൂര്യകുമാർ യാദവ്, റിങ്കു സിംഗ് തുടങ്ങിയ പാർട്ട് ടൈം ബൗളർമാരുടെ അവസാന ഓവറിലെ അത്യുഗ്രൻ പ്രകടനങ്ങളാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. അവസാന 2 ഓവറുകളിൽ ശ്രീലങ്കയ്ക്ക് വിജയിക്കാൻ 9 റൺസ് മാത്രമായിരുന്നു ആവശ്യം. എന്നാൽ ഇരു ബോളർമാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ മത്സരം സമനിലയിൽ അവസാനിക്കുകയും, സൂപ്പർ ഓവറിൽ ഇന്ത്യ വിജയം നേടുകയും ചെയ്തു.

Previous articleജയിപ്പിക്കാന്‍ ക്യാപ്റ്റന്‍ തന്നെ മുന്നിട്ടിറങ്ങി. ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം.
Next articleഅവസാന ഓവറെറിഞ്ഞ എനിക്കല്ല, ക്രെഡിറ്റ്‌ നൽകേണ്ടത് ബാറ്റർമാർക്ക്. സൂര്യകുമാർ