പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. മത്സരത്തിൽ 28 റൺസിന്റെ വമ്പൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മത്സരത്തിൽ ചെന്നൈക്കായി ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തത് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ്. 43 റൺസും 3 വിക്കറ്റുകളുമാണ് ജഡേജ മത്സരത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരങ്ങളിൽ ദയനീയമായ പരാജയം നേരിട്ട ചെന്നൈ സൂപ്പർ കിംഗ്സിന്റെ വമ്പൻ തിരിച്ചുവരവ് കൂടിയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. മാത്രമല്ല ഈ വിജയത്തോടെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കാനും ചെന്നൈയ്ക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കമാണ് ചെന്നൈയ്ക്ക് ആദ്യ ഓവറുകളിൽ ലഭിച്ചത്. ഓപ്പണർ രഹാനെ(9) പതിവുപോലെ വലിയ സംഭാവന നൽകാതെ മടങ്ങി. ശേഷം മൂന്നാമനായി ക്രീസിലെത്തിയ ഡാരിൽ മിച്ചൽ ഋതുരാജിനൊപ്പം ക്രീസിൽ ഉറക്കുന്നതാണ് കണ്ടത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും ഉണ്ടായി. ഋതുരാജ് 32 റൺസും മിച്ചൽ 30 റൺസുമാണ് മത്സരത്തിൽ നേടിയത്. എന്നാൽ ഇതിന് ശേഷം ചെന്നൈ ബാറ്റിംഗ് നിര തകർന്നുവീഴുന്നതാണ് കാണാൻ സാധിച്ചത്. വലിയ പ്രതീക്ഷയായിരുന്ന ദുബെ പൂജ്യനായി മടങ്ങിയതോടെ ചെന്നൈ പതറി.
പിന്നീട് ജഡേജയാണ് ചെന്നൈയ്ക്കായി ക്രീസിലുറച്ചത്. അവസാന ഓവറുകളിൽ 11 പന്തുകളിൽ 17 റൺസ് നേടിയ താക്കൂർ മികവ് പുലർത്തിയപ്പോൾ ചെന്നൈ ഭേദപ്പെട്ട സ്കോറിലേക്ക് എത്തി. ജഡേജ മത്സരത്തിൽ 26 പന്തുകളിൽ 3 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 43 റൺസ് ആണ് നേടിയത്. ഇതോടെ ചെന്നൈയുടെ സ്കോർ 167 റൺസിൽ എത്തുകയായിരുന്നു. പഞ്ചാബിനായി രാഹുൽ ചഹറും ഹർഷൽ പട്ടേലും 3 വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിനെ തുടക്കത്തിൽ തന്നെ വിരട്ടാൻ ചെന്നൈയുടെ ബോളർമാർക്ക് സാധിച്ചു. തുഷാർ ദേശ്പാണ്ടെ തുടക്കത്തിൽ തന്നെ 2 വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
പിന്നീട് പ്രഭസിമ്രാനും ശശാങ്ക് സിംഗും ക്രീസിലൂറയ്ക്കാൻ ശ്രമിച്ചു. പക്ഷേ ചെന്നൈയുടെ സ്പിന്നർമാർ കളത്തിലെത്തിയതോടെ മത്സരം അവരുടെ വരുതിയിലേക്ക് ചലിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയും സിമർജീത് സിങും ചേർന്ന് മധ്യ ഓവറുകളിൽ പഞ്ചാബിനെ നന്നായി മെരുക്കി. ജഡേജ 4 ഓവറുകളിൽ കേവലം 20 റൺസ് മാത്രം വിട്ടുനൽകിയാണ് 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഒപ്പം മറ്റു ചെന്നൈ ബോളർമാരും മികവ് പുലർത്തിയപ്പോൾ പഞ്ചാബ് കേവലം 139 റൺസിൽ പുറത്താവുകയായിരുന്നു. ചെന്നൈയുടെ സീസണിലെ ആറാം വിജയമാണ് മത്സരത്തിൽ പിറന്നത്.