ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പര്യടനം ഞായറാഴ്ച ആരംഭിക്കുകയാണ്. 3 ട്വന്റി20 മത്സരങ്ങളും, 3 ഏകദിന മത്സരങ്ങളും, 2 ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പര്യടനമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ നടത്തുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു പര്യടനം കൂടിയാണ് വരുന്നത്. 3 പരമ്പരകൾക്കുമായി 3 നായകന്മാരും വ്യത്യസ്തമായ ടീമുമാണ് ഇന്ത്യക്കുള്ളത്.
എന്നാൽ ഈ പര്യടനത്തിൽ ദക്ഷിണാഫ്രിക്കയാണ് ഫേവറേറ്റുകൾ എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞിരിക്കുന്നത്. ഇരു ടീമുകളും പ്രബലരായതിനാൽ തന്നെ ഒരു പരമ്പരയിലും തൂത്തുവാരൽ ഉണ്ടാവില്ല എന്നും ആകാശ് ചോപ്ര പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് ആകാശ് ചോപ്ര ഈ അഭിപ്രായം മുൻപിലേക്ക് വച്ചത്.
ഇരു ടീമുകളും തങ്ങളുടെ ഏറ്റവും മികച്ച ടീമുമായല്ല മൈതാനത്ത് ഇറങ്ങുന്നത് എന്ന് ആകാശ് ചോപ്ര പറയുന്നു. എന്നിരുന്നാലും സാഹചര്യങ്ങൾ കൂടുതൽ അനുകൂലമായി വരിക ദക്ഷിണാഫ്രിക്കയ്ക്കാണ് എന്നാണ് ചോപ്രയുടെ വിലയിരുത്തൽ.
“പര്യടനത്തിൽ 3 പരമ്പരകളിലും ഒരു തൂത്തുവാരൽ ഞാൻ പ്രതീക്ഷിക്കുന്നില്ല. ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടീമല്ല ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയും ഏറ്റവും മികച്ച ടീമിനെയല്ല പരമ്പരയിൽ കളിപ്പിക്കുന്നത്. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ അവരെ കൂടുതൽ പിന്തുണയ്ക്കുമെന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല അവർക്ക് മികച്ച ഒരു ലോകകപ്പ് കാംപെയ്നും ഉണ്ടായിട്ടുണ്ട്.”- ചോപ്ര പറഞ്ഞു.
ദക്ഷിണാഫ്രിക്ക അവരുടെ മണ്ണിൽ എത്രമാത്രം ശക്തരാണ് എന്ന് ചോപ്ര വിലയിരുത്തുകയുണ്ടായി. ഇന്ത്യയെക്കാൾ കൂടുതൽ മത്സരങ്ങൾ ദക്ഷിണാഫ്രിക്ക ഈ പര്യടനത്തിൽ വിജയിക്കും എന്നാണ് ചോപ്രയുടെ അഭിപ്രായം. “എല്ലാ പരമ്പരകളിലും ദക്ഷിണാഫ്രിക്ക കുറച്ചധികം ഫേവറേറ്റുകളായാണ് എനിക്ക് തോന്നുന്നത്. ഒരുപക്ഷേ എന്റെ ധാരണ പൂർണമായും തെറ്റാവാം. അങ്ങനെ തെറ്റാവണം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി കുറച്ചധികം മത്സരങ്ങൾ മാറുന്നത് നമുക്ക് ഈ പരമ്പരയിൽ കാണാൻ സാധിക്കും. ഒരുപക്ഷേ ദക്ഷിണാഫ്രിക്ക 5 മത്സരങ്ങളിൽ വിജയം നേടുമ്പോൾ ഇന്ത്യയ്ക്ക് 3 മത്സരങ്ങളിൽ മാത്രമേ വിജയം നേടാൻ സാധിക്കുകയുള്ളൂ.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
ഇതിന് മുൻപ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ പര്യടനത്തിനായി എത്തിയപ്പോൾ പരാജയമായിരുന്നു ഫലം. ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ഇന്ത്യയ്ക്ക് അന്ന് നഷ്ടമായിരുന്നു. ഏകദിന പരമ്പര ഇന്ത്യക്കെതിരെ തൂത്തുവാരാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. അതേസമയം 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇത്തവണ ഇന്ത്യ 2 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്നത്.