ധോണിയ്ക്ക് പകരക്കാരനായി റിഷഭ് പന്ത് ചെന്നൈയിലേക്ക്.. ധോണിയും പന്തും തമ്മിലുള്ള കെമിസ്ട്രി ഇതിന് സൂചനയെന്ന് മുൻ താരം.

Pant and ponting delhi

2024 ഇന്ത്യൻ പ്രീമിയർ ലീഗോട് കൂടി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി വിരമിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതിനാൽ തന്നെ ധോണിയ്ക്കൊരു പകരക്കാരനെ കണ്ടെത്തുക എന്നതാണ് ചെന്നൈയുടെ ശ്രമകരമായ ദൗത്യം. ഇന്ത്യൻ ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും ഏറ്റവും വലിയ വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള നായകനാണ് മഹേന്ദ്ര സിംഗ് ധോണി.

അതിനാൽ തന്നെ ധോണിക്ക് ഒരു പകരക്കാരൻ എന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ഇതിനായി വലിയൊരു ഓപ്ഷൻ തന്നെ മുൻപിലേക്ക് വെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത ഇപ്പോൾ. ധോണിക്ക് പകരക്കാരനായി റിഷഭ് പന്തിനെ ചെന്നൈ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തും എന്നാണ് ദീപ്ദാസ് ഗുപ്ത പറഞ്ഞിരിക്കുന്നത്.

ഡിസംബർ 2022ലുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ റിഷഭ് പന്ത് നിലവിൽ തിരിച്ചു വരവിന്റെ പാതയിലാണ്. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ് പന്തിന് പൂർണമായും നഷ്ടമായിരുന്നു. എന്നാൽ 2024 ഐപിഎല്ലിനായി പന്ത് കഠിനപ്രയത്നത്തിലാണ് എന്ന് ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഡയറക്ടറായ സൗരവ് ഗാംഗുലി പറയുകയുണ്ടായി.

2024 ഐപിഎല്ലിൽ പന്ത് കളിക്കുകയാണെങ്കിൽ അത് ഡൽഹിയെ സംബന്ധിച്ച് വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും. ശേഷം 2025ൽ ചെന്നൈ സൂപ്പർ കിംഗ്സ് പന്തിനെ കൂടെക്കൂട്ടും എന്നാണ് ഗുപ്ത കരുതുന്നത്. എന്തുകൊണ്ടും ധോണിക്ക് പകരം ചേർത്തുവയ്ക്കാൻ സാധിക്കുന്ന ഭാവി താരമാണ് പന്ത് എന്ന് ഗുപ്ത പറയുന്നു.

Read Also -  "കരിയറിൽ എന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ പേസറാണ് "- രോഹിത് ശർമ പറയുന്നു.

“2025 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് പന്തിനെ തങ്ങളുടെ ടീമിലെത്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ധോണിയും പന്തും വളരെ അടുപ്പമുള്ളവരാണ്. മാത്രമല്ല ധോണിയെ ഒരു ഗുരുവായാണ് പന്ത് കാണുന്നത്. ധോണിക്കും പന്തിനെ വലിയ ഇഷ്ടമാണ്. അവർ ഒരുപാട് സമയം ഒരുമിച്ച് ചിലവഴിക്കാറുണ്ട്. അവരുടെ അടുപ്പവും, റിഷഭ് പന്തിന്റെ ആലോചനകളും വളരെ സാമ്യതയുള്ളതാണ്.

മാത്രമല്ല പന്ത് വലിയ ആക്രമണപരമായും പോസിറ്റീവായും കളിക്കുന്ന ഒരു താരവുമാണ്. എല്ലായിപ്പോഴും മത്സരം വിജയിക്കുന്നതിനെ പറ്റിയാണ് പന്ത് ചിന്തിക്കുന്നത്. അതിനാൽ തന്നെ ചെന്നൈക്ക് ചേരുന്ന ഒരു ഓപ്ഷനാണ് പന്ത്.”- ദീപ്ദാസ് ഗുപ്ത പറയുന്നു.

നിലവിൽ കൊൽക്കത്തയിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ പരിശീലന ക്യാമ്പിൽ പന്ത് ജോയിൻ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ട്രെയിനിങ് സെഷനുകളിൽ പന്ത് ഇതുവരെ പങ്കെടുത്തിട്ടില്ല. പന്ത് 2024 ഐപിഎല്ലിലൂടെ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശത്ത് 42കാരനായ ധോണിക്ക് ഈ സീസണോടുകൂടി കളി നിർത്തേണ്ടി വരും എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ പന്ത് ചെന്നൈയ്ക്ക് ഒരുപാട് സാധ്യതകൾ നൽകുന്നുണ്ട്.

Scroll to Top