2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണത്തെ മെഗാ ലേലത്തിന് മുന്നോടിയായി ധോണിയെ നിലനിർത്തുകയാണ് ഉണ്ടായത്. എന്നിരുന്നാലും 43കാരനായ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കൃത്യമായ സമയത്ത് ക്രീസിലെത്താനും ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കുന്നില്ല. ബാംഗ്ലൂരിനെതിരായ ചെന്നൈയുടെ മത്സരത്തിൽ ഒൻപതാമനായി ആയിരുന്നു ധോണി ക്രീസിലെത്തിയത്. ഇത് ആരാധകരിൽ നിന്നും വലിയ വിമർശനം ഉണ്ടാകാൻ കാരണമായി. ഇതേ സംബന്ധിച്ചാണ് ചെന്നൈയുടെ പരിശീലകനായ സ്റ്റീഫൻ ഫ്ലമിങ് സംസാരിക്കുന്നത്.
ഇത്തരത്തിൽ ധോണി ബാറ്റിംഗ് ഓർഡറിൽ പിന്നിലേക്ക് പോകാൻ പ്രധാന കാരണം അദ്ദേഹത്തിന്റെ ഫിറ്റ്നസാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഫ്ലെമിങ്. ധോണിയുടെ കാൽമുട്ടിന് നിലവിൽ പ്രശ്നങ്ങളുണ്ടെന്നും അത് കണക്കിലെടുത്താണ് ധോണി മൈതാനത്ത് എത്താറുള്ളത് എന്നും ഫ്ലെമിങ് തുറന്നു പറയുന്നു. രാജസ്ഥാനെതിരായ ഐപിഎൽ മത്സരത്തിൽ 6 റൺസിന്റെ പരാജയം ചെന്നൈയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഫ്ലമിങ് ഇക്കാര്യം വ്യക്തമാക്കിയത്. കാൽമുട്ടിന് പരിക്കുള്ളതിനാൽ തന്നെ ധോണിയ്ക്ക് 10 ഓവറുകളോളം ബാറ്റിംഗിൽ തുടരാൻ സാധിക്കില്ല എന്നാണ് ഫ്ലെമിങ് വിശദീകരിച്ചത്.
ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോഴും മറ്റു താരങ്ങൾക്ക് വേണ്ട രീതിയിൽ അവസരങ്ങൾ നൽകാനും അവരെ പിന്തുണയ്ക്കാനും ധോണി തയ്യാറാവുന്നുണ്ട് എന്ന് ഫ്ലെമിങ് പറയുന്നു. “ഇത് സമയവുമായി ബന്ധപ്പെട്ട കാര്യമാണ്. ധോണിയ്ക്ക് അത് കൃത്യമായി തന്നെ അറിയാം. ധോണിയുടെ കാൽമുട്ട് പഴയതുപോലെയല്ല ഇപ്പോൾ ഉള്ളത്. മൈതാനത്ത് അവൻ ചലിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നിരുന്നാലും ഫിറ്റ്നസ്സിൽ അവന് ഇനിയും പ്രശ്നങ്ങൾ നിലനിൽക്കുന്നു. അതുകൊണ്ടു തന്നെ 10 ഓവറുകളോളം ബാറ്റ് ചെയ്യാൻ ധോണിയ്ക്ക് സാധിക്കില്ല. ഈ മാനദണ്ഡങ്ങളൊക്കെയും പരിശോധിച്ച ശേഷമാണ് ഇത്തരം ഒരു പൊസിഷൻ ധോണിയ്ക്ക് നൽകുന്നത്. ഇന്നത്തെ പോലെ മത്സരം ബാലൻസായി നിൽക്കുകയാണെങ്കിൽ ബാറ്റിംഗ് ഓർഡറിൽ നേരത്തെ എത്താൻ ധോണിയ്ക്ക് കഴിയും. മാത്രമല്ല പ്രധാനമായും മറ്റു താരങ്ങളെ പിന്തുണയ്ക്കാനും അവർക്ക് അവസരങ്ങൾ നൽകാനുമാവും ധോണി ശ്രമിക്കുന്നത്.”- ഫ്ലെമിംഗ് പറഞ്ഞു.
ബാറ്റിംഗിൽ നിശ്ചിതമായ സേവനം മാത്രമാണ് ധോണിയിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിന് ലഭിക്കുന്നത്. എന്നിരുന്നാലും ചെന്നൈയെ സംബന്ധിച്ച് ധോണി വിലപ്പെട്ട താരം തന്നെയാണ് എന്ന് ഫ്ലെമിങ് തുറന്നു പറയുകയുണ്ടായി. “കഴിഞ്ഞ വർഷവും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഒരുപാട് മൂല്യമുള്ള ഒരു താരമാണ് ധോണി. നേതൃത്വത്തിലും വിക്കറ്റ് കീപ്പിങ്ങിലും ധോണി ഒരു അവിശ്വസനീയ കളിക്കാരനാണ്. ഒരു മത്സരത്തിന്റെ 13-14 ഓവറുകൾക്ക് ശേഷമുള്ള സാഹചര്യമാണ് ധോണിയുടെ ബാറ്റിംഗ് പൊസിഷൻ നിർണയിക്കുന്നത്.”- ഫ്ലെമിങ് കൂട്ടിച്ചേർത്തു.