ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പരാജയം നേരിട്ടെങ്കിലും ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം മറക്കാൻ സാധിക്കാത്തതാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സൂര്യകുമാർ യാദവും റിങ്കൂ സിങും മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി. ഇരുവരും മത്സരത്തിൽ അർധസെഞ്ചുറികൾ നേടി. ഇതാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ശക്തമായ ഒരു സ്കോർ സമ്മാനിച്ചത്.
മത്സരത്തിൽ 36 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് 56 റൺസ് ആണ് സ്വന്തമാക്കിയത്. 5 ബൗണ്ടറികളും 3 സിക്സറുകളും സൂര്യയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തിലൂടെ ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കാനും സൂര്യകുമാർ യാദവിന് സാധിച്ചു.
ട്വന്റി20 യിൽ ഏറ്റവും വേഗതയിൽ 2000 റൺസ് പൂർത്തീകരിക്കുന്ന താരം എന്ന റെക്കോർഡാണ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പന്തുകളിൽ 2000 റൺസ് പൂർത്തീകരിച്ചാണ് സൂര്യകുമാർ യാദവ് ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്. 1164 പന്തുകളിൽ നിന്നാണ് സൂര്യകുമാർ യാദവ് തന്റെ ട്വന്റി20 കരിയറിൽ 2000 റൺസ് പൂർത്തീകരിച്ചത്. 1283 പന്തുകളിൽ നിന്ന് 2000 റൺസ് പൂർത്തീകരിച്ച ഓസ്ട്രേലിയൻ മുൻ നായകൻ ആരോൺ ഫിഞ്ചാണ് ഈ ലിസ്റ്റിൽ സൂര്യകുമാർ യാദവിന്റെ പിന്നിലായി ഉള്ളത്. ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ 1340 പന്തുകളിൽ നിന്നായിരുന്നു ട്വന്റി20 ക്രിക്കറ്റിൽ 2000 റൺസ് പൂർത്തീകരിച്ചത്. മാക്സ്വെല്ലാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.
തന്റെ ട്വന്റി20 കരിയറിൽ 1398 പന്തുകളിൽ നിന്ന് 2000 റൺസ് പൂർത്തീകരിച്ച ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ നാലാം സ്ഥാനത്ത് നിൽക്കുന്നു. 1415 പന്തുകളിൽ നിന്ന് 2000 റൺസ് പൂർത്തീകരിച്ച ഇന്ത്യൻ താരം കെഎൽ രാഹുൽ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. ഈ ലിസ്റ്റിലാണ് സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം കയ്യടക്കിയത്.
ട്വന്റി20 ക്രിക്കറ്റിൽ 291 പന്തുകൾ നേരിട്ടായിരുന്നു സൂര്യകുമാർ യാദവ് തന്റെ ആദ്യ 500 റൺസ് നേടിയത്. ശേഷം അടുത്ത 282 പന്തുകൾ നേരിട്ടപ്പോൾ നിന്ന് 1000 റൺസ് പൂർത്തീകരിക്കാനും സൂര്യകുമാറിന് സാധിച്ചു. 1000 റൺസിൽ നിന്ന് 1500 റൺസിലെത്താൻ സൂര്യയ്ക്ക് ആവശ്യമായി വന്നത് 270 പന്തുകളായിരുന്നു. 1500 നിന്ന് 2000ലെത്താൻ 321 പന്തുകൾ വേണ്ടിവന്നു.
മാത്രമല്ല മത്സരത്തിൽ മറ്റൊരു അത്ഭുത റെക്കോർഡും സ്വന്തമാക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചു. ദക്ഷിണാഫ്രിക്കയിൽ ട്വന്റി20യിൽ അർദ്ധ സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി സൂര്യകുമാർ മത്സരത്തിൽ മാറുകയുണ്ടായി. മത്സരത്തിലുടനീളം വളരെ പക്വതയാർന്ന പ്രകടനം തന്നെയാണ് സൂര്യകുമാർ കാഴ്ചവച്ചത്. ഒപ്പം ദക്ഷിണാഫ്രിക്കയിൽ ട്വന്റി20 ക്രിക്കറ്റിൽ ഉയർന്ന സ്കോർ സ്വന്തമാക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും സൂര്യകുമാർ നേടി
മഹേന്ദ്ര സിംഗ് ധോണിയെ മറികടന്നാണ് സൂര്യ ഈ റെക്കോർഡ് നേടിയത്. ഇന്ത്യ 6 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ പതറുന്ന സമയത്തായിരുന്നു സൂര്യകുമാർ ക്രീസിലേത്തിയത്. ശേഷം ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലാവാൻ സൂര്യയ്ക്ക് സാധിച്ചു. വരും മത്സരങ്ങളിലും സൂര്യ ഇത്തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.