മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കിടിലൻ ബാറ്റിംഗ് പ്രകടനമായിരുന്നു മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെച്ചത്. മത്സരത്തിൽ ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവറിലാണ് ധോണി ക്രീസിലെത്തിയത്. അവസാന ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യക്കെതിരെ തുടർച്ചയായി 3 സിക്സറുകൾ നേടിയാണ് ധോണി കളം നിറഞ്ഞത്.
സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആരാധകരെയും ആവേശത്തിലാഴ്ത്തിയാണ് ധോണിയുടെ ഈ വെടിക്കെട്ട് പിറന്നത്. നേരിട്ട 4 പന്തുകളിലും മൂന്നെണ്ണത്തിലും സിക്സർ നേടിയാണ് ധോണി തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. എന്നാൽ ധോണിക്കെതിരെ ഹർദിക് പാണ്ട്യയെറിഞ്ഞ 3 ബോളുകളെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.
ധോണിയ്ക്കെതിരെ വളരെ മോശം ബോളിംഗ് പ്രകടനമാണ് ഹർദിക് പാണ്ട്യ കാഴ്ചവച്ചത് എന്ന് ഗവാസ്കർ പറയുന്നു. പാണ്ഡ്യ ധോണിക്കെതിരെ മനപൂർവ്വം ഇത്തരം മോശം പന്തുകൾ എറിഞ്ഞതാണോ എന്നുപോലും താൻ സംശയിക്കുന്നു എന്നാണ് ഗവാസ്കർ മത്സരത്തിന് ശേഷം പറഞ്ഞത്.
ഏറെക്കാലം ക്രിക്കറ്റ് കണ്ട ആളാണ് താനെന്നും, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ ധോണിക്കെതിരെ പാണ്ഡ്യ കാഴ്ചവച്ചത് എന്നും ഗവാസ്കർ പറഞ്ഞു. ഇത്തരത്തിലുള്ള ബോളിംഗ് പ്രകടനം ഹർദിക് പാണ്ഡ്യയിൽ നിന്നുണ്ടാകുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി.
“ഏറെക്കാലമായി ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ ധോണിയ്ക്കെതിരെ പാണ്ഡ്യ കാഴ്ചവച്ചത്. ധോണിയോടുള്ള ബഹുമാനപൂർവ്വം പാണ്ഡ്യയെറിഞ്ഞ പന്താണോ ഇതെന്നുപോലും തോന്നിപ്പോയി. അദ്ദേഹത്തിന് സിക്സർ അടിക്കാൻ പാകത്തിനുള്ള പന്തുകൾ ഞാൻ എറിയണമെന്ന വികാരം ഹർദിക്കിലുണ്ടായിരുന്നോ എന്ന് പോലും സംശയിച്ചു പോകുന്നു.”
“ആദ്യത്തെ സിക്സർ ഞാൻ അംഗീകരിക്കുന്നു. എന്നാൽ അടുത്ത പന്തിൽ ഒരു ലെങ്ത് ബോളാണ് ഹർദിക് എറിഞ്ഞത്. അത്തരം സാഹചര്യത്തിൽ ലെങ്‌ത് പന്തുകൾക്കായാണ് ബാറ്റർമാർ കാത്തിരിക്കുന്നത്. തൊട്ടടുത്ത പന്തിൽ ധോണിയുടെ ലെഗ് സൈഡിൽ ഒരു ഫുൾ ടോസാണ് പാണ്ഡ്യ എറിഞ്ഞത്. ധോണിയ്ക്ക് സിക്സർ അടിക്കാൻ പാകത്തിന് പാണ്ഡ്യ പന്തെറിഞ്ഞ് കൊടുത്തത് പോലെ തോന്നി. വളരെ മോശം ബോളിംഗ് എന്നല്ലാതെ ഇതിനെ പറയാനാവില്ല. വളരെ മോശം ക്യാപ്റ്റൻസിയും.”- ഗവാസ്കർ പറഞ്ഞു.
“ധോണിയുടെ ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ചെന്നൈയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. 4 പന്തുകൾ നേരിട്ട ധോണി മത്സരത്തിൽ 20 റൺസ് നേടി. ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിൽ വിജയം നേടിയതും ഈ 20 റൺസിനായിരുന്നു. എന്തായാലും ഹർദിക് പാണ്ഡ്യയെ സംബന്ധിച്ച് വളരെ മോശം അവസ്ഥയിലൂടെയാണ് നിലവിൽ കടന്നു പോയിരിക്കുന്നത്.”
“രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസ് നായകനായി എത്തിയത് മുതൽ ഹർദിക്കിനെ പൂർണമായും ശനിദശ ബാധിച്ചിരിക്കുകയാണ്. ആരാധകർക്കിടയിൽ നിന്ന് പോലും ഹർദിക്കിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.