രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ പരാജയമാണ് മുംബൈ ഇന്ത്യൻസ് നേരിട്ടത്. മത്സരത്തിൽ മുംബൈയുടെ പരാജയത്തിൽ പ്രധാന കാരണമായി മാറിയത് മുൻനിര ബാറ്റർമാരുടെ മോശം പ്രകടനമായിരുന്നു. രോഹിത് ശർമ, നമൻ ദിർ, ബ്രവിസ് എന്നിവർ മത്സരത്തിൽ പൂജ്യരായി മടങ്ങിയതോടെ മുംബൈ ബാറ്റിംഗ് ദുരന്തത്തിലേക്ക് നീങ്ങുകയായിരുന്നു.
മത്സരത്തിലെ രോഹിത് അടക്കമുള്ള ബാറ്റർമാരുടെ പ്രകടനത്തെ വിമർശിച്ചുകൊണ്ടാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. മത്സരത്തിൽ രോഹിത് ശർമ വളരെ ദുർബലമായ ഒരു ഷോട്ടാണ് കളിച്ചത് എന്ന് സുനിൽ ഗവാസ്കർ പറയുന്നു.
മാത്രമല്ല മുംബൈ ഇന്ത്യൻസ് ഈ ഐപിഎല്ലിൽ ഒരു ഗെയിം ചേഞ്ചറേ മിസ്സ് ചെയ്യുന്നുണ്ട് എന്നും ഗവാസ്ക്കർ കൂട്ടിച്ചേർക്കുകയുണ്ടായി. മത്സരത്തിന്റെ ആദ്യ ഓവറിൽ ബോൾട്ടിന്റെ പന്തലായിരുന്നു രോഹിത് ശർമയും നമൻ ദിറും കൂടാരം കയറിയത്. “ആ ബോൾ എറിയുമ്പോൾ ബോൾട്ടിന്റെ റിലീസ് ശ്രദ്ധിക്കേണ്ടതാണ്. അത് രോഹിത്തിന്റെ വിക്കറ്റാണ്. വ്യത്യസ്തമായ ഒരു പന്ത് തന്നെയാണ് ബോൾട്ട് എറിഞ്ഞത്.
വളരെ ദുർബലമായ രീതിയിലാണ് ബോളിനെതിരെ രോഹിത് ബാറ്റ് വെച്ചത്. തന്റെ ഉള്ളിലേക്ക് വന്ന പന്ത് അതിന്റെ ലൈൻ തന്നെ പാലിക്കും എന്ന് രോഹിത് കരുതി. ശേഷം ബോളിനെ രോഹിത് പിന്തുടരുകയും ചെയ്തു. എന്നാൽ പന്തിന് ലഭിച്ച മൂവ്മെന്റ് മൂലം അത് വിക്കറ്റായി മാറി. നമൻ ദിറിന്റെ കാര്യത്തിലും ഇതു തന്നെയാണ് ഉണ്ടായത്. അവന് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. പൂർണ്ണമായും തെറ്റായ ലൈനിലാണ് നമൻ കളിച്ചത്. അതിനാൽ തന്നെ പുറത്താവുകയും ചെയ്തു.”- ഗവാസ്കർ പറയുന്നു.
ഇതോടൊപ്പം മുംബൈ ടീമിൽ ഒരു ഗെയിം ചേഞ്ചറുടെ അഭാവം വലുതായുണ്ട് എന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി. സൂര്യകുമാർ യാദവിന്റെ അഭാവം മുംബൈയെ ബാധിക്കുന്നുണ്ട് എന്നാണ് രോഹിത് പറഞ്ഞത്. “മുംബൈ ഇന്ത്യൻസ് സൂര്യകുമാർ യാദവന്റെ അഭാവം നന്നായി അറിയുന്നുണ്ട്. മൂന്നാം നമ്പറിലാണ് സൂര്യകുമാർ ബാറ്റ് ചെയ്യുന്നത്. അവന് എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാൻ സാധിക്കും.
എന്നാൽ ഇപ്പോൾ അവൻ മത്സരത്തിൽ കളിക്കുന്നില്ല. എത്രയും പെട്ടെന്ന് അവൻ ഭേദമായി തിരികെ വരുമെന്നാണ് മുംബൈ ആരാധകരടക്കം പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ മത്സരത്തിൽ വലിയ വ്യത്യാസമുണ്ടാക്കാൻ അവനു സാധിക്കും. അവൻ ഒരു ഗെയിം ചേഞ്ചർ ആണ്.”- ഗവാസ്കർ കൂട്ടിച്ചേർത്തു.
മത്സരത്തിൽ പൂജ്യനായി പുറത്തായതോടുകൂടി രോഹിത് ശർമ ഒരു അനാവശ്യ റെക്കോർഡും തന്റെ പേരിൽ ചേർക്കുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം മത്സരങ്ങളിൽ പൂജ്യനായി പുറത്തായിട്ടുള്ള താരം എന്ന റെക്കോർഡ് ആണ് രോഹിത് തന്റെ പേരിൽ ചേർത്തത്.
ഇത് പതിനേഴാം തവണയാണ് രോഹിത് ഐപിഎല്ലിൽ പൂജ്യനായി പുറത്താവുന്നത്. ദിനേശ് കാർത്തിക്കിന്റെ റെക്കോർഡിനൊപ്പമെത്താൻ ഇതോടെ രോഹിത്തിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും വരും മത്സരത്തിൽ രോഹിത് ശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.