ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും തമ്മിൽ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തക്കായി ഓപ്പണർമാരായ ഫിൽ സോൾട്ടും സുനിൽ നരെയ്നും തട്ടുപൊളിപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. സോൾട്ട് 37 പന്തുകളിൽ 75 റൺസ് നേടിയപ്പോൾ, നരെയ്ൻ 32 പന്തുകളിൽ 71 റൺസാണ് നേടിയത്.
പിന്നീടെത്തിയ റസലും ശ്രേയസ് അയ്യരുമൊക്കെ വെടിക്കെട്ട് തീർത്തപ്പോൾ കൊൽക്കത്ത 261 എന്ന ചരിത്ര സ്കോറിൽ എത്തുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ പഞ്ചാബ് അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുന്നതാണ് കാണാൻ സാധിച്ചത്. 20 പന്തുകളിൽ 54 റൺസ് നേടിയ പ്രഭസിംറാനാണ് പഞ്ചാബിനായി ആക്രമണം ആരംഭിച്ചത്.
ശേഷം ജോണി ബെയർസ്റ്റോയുടെ ആക്രമണവും കാണാൻ സാധിച്ചു. മത്സരത്തിൽ 48 പന്തുകളിൽ 8 ബൗണ്ടറികളും 9 സിക്സറുകളുമടക്കം 108 റൺസാണ് ബെയർസ്റ്റോ നേടിയത്. അവസാന ഓവറുകളിൽ വമ്പൻ വെടിക്കെട്ടുമായി ശശാങ്ക് സിങ് കൂടി കളം നിറഞ്ഞതോടെ പഞ്ചാബ് 8 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. 28 പന്തുകളിൽ 2 ബൗണ്ടറികളും 8 സിക്സറുകളും അടക്കമാണ് ശശാങ്ക് 68 റൺസ് നേടിയത്. മത്സരത്തിലെ തന്റെ ഇന്നിംഗ്സിനെ പറ്റി ശശാങ്ക് സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ സുനിൽ നരെയ്നെതിരെ വളരെ കരുതലോടെ കളിച്ച് മറ്റു ബോളർമാരെ ആക്രമിക്കാനാണ് താൻ ശ്രമിച്ചത് എന്ന് ശശാങ്ക് സിങ് പറയുകയുണ്ടായി. ഡഗൗട്ടിലുള്ള സമയത്ത് താൻ പിച്ചിന്റെ പെരുമാറ്റം താൻ നന്നായി വീക്ഷിച്ചിരുന്നുവെന്നും, പന്ത് കൃത്യമായി ബാറ്റിലേക്ക് എത്തുന്നുണ്ട് എന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്നും ശശാങ്ക് പറഞ്ഞു. ഒപ്പം മൈതാനത്ത് ബെയർസ്റ്റോ നൽകിയ പിന്തുണയും തനിക്ക് ഈ മികച്ച ഇന്നിംഗ്സ് കളിക്കാൻ വളരെ സഹായകരമായി മാറി എന്ന് ശശാങ്ക് കൂട്ടിച്ചേർത്തു.
“ഞാൻ ഡഗൗട്ടിൽ ഉണ്ടായിരുന്ന സമയത്ത് പിച്ചിന്റെ പെരുമാറ്റം വളരെ നന്നായി ശ്രദ്ധിച്ചിരുന്നു. പന്തിന് നല്ല ബൗൺസ് ലഭിക്കുന്നതായും കൃത്യമായി ബാറ്റിലേക്ക് എത്തുന്നതായും എനിക്ക് തോന്നിയിരുന്നു. നരെയ്നെതിരെ സിംഗിളുകളും ഡബിളുകളും സ്വന്തമാക്കി മറ്റു ബോളർമാർക്ക് എതിരെ ആക്രമണം അഴിച്ചുവിടാനാണ് ഞാൻ ശ്രമിച്ചത്. നരെയ്നെ പൂർണമായും മത്സരത്തിന് പുറത്താക്കുക എന്ന ലക്ഷ്യവും എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ കോച്ച് ബേയ്ലിസ് എനിക്ക് അതിനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു. ഞാൻ കളിക്കുന്ന രീതിയിൽ തന്നെ മുന്നോട്ടുപോകാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്.”- ശശാങ്ക് പറയുന്നു.
“മൈതാനത്ത് ജോണി ബെയർസ്റ്റോയിൽ നിന്നുണ്ടായ പിന്തുണയാണ് എനിക്ക് വലിയ പോസിറ്റീവായി മാറിയത്. എതിർ ക്രിസിൽ നിന്ന് അദ്ദേഹം ഒരുപാട് പിന്തുണ നൽകി. 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹത്തെപ്പോലെ ഒരു താരം നമ്മളെ പ്രശംസിക്കുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നും. ഇനിയും ഞങ്ങൾക്ക് 5 മത്സരങ്ങൾ കൂടി ഈ സീസണിൽ അവശേഷിക്കുന്നുണ്ട്. ഒരു സമയത്ത് ഒരു മത്സരം എന്ന നിലയിലാണ് ഞങ്ങൾ കാര്യങ്ങൾ നോക്കിക്കാണുന്നത്. ഞങ്ങൾക്ക് പ്ലെയോഫിൽ യോഗ്യത നേടാൻ സാധിക്കുമെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്.”- ശശാങ്ക് സിങ്ങ് കൂട്ടിച്ചേർത്തു.