ധോണിയ്ക്ക് പകരം പന്ത് ചെന്നൈ ടീമിൽ, ബാംഗ്ലൂർ നായകനായി രാഹുൽ, മുംബൈ വിടാൻ രോഹിതും സൂര്യയും. 2025 ഐപിഎല്ലിൽ മാറ്റങ്ങൾ..

വമ്പൻ മാറ്റങ്ങളുമായി 2025 ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുന്നു. ഇതുവരെയുള്ള സീസണുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ചില മാറ്റങ്ങൾ 2025 സീസണിൽ ഉണ്ടാവും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പല വമ്പൻ താരങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസി വിട്ട് മറ്റ് ഫ്രാഞ്ചൈസികളിലേക്ക് ചേക്കേറുന്നതാണ് കാണുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ വളരെ മോശം പ്രകടനമായിരുന്നു മുംബൈ ഇന്ത്യൻസ് ടീം കാഴ്ചവെച്ചത്.

രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ട്യയെ നായകനാക്കിയതോടെ മുംബൈ പൂർണ്ണമായും തകരുകയുണ്ടായി. എന്നാൽ 2025 സീസണിൽ രോഹിത് ശർമയും സൂര്യകുമാർ യാദവും മുംബൈ വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിൽ ഈ താരങ്ങളെ സ്വന്തമാക്കാൻ ശ്രമം ആരംഭിക്കുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനൊപ്പം ഡൽഹിയുടെ താരമായിരുന്ന റിഷഭ് പന്ത് ടീം വിടുന്നതായും സൂചനകൾ പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ ലേലത്തിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്താനാവും പന്തിന്റെ ശ്രമം. നിലവിൽ ചെന്നൈയുടെ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണി 2025 സീസണിൽ കളിക്കാൻ സാധ്യതകളില്ല.

അതിനാൽ തന്നെ ധോണിക്ക് പകരക്കാരനായി പന്തിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചെന്നൈ. ഈ ലക്ഷ്യത്തോടെയാണ് പന്ത് ഡൽഹി ടീം വിടുന്നത് എന്നും സൂചനകൾ ലഭിക്കുന്നു. ഒപ്പം കഴിഞ്ഞ സീസണിൽ ഏറ്റവുമധികം സമ്മർദം നേരിട്ട നായകനായിരുന്നു ലക്നൗ താരം കെഎൽ രാഹുൽ. രാഹുൽ ഇത്തവണ ലക്നൗ ടീമിനൊപ്പം ഉണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ലക്നൗ ടീമിന്റെ ഓണർ സഞ്ജീവ് ഗോയങ്കയുമായി പലതവണ മൈതാനത്ത് രാഹുലിന് ഭാഗ്യകരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് രാഹുൽ ഫ്രാഞ്ചൈസി വിടാൻ തയ്യാറാവുന്നത്. ഈ സാഹചര്യത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം രാഹുലിനെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒപ്പം ടീമിന്റെ നായകസ്ഥാനം രാഹുലിനെ ഏൽപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ബാംഗ്ലൂർ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 3 സീസണുകളിൽ ഫാഫ് ഡുപ്ലസിസ് ആയിരുന്നു ബാംഗ്ലൂരിന്റെ നായകൻ. എന്നാൽ ടീമിന് കിരീടം നേടി കൊടുക്കാൻ ഫാഫിന് സാധിച്ചില്ല.

വരുന്ന സീസണിൽ ബാംഗ്ലൂർ ടീം കൂടുതലായും ഇന്ത്യൻ ബാറ്റർമാരിൽ ശ്രദ്ധകേന്ദ്രീകരിക്കും എന്നും സൂചനകൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ സീസണുകളിലൊക്കെയും വലിയ വിദേശ താരങ്ങളെ സ്വന്തമാക്കിയാണ് ബാംഗ്ലൂർ രംഗത്ത് എത്തിയത്. പക്ഷേ മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവം ബാംഗ്ലൂർ ടീമിൽ ഉണ്ടായിരുന്നു. ഇത്തവണ ബാംഗ്ലൂർ തങ്ങളുടെ തന്ത്രങ്ങൾ മാറ്റി പരീക്ഷിക്കുമെന്നും കൂടുതൽ താരങ്ങളെ ടീമിൽ എത്തിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല 2025 ഐപിഎല്ലിൽ ബാംഗ്ലൂർ ഡുപ്ലസിസിനെ തിരികെ ടീമിലെത്തിക്കില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.

Previous articleഗില്ലിനെയല്ല, മറ്റൊരു യുവതാരത്തെയാണ് ഇന്ത്യ നായകനായി വളർത്തികൊണ്ട് വരേണ്ടത്. അമിത് മിശ്ര പറയുന്നു.
Next articleജസ്പ്രീത് ബുമ്രയല്ല, ഇന്ത്യയുടെ ഒന്നാം നമ്പർ ബോളർ മറ്റൊരാൾ. മുഹമ്മദ്‌ ഷാമി