ചെന്നൈയ്ക്കെതിരായ മത്സരത്തിലെ ബാംഗ്ലൂരിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് യാഷ് ദയാലായിരുന്നു. മത്സരത്തിന്റെ അവസാന ഓവറിൽ 17 റൺസ് ആയിരുന്നു ചെന്നൈക്ക് പ്ലേയോഫിലെത്താൻ വേണ്ടിയിരുന്നത്. മാത്രമല്ല ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ഫിനിഷർ മഹേന്ദ്ര സിംഗ് ധോണിയാണ് ക്രീസിൽ ഉണ്ടായിരുന്നത്.
തന്റെ ആദ്യ ബോളിൽ ധോണി സിക്സർ നേടിയപ്പോൾ യാഷ് ദയാൽ തകരുകയുണ്ടായി. എന്നാൽ അടുത്ത പന്തിൽ ധോണിയെ പുറത്താക്കിയാണ് യാഷ് തിരികെയെത്തിയത്. ശേഷം കൃത്യമായി ചെന്നൈ ബാറ്റർമാരെ മെരുക്കിയെടുത്ത് മത്സരത്തിൽ ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കാൻ താരത്തിന് സാധിച്ചു. മത്സരത്തിൽ ഏറ്റവും നിർണായകമായി മാറിയത് മഹേന്ദ്ര സിംഗ് ധോണിയുടെ വിക്കറ്റായിരുന്നു എന്ന് ദയാൽ പറയുകയുണ്ടായി.
മത്സര ശേഷമുള്ള പത്രസമ്മേളനത്തിലാണ് ദയാൽ ഇക്കാര്യം സംസാരിച്ചത്. അവസാന ഓവറിലെ രണ്ടാം പന്തിൽ ധോണി പുറത്തായത് മത്സരം വലിയ രീതിയിൽ മാറ്റിമറിച്ചു എന്ന് ദയാൽ പറയുന്നു. അവസാന ഓവറിലെ തന്റെ ബുദ്ധിമുട്ടുകളെ പറ്റി ദയാൽ പറഞ്ഞു. “ഞാൻ വളരെ ഭയത്തോടെയാണ് അവസാന ഓവർ എറിഞ്ഞത്. ഓവറിൽ മികച്ച പന്തുകൾ എറിയുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എന്റെ സീനിയർ താരങ്ങളൊക്കെയും എനിക്ക് ചുറ്റും ഉണ്ടായിരുന്നു. അവർ മികച്ച പിന്തുണ എനിക്ക് നൽകി. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓവറാണ് ഞാൻ എറിയുന്നത് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. മത്സരത്തിൽ വഴിത്തിരിവായി മാറിയത് മഹേന്ദ്ര സിംഗ് ധോണിയുടെ വിക്കറ്റാണ് എന്ന് എനിക്ക് ഉറപ്പാണ്.”- ദയാൽ പറഞ്ഞു.
ഓവറിലെ ആദ്യ പന്തിൽ 110 മീറ്റർ സിക്സറാണ് ധോണി ദയാലിനെതിരെ നേടിയത്. ഈ സമയത്തെ തന്റെ മനോഭാവത്തെപ്പറ്റിയും ദയാൽ പറഞ്ഞു. “ആദ്യ പന്തിൽ ധോണി എനിക്കെതിരെ സിക്സർ നേടി. അപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് കഴിഞ്ഞ വർഷം റിങ്കൂ സിംഗിനെതിരെ എറിഞ്ഞ ഓവർ തന്നെയാണ്.
എന്നാൽ ഈ സീസണിൽ ഇതുവരെ നന്നായി പന്തറിയാൻ എനിക്ക് സാധിച്ചു. ഞാൻ അത് എന്നെ തന്നെ പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചു. മാത്രമല്ല സ്കോർ ബോർഡിലേക്ക് ശ്രദ്ധിക്കുക എന്നതിലുപരി നല്ല പന്തുകൾ എറിയാൻ ശ്രമിക്കുക എന്നതിനാണ് ഞാൻ കൂടുതലായി ശ്രദ്ധ നൽകിയത്.”- ദയാൽ കൂട്ടിച്ചേർത്തു.
ഫാഫ് ഡുപ്ലെസിയെയും വിരാട് കോഹ്ലിയെയും പോലെയുള്ള താരങ്ങൾ ടീമിന് എത്രമാത്രം നിർണായകമാണ് എന്നും താരം പറയുകയുണ്ടായി. ഒരു തരത്തിലും സമ്മർദ്ദം മറ്റുള്ള താരങ്ങളിലേക്ക് എത്താൻ ഇത്തരം സീനിയർ കളിക്കാർ സമ്മതിക്കാറില്ല എന്ന് ദയാൽ പറഞ്ഞു. “ഒരു അവിശ്വസനീയ നായകൻ തന്നെയാണ് ഫാഫ് ഡുപ്ലെസിസ്. ഫീൽഡിൽ ഒരുപാട് പോസിറ്റീവ് മനോഭാവം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അദ്ദേഹവും വിരാട് കോഹ്ലിയും ഒപ്പമുള്ളപ്പോൾ നമുക്ക് യാതൊരു തര സമ്മർദ്ദവും തോന്നില്ല.”- ദയാൽ പറഞ്ഞുവെക്കുന്നു