ധോണിയ്ക്ക് പകരക്കാരനാവാൻ റിഷഭ് പന്തിന് മാത്രമേ പറ്റൂ. ശ്രീശാന്ത് തുറന്ന് പറയുന്നു.

GPU8uCzbIAAJENr scaled

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ 6 റൺസിന്റെ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത് ഋഷഭ് പന്തായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ബാറ്റർമാരൊക്കെയും പതറുകയുണ്ടായി.

ദുർഘടമായ ന്യൂയോർക്ക് പിച്ചിൽ പന്ത് മാത്രമാണ് അല്പസമയമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. 31 പന്തുകൾ മത്സരത്തിൽ നേരിട്ട് ഋഷഭ് പന്ത് 42 റൺസ് നേടി. 6 ബൗണ്ടറികൾ ഉൾപ്പെട്ടതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. 135.48 സ്ട്രൈക്ക് റേറ്റിലാണ് പന്ത് ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. ഇത് ഇന്ത്യയുടെ വിജയത്തിന് നിർണായകമാവുകയും ചെയ്തു. ഇതിന് ശേഷം പന്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്.

സ്റ്റാർ സ്പോർട്സിൽ നടന്ന ചർച്ചയിൽ പന്തിനെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ടാണ് ശ്രീശാന്ത് സംസാരിച്ചത്. ഇന്ത്യയുടെ മുൻ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന മഹേന്ദ്ര സിംഗ് ധോണിയെ പന്തുമായി താരതമ്യം ചെയ്തായിരുന്നു ശ്രീശാന്ത് സംസാരിച്ചത്. ആർക്കെങ്കിലും ധോണിക്ക് പകരമാവാൻ സാധിക്കുമെങ്കിൽ അത് പന്തീന് മാത്രമായിരിക്കും എന്നാണ് ശ്രീശാന്ത് ചർച്ചയിൽ പറഞ്ഞത്. ശ്രീശാന്തിന്റെ ഈ വാക്യങ്ങൾ വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. “മഹി ഭായിക്ക് പകരക്കാരനായി ആർക്കെങ്കിലും വരാൻ കഴിയുമെങ്കിൽ അത് റിഷഭ് പന്തിനായിരിക്കും. ഹർദിക് പാണ്ഡ്യക്കൊപ്പം പന്ത് ഇന്ത്യയെ നയിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.”- ശ്രീശാന്ത് പറഞ്ഞു.

Read Also -  അന്ന് എന്നെ ഇതേ ആളുകൾ കളിയാക്കി. ഇന്ന് ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ബുമ്രയുടെ വാക്കുകൾ

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിന് ശേഷമായിരുന്നു ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് പന്തിനെ ഉൾപ്പെടുത്തിയത്. പരിശീലന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത പന്ത് ഇന്ത്യൻ ടീമിലെ മൂന്നാം നമ്പർ സ്ഥാനം ഉറപ്പിക്കുകയാണ് ഉണ്ടായത്.

അയർലണ്ടിനെതിരായ മത്സരത്തിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ പന്തിന് സാധിച്ചിരുന്നു. മത്സരത്തിൽ 26 പന്തുകളിൽ 36 റൺസ് നേടി പന്ത് ഇന്ത്യയുടെ വിജയത്തിൽ പ്രധാന സാന്നിധ്യമായി. പിന്നീടാണ് പാകിസ്ഥാനെതിരായ മത്സരത്തിലും പന്ത് മികച്ച പ്രകടനം പുറത്തെടുത്തത്. ഇതോടെ പന്തിനെ ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് ആദ്യ 2 മത്സരങ്ങളിലെ വിജയവും വളരെ നിർണായകമായിരുന്നു. നിലവിൽ ലോകകപ്പിന്റെ എ ഗ്രൂപ്പിൽ ആദ്യ സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നാളെ അമേരിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് സ്റ്റേജിലെ മൂന്നാം മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ ഇന്ത്യക്ക് സൂപ്പർ 8 ഉറപ്പിക്കാൻ സാധിക്കും. അതേസമയം ലോക ക്രിക്കറ്റിനെ ഞെട്ടിച്ചു കൊണ്ടാണ് അമേരിക്ക ഇപ്പോൾ മുന്നേറുന്നത്. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെതിരെ തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ച് വിജയം സ്വന്തമാക്കാൻ അമേരിക്കയ്ക്ക് സാധിച്ചിരുന്നു. അതിനാൽ അമേരിക്കയെ ഒരിക്കലും വിലകുറച്ചു കാണാൻ സാധിക്കുന്ന ടീമല്ല.

Scroll to Top