“നമ്മുടെ ശക്തിയിൽ വിശ്വസിക്കുക, എതിർടീമിന്റെ ശക്തിയിൽ ഭയക്കരുത് “- ഇന്ത്യൻ ടീമിന് യുവിയുടെ ഉപദേശം.

വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിനായി ഇന്ത്യൻ ടീം പുറപ്പെട്ടിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യക്കായും ഐപിഎല്ലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങളാണ് ഇന്ത്യൻ നിരയിൽ അണിനിരക്കുന്നത്.

യുവ താരങ്ങളും പരിചയസമ്പന്നരും അടങ്ങിയ മികച്ച ഒരു സ്ക്വാഡ് തന്നെ ഇത്തവണ ഇന്ത്യയ്ക്കുണ്ട്. പലരും ഇതിനോടകം തന്നെ ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന്റെ ഫേവറേറ്റുകളാണ് എന്ന് പ്രഖ്യാപിക്കുകയും ഉണ്ടായി. എന്നാൽ നിലവിലെ ഇന്ത്യൻ ടീമിന് വലിയ ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഇന്ത്യ പൂർണ്ണമായും തങ്ങളുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കണം എന്നാണ് യുവരാജ് പറയുന്നത്.

താരങ്ങൾ അവരുടേതായ കാര്യത്തിൽ ശ്രദ്ധിക്കണമെന്നും, എതിർ ടീമുകൾ എങ്ങനെ ഭീഷണി സൃഷ്ടിക്കുമെന്നോർത്ത് ബുദ്ധിമുട്ടേണ്ടതില്ല എന്നും യുവരാജ് പറയുകയുണ്ടായി. “2007ൽ സെമിഫൈനലിൽ നിന്ന് യോഗ്യത നേടി ഫൈനലിലെത്തി കിരീടം സ്വന്തമാക്കാൻ നമുക്ക് സാധിച്ചിരുന്നു. അതിനാൽ ഇത് സമയത്തിന്റെ കാര്യം മാത്രമാണ്.”

“വലിയ ടൂർണമെന്റുകളിൽ വിജയിക്കാൻ നമുക്ക് നമ്മെ തന്നെ ഒരു വിശ്വാസം വേണം. ഇന്ത്യ ഇത്തരത്തിൽ സ്വയം വിശ്വസിക്കുകയും, തങ്ങളുടെ ശക്തിയ്ക്ക് പിന്തുണ നൽകി മുന്നോട്ടു വരികയും ചെയ്യുകയാണെങ്കിൽ, ഇന്ത്യയ്ക്ക് ടൂർണമെന്റിൽ കിരീടം സ്വന്തമാക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. ആ വിശ്വാസത്തിലാണ് ഞാൻ ഉറച്ചു നിൽക്കുന്നത്.”- യുവരാജ് പറഞ്ഞു.

“ഇത്തരത്തിലുള്ള വിശ്വാസമാണ് 2007 ലോകകപ്പിൽ നമ്മൾ വിജയിക്കാനുള്ള കാരണം എന്ന് ഞാൻ കരുതുന്നു. ഏതൊക്കെ കാര്യങ്ങളിലാണ് നമ്മൾ മികച്ചു നിൽക്കുന്നത് എന്നതിലാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധ നൽകിയത്. എതിർ ടീമുകൾ ഏതുതരത്തിൽ നമ്മളെ കുഴപ്പത്തിലാകും എന്ന് ചിന്തിക്കുന്നതിനേക്കാൾ ഒരുപാട് മെച്ചം നമ്മുടെ ശക്തിയിൽ വിശ്വസിക്കുന്നതാണ്. നമ്മുടെ ടീമിൽ ഒരുപാട് മാച്ച് വിന്നർമാരുണ്ട്. ലോകകപ്പിനായി തയ്യാറാവാൻ വലിയ അവസരമാണ് ഐപിഎല്ലിലൂടെ നമുക്ക് ലഭിക്കുന്നത്. ലോകകപ്പ് ഒരു വലിയ ടൂർണമെന്റ് തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.”- യുവരാജ് കൂട്ടിച്ചേർത്തു.

“നമ്മെ സംബന്ധിച്ച് ഇന്ത്യ ഈ ലോകകപ്പിൽ വിജയം സ്വന്തമാക്കുകയാണെങ്കിൽ അത് വലിയൊരു നിമിഷം തന്നെയായിരിക്കും. ഇന്ത്യ ഒരു ഐസിസി കിരീടം സ്വന്തമാക്കിയിട്ട് കുറച്ചധികം കാലങ്ങളാകുന്നു. എന്തായാലും ഇത്തവണ ഇന്ത്യയ്ക്ക് അതിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ. ലോകകപ്പിന്റെ ഫൈനലിസ്റ്റുകൾ ഇന്ത്യയും വെസ്റ്റിൻഡീസുമാവും എന്നാണ് ഞാൻ കരുതുന്നത്. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത് പാക്കിസ്ഥാൻ ആയിരിക്കും. ഓസ്ട്രേലിയ സെമിയിലെത്തില്ല എന്ന് ഞാൻ കരുതുന്നു.”- യുവരാജ് പറഞ്ഞു വയ്ക്കുന്നു.

Previous articleന്യൂയോർക്ക് പിച്ചിൽ ട്വന്റി20 കളിക്കാൻ പറ്റില്ല. ബോളിംഗ് പിച്ചിനെതിരെ രാഹുൽ ദ്രാവിഡ്‌ രംഗത്ത്..
Next articleസൂക്ഷിച്ചോ, ആ പേസർ ഇന്ത്യയ്ക്ക് പണി തരും.. മുന്നറിയിപ്പ് നൽകി ശ്രീശാന്ത്..