ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. വിവിധ ദിശകളിൽ നിന്ന് പല മുൻ ക്രിക്കറ്റർമാരെയും ഇന്ത്യൻ ടീമിന്റെ പരിശീലകരായി മാറ്റാൻ ബിസിസിഐ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് എത്താൻ വളരെ സാധ്യതയുള്ള രണ്ട് ഇന്ത്യൻ താരങ്ങൾ വിവിഎസ് ലക്ഷ്മണനും ഗൗതം ഗംഭീറും ആണ്.
ഇരു താരങ്ങളും രാഹുൽ ദ്രാവിഡിന് പകരം വയ്ക്കാൻ സാധിക്കുന്ന താരങ്ങളുമാണ്. മുൻപ് റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ, സ്റ്റീഫൻ ഫ്ലെമിങ് തുടങ്ങിയ താരങ്ങളെ ബിസിസിഐ സമീപിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് നിലവിൽ ഏറ്റവും മുൻപിലുള്ള താരം ഗൗതം ഗംഭീർ തന്നെയാണെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.
ഒരു പ്രമുഖ വാർത്താമാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ഗൗതം ഗംഭീർ ഇന്ത്യയുടെ ഹെഡ് കോച്ചായുള്ള ജോലി ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി ഈ സീസണിലാണ് ഗംഭീർ പ്രവർത്തനം ആരംഭിച്ചത്. അതിനാൽ തന്നെ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തുമ്പോൾ ഒരു കണ്ടീഷൻ ഗംഭീർ മുൻപിലേക്ക് വച്ചിട്ടുണ്ട്.
തന്നെ പരിശീലകനായി തിരഞ്ഞെടുക്കുമെന്ന് ഗ്യാരണ്ടി നൽകിയാൽ മാത്രമേ താൻ ആ സ്ഥാനത്തേക്കുള്ള അപേക്ഷ സമർപ്പിക്കു എന്ന് ഗംഭീർ പറഞ്ഞതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രസ്തുത പോസ്റ്റിലേക്ക് കേവലം ഒരു അപേക്ഷകനായി മാറാൻ മാത്രമായി തനിക്ക് സാധിക്കില്ല എന്നാണ് ഗംഭീറിന്റെ അഭിപ്രായം.
മെയ് 27നാണ് ഇന്ത്യയുടെ ഹെഡ് കോച്ച് റോളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി. ഇതുവരെയും ലോകത്തെമ്പാടുമുള്ള വലിയ പരിശീലകർ ആരുംതന്നെ ഈ പോസ്റ്റിലേക്ക് അപേക്ഷകൾ നൽകിയതായി സൂചനയില്ല. മാത്രമല്ല റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ തുടങ്ങിയ താരങ്ങളെ ബിസിസിഐ പരിശീലകർ പോസ്റ്റിലേക്ക് അങ്ങോട്ട് സമീപിച്ചിട്ടില്ല എന്നും ഇതിനോടകം തന്നെ വ്യക്തമായി കഴിഞ്ഞു. മുൻപ് ബിസിസിഐ തങ്ങളെ സമീപിച്ചിരുന്നു എന്ന് ഈ താരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു കാര്യം ഉണ്ടായിട്ടില്ല എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ അറിയിച്ചു കഴിഞ്ഞു.
ഗംഭീർ ഇന്ത്യയുടെ പരിശീലകനായി മാറിയാൽ കുറച്ചധികം മാറ്റങ്ങളാണ് ഇന്ത്യൻ പ്രീമിയർ ലീഗിലും ഉണ്ടാവാൻ പോകുന്നത്. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി ഗംഭീർ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ കോച്ച് ആയി മാറിയാൽ ആ സ്ഥാനം ഗംഭീർ രാജിവയ്ക്കേണ്ടി വരും. കൊൽക്കത്തയെ 2 തവണ ഐപിഎല്ലിൽ വിജയകിരീടം ചൂടിച്ച നായകനാണ് ഗൗതം ഗംഭീർ. മാത്രമല്ല 2024ൽ കൊൽക്കത്തയെ ഒരു മികച്ച തിരിച്ചു വരവിലൂടെ ഫൈനലിൽ എത്തിക്കാനും ഗംഭീറിന് സാധിച്ചിട്ടുണ്ട്.